ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 43ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ഗംഭീര തുടക്കം തന്നെ ഡല്‍ഹിക്ക് ലഭിച്ചു. ഓപ്പണര്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ വെടിക്കെട്ടാണ് ഡല്‍ഹിയില്‍ കണ്ടത്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് തുടങ്ങിയ താരം 27 പന്തില്‍ 84 റണ്‍സ് നേടിയാണ് പുറത്തായത്. 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് താരം നിറഞ്ഞാടിയത്.
മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെപ്പോലും കടന്നാക്രമിച്ചാണ് മഗ്യൂര്‍ക്ക് തകര്‍ത്തടിച്ചത്. യാതൊരു ഭയവുമില്ലാതെ കടന്നാക്രമിക്കുകയാണ് താരം ചെയ്തത്. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാവാതെ 92 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ഡല്‍ഹിക്കായി. വെറും 15 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം 15 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറിയിലേക്കെത്തുന്നത്.
ഒരു ഐപിഎല്‍ സീസണില്‍ 15 പന്തില്‍ നിന്ന് 2 തവണ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാന്‍ മഗ്യൂര്‍ക്കിനായി. ആദ്യ ഓവറില്‍ 19 റണ്‍സാണ് മഗ്യൂര്‍ക്ക് അടിച്ചെടുത്തത്. രണ്ടാം ഓവറില്‍ 18 റണ്‍സും മൂന്നാം ഓവറില്‍ 18 റണ്‍സും നാലാം ഓവറില്‍ 14 റണ്‍സും അഞ്ചാം ഓവറില്‍ 20 റണ്‍സുമാണ് ഡല്‍ഹി നേടിയത്. എന്നാല്‍ ആറാം ഓവറില്‍ 3 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. അല്ലായിരുന്നെങ്കില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ ഡല്‍ഹി 100 കടക്കുമായിരുന്നു.
22കാരനായ താരം ടി20 ലോകകപ്പില്‍ കളിച്ച് ഇതേ വെടിക്കെട്ട് നടത്തിയാല്‍ ഓസ്‌ട്രേലിയക്കത് വലിയ കരുത്താവും. ഈ സീസണില്‍ താരത്തിന്റെ മൂന്നാം ഫിഫ്റ്റിയാണിത്. ലഖ്‌നൗവിനെതിരേ 35 പന്തില്‍ 55, ഗുജറാത്തിനെതിരേ 10 പന്തില്‍ 20, ഹൈദരാബാദിനെതിരേ 18 പന്തില്‍ 65, ഗുജറാത്തിനെതിരേ 14 പന്തില്‍ 23, മുംബൈക്കെതിരേ 27 പന്തില്‍ 84 എന്നിങ്ങനെയാണ് ഈ സീസണിലെ മഗ്യൂര്‍ക്കിന്റെ ബാറ്റിങ്. 104 പന്ത് നേരിട്ട് 247 റണ്‍സാണ് താരം അടിച്ചെടുത്തത്.

49.40 ശരാശരിയും 237.50 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 22 ഫോറും സിക്‌സുമാണ് അദ്ദേഹം നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡ് മഗ്യൂര്‍ക്കിന്റെ പേരിലാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഡല്‍ഹി താരമായി മഗ്യൂര്‍ക്ക് മാറി. ഡല്‍ഹിയുടെ പവര്‍പ്ലേയിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. പീയൂഷ് ചൗളയാണ് മഗ്യൂര്‍ക്കിന്റെ കുതിപ്പിനെ പൂട്ടിയത്. മുംബൈയുടെ എല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങി.
ജസ്പ്രീത് ബുംറ 2 ഓവറില്‍ 21 റണ്‍സാണ് വിട്ടുകൊടുത്തതെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് 2 ഓവറില്‍ 41 റണ്‍സാണ് വിട്ടുകൊടുക്കേണ്ടി വന്നത്. ഹാര്‍ദിക്കിന്റെ ഓവര്‍ ഡല്‍ഹി നന്നായി മുതലാക്കിയെന്ന് പറയാം. ഡല്‍ഹിയിലെ ചെറിയ മൈതാനത്തിന്റെ ആനുകൂല്യം മുതലാക്കി കളിക്കാന്‍ ഡല്‍ഹി താരങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മുംബൈയുടെ ബൗളിങ് നിര പേരുകേട്ടതാണെങ്കിലും പല മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.
പ്ലേയിങ് 11- മുംബൈ ഇന്ത്യന്‍സ്-ഇഷാന്‍ കിഷന്‍ (wc), രോഹിത് ശര്‍മ, തിലക് വര്‍മ, നിഹാല്‍ വദേര, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, പീയൂഷ് ചൗള, ലൂക്ക് വുഡ്, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര
ഡല്‍ഹി ക്യാപിറ്റല്‍സ്- ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, കുമാര്‍ കുശാഗ്ര, ഷായ് ഹോപ്പ്, റിഷഭ് പന്ത് (c, wc), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലിസാഡ് വില്യംസ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്