Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിയുടെ കണ്ണുനീര്‍ 'മഴ', കടമ്പ കടന്ന് രാജസ്ഥാന്‍; സഞ്ജുപ്പട ക്വാളിഫയറില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആര്‍സിബിയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

യശ്വസി ജയ്‌സ്വാള്‍ (45), റിയാന്‍ പരാഗ് (36), ഷിംറോന്‍ ഹെറ്റ്‌മെയര്‍ (26) എന്നിവര്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. റോവ്മാന്‍ പവല്‍ 8 പന്തില്‍ 16 റണ്‍സോടെ പുറത്താവാതെ നിന്നു. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബി ആദ്യം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ആദ്യ ഓവറില്‍ വെറും 2 റണ്‍സാണ് ട്രന്റ് ബോള്‍ട്ട് വിട്ടുകൊടുത്തത്.

എന്നാല്‍ സന്ദീപ് ശര്‍മയും ആവേശ് ഖാനും തല്ലുകൊണ്ടതോടെ ആര്‍സിബിയുടെ റണ്‍സ് പതിയെ ഉയര്‍ന്നു. ഒന്നാം വിക്കറ്റില്‍ 37 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഫഫ് ഡുപ്ലെസിസിനും വിരാട് കോലിക്കുമായി. എന്നാല്‍ 14 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത ഡുപ്ലെസിസിനെ ട്രന്റ് ബോള്‍ട്ട് പുറത്താക്കി.

സിക്‌സറിന് ശ്രമിച്ച ഡുപ്ലെസിസിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ റോവ്മാന്‍ പവലാണ് മടക്കിയത്. ഒരുവശത്ത് വിരാട് കോലി റണ്‍സുയര്‍ത്തിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 6 ഓവറില്‍ 1 വിക്കറ്റിന് 50 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ ആര്‍സിബിക്കായി. വിരാട് കോലി ഒരുവശത്ത് റണ്‍സുയര്‍ത്തി. 24 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സുമായി കോലി അപകടകാരിയാവുമെന്ന് തോന്നിക്കവെ യുസ് വേന്ദ്ര ചഹാല്‍ രക്ഷകനായി.

Yashasvi Jaiswal

കോലിയുടെ മടക്കം ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനും രജത് പാട്ടീധാറും ചേര്‍ന്ന് പതിയെ റണ്‍സുയര്‍ത്തി. ആര്‍ അശ്വിന്റെ പന്തില്‍ രജത്തിനെ ദ്രുവ് ജുറേല്‍ വിട്ടുകളഞ്ഞു.

ഗ്രീന്‍ 21 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത് നില്‍ക്കവെ അശ്വിന്‍ മടക്ക ടിക്കറ്റ് നല്‍കി. റോവ്മാന്‍ പവലിന്റെ ക്യാച്ചിലാണ് ഗ്രീനിന്റെ മടക്കം. ആര്‍സിബിയുടെ മധ്യനിര ഒരിക്കല്‍ക്കൂടി തനിനിറം കാട്ടി.

ഗ്ലെന്‍ മാക്‌സ് വെല്ലിനെ ആര്‍ അശ്വിന്‍ ഗോള്‍ഡന്‍ ഡെക്കാക്കി. 22 പന്തില്‍ 2 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ രജത് പാട്ടീധാറിനെ ആവേശ് ഖാന്‍ പുറത്താക്കിയതോടെ 5ന് 122 എന്ന നിലയിലേക്ക് ആര്‍സിബി തകര്‍ന്നു.

ദിനേഷ് കാര്‍ത്തിക്കിനെ ആദ്യ പന്തില്‍ ആവേശ് എല്‍ബിയില്‍ കുരുക്കിയെങ്കിലും റിവ്യൂവില്‍ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചതോടെ രക്ഷപെട്ടു. മഹിപാല്‍ ലോംറോറിന്റെ കൂടെ പതിയെ റണ്‍സുയര്‍ത്താന്‍ കാര്‍ത്തിക് ശ്രമിച്ചെങ്കിലും ഇംപാക്ട് സൃഷ്ടിക്കാനായില്ല.

13 പന്തില്‍ 11 റണ്‍സെടുത്ത കാര്‍ത്തികിനെ ആവേശ് ഖാന്‍ പുറത്താക്കി. ലോംറോറിനേയും ആവേശ് മടക്കി. 17 പന്തില്‍ 2 സിക്‌സും ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ലോംറോര്‍ നേടിയത്. അവസാന പന്തില്‍ കരണ്‍ ശര്‍മയെ (5) സന്ദീപ് ശര്‍മയും പുറത്താക്കിയപ്പോള്‍ 8ന് 172 എന്ന സ്‌കോറിലേക്ക് ആര്‍സിബിയെത്തി. രാജസ്ഥാനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍ അശ്വിന്‍ 2 വിക്കറ്റും ബോള്‍ട്ട്, സന്ദീപ്, ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. യഷ് ദയാല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ യശ്വസി ജയ്‌സ്വാളിന്റെ ക്യാച്ച് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീന്‍ പാഴാക്കി. ഈ ഓവറില്‍ 4 ബൗണ്ടറികളാണ് ജയ്‌സ്വാള്‍ പറത്തിയത്.

പിന്നീട് രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ താളം കണ്ടെത്തി. യഷ് ദയാല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ ടോം കോഹ്ലറിന്റെ അനായാസ ക്യാച്ച് മാക്‌സ് വെല്‍ പാഴാക്കി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 46ല്‍ നില്‍ക്കവെ കോഹ്ലറിനെ (15 പന്തില്‍ 20) ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി.

സ്ലോ യോര്‍ക്കറില്‍ കോഹ്ലര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 1 വിക്കറ്റിന് 47 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. നിലയുറപ്പിച്ച ജയ്‌സ്വാള്‍ ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്തി.

30 പന്തില്‍ 8 ബൗണ്ടറിയടക്കം 45 റണ്‍സ് നേടിയ ജയ്‌സ്വാളിനെ കാമറൂണ്‍ ഗ്രീന്‍ ദിനേഷ് കാര്‍ത്തികിന്റെ കൈയിലെത്തിച്ചു. സഞ്ജു സാംസണും ഉത്തരവാദിത്തം കാട്ടാതെ മടങ്ങി. 13 പന്തില്‍ 1 സിക്‌സറടക്കം 17 റണ്‍സെടുത്ത സഞ്ജുവിനെ കരണ്‍ ശര്‍മയുടെ പന്തില്‍ ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി.

റിയാന്‍ പരാഗും ദ്രുവ് ജുറേലും പതിയെ കൂട്ടുകെട്ട് സൃഷ്ടിച്ച് വരവെ ജുറേല്‍ റണ്ണൗട്ടായി. 8 പന്തില്‍ 8 റണ്‍സെടുത്ത ജുറേലിനെ വിരാട് കോലിയുടെ ത്രോയില്‍ ഗ്രീനാണ് റണ്ണൗട്ടാക്കിയത്. എന്നാല്‍ റിയാന്‍ പരാഗും ഷിംറോന്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് പൊരുതി.

26 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 36 റണ്‍സ് നേടിയ പരാഗിനെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുമ്പോള്‍ രാജസ്ഥാന്‍ 5ന് 157 റണ്‍സെന്ന നിലയില്‍. 14 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 26 റണ്‍സെടുത്ത ഹെറ്റ്‌മെയറേയും സിറാജ് മടക്കിയതോടെ പോരാട്ടം കടുത്തു.

എന്നാല്‍ റോവ്മാന്‍ പവല്‍ രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചു. 8 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 16 റണ്‍സോടെ റോവ്മാന്‍ പവല്‍ പുറത്താവാതെ നിന്നു.

പ്ലേയിങ് 11: ആര്‍സിബി-ഫഫ് ഡുപ്ലെസിസ് (c), വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (wc), മഹിപാല്‍ ലോംറോര്‍, യഷ് ദയാല്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍

രാജസ്ഥാന്‍- യശ്വസി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചഹാല്‍

Story first published: Wednesday, May 22, 2024, 16:36 [IST]
Other articles published on May 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+