ഐപിഎല്ലിന്റെ 17ാം സീസണിനു തുടക്കം കുറിക്കാന്‍ ഇനി രണ്ടാഴ്ചകള്‍ മാത്രം. ഈ മാസം 22നാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെ ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് എംഎസ് ധോണിയും ഫാഫ് ഡുപ്ലെസിയും മുഖാമുഖം വരുന്നത്.
നിലവിലെ ജേതാക്കളായതിനാല്‍ തന്നെ ജയത്തോടെ വളരെ പോസിറ്റീവായി ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കും സിഎസ്‌കെ ആഗ്രഹിക്കുക. മറുഭാഗത്ത് ചാംപ്യന്‍മാരെ വീഴ്ത്തിക്കൊണ്ട് അക്കൗണ്ട് തുറക്കാനായാല്‍ അതിലും നല്ലൊരു തുടക്കം ആര്‍സിബിക്കു ലഭിക്കാനുമില്ല.

വമ്പന്‍ താരങ്ങളുടെ നിര തന്നെ രണ്ടു ടീമുകളിലും നമുക്കു കാണാന്‍ സാധിക്കും. മല്‍സരവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള ചില മാച്ച് വിന്നര്‍മാര്‍ രണ്ടു ടീമുകളിലുമുണ്ട്. സിഎസ്‌കെയുടെ തുറുപ്പുചീട്ടായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. മറുഭാഗത്ത് ആര്‍സിബിയുടെ വജ്രായുധം ഓസ്ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരിക്കും.
ഇവരില്‍ ആരായിരിക്കും സിഎസ്‌കെ- ആര്‍സിബി പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക? ഇതേക്കുറിച്ച് വിലയിരുത്തുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങും ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാന്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിഎസ്‌കെയ്‌ക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് മാക്‌സ്വെല്ലെന്നു ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി. ചെന്നൈയ്‌ക്കെതിരേ മാക്‌സിയുടെ സ്‌ട്രൈക്ക് റേറ്റ് 187 ആണ്. ടീം നേടുന്ന ആകെ സ്‌കോറില്‍ 20 ശതമാനവും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നാണ്. മാക്‌സ്വെല്‍ തീര്‍ച്ചയായും മറ്റൊരു തലത്തില്‍ പെടുന്ന ബാറ്ററാണ്.
അദ്ദേഹത്തില്‍ ഒരു എക്‌സ് ഫാക്ടറുണ്ട്. എതിര്‍ ടീമില്‍ പരിഭ്രാന്തി വിതയ്ക്കാനും, കംഫേര്‍ട്ട് സോണില്‍ നിന്നും അവരെ പുറത്താക്കാനും, മല്‍സരം ഏറെക്കുറെ തനിച്ചു തന്നെ ജയിപ്പിക്കാനുമുള്ള ശേഷിയുമെല്ലാം മാക്‌സ്വെല്ലിനുണ്ട്. മാക്‌സ്വെല്ലിനേക്കാള്‍ രവീന്ദ്ര ജഡേജയെ ആയിരിക്കും നിങ്ങള്‍ പിന്തുണയ്ക്കുകയെന്നത് ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു.
പക്ഷെ അദ്ദേഹം മാക്‌സ്വെല്ലാണ്. മറ്റു ക്രിക്കറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ലോക ക്രിക്കറ്റില്‍ നിങ്ങള്‍ക്കു ഈ തരത്തില്‍ പറയാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ അധികമില്ലെന്നും മാത്യു ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

നാട്ടുകാരന്‍ കൂടിയായ മാക്‌സ്വെല്ലിനെ ഹെയ്ഡന്‍ വാനോളം പുകഴ്ത്തുകയും ഉദ്ഘാടന മല്‍സരത്തില്‍ ഹീറോയാവുമെന്നും പ്രവചിക്കുമ്പോള്‍ ഹര്‍ഭജന്റെ പിന്തുണ രവീന്ദ്ര ജഡേജയ്ക്കാണ്. മാക്‌സ്വെല്ലിനു പകരം ഞാന്‍ തിരഞ്ഞെടുക്കുന്നത് ജഡേജയെയാണ്. ഇതിനു കാരണം ചെപ്പോക്കിലെ വിക്കറ്റാണ്. മാക്‌സ്വെല്‍ തീര്‍ച്ചയായും മാക്‌സ്വെല്‍ തന്നെയാണ്. ഐതിഹാസിക ബാറ്ററായ അദ്ദേഹം അടുത്തിടെ ഓസ്‌ട്രേലിയയെ ലോക ചാംപ്യന്‍മാരാക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്താനെതിരേ മാക്‌സ്വെല്ലിന്റെ ആ ഇന്നിങ്‌സ് സ്‌പെഷ്യലായിരുന്നു. അദ്ദേഹം അന്നു ഡബിള്‍ സെഞ്ച്വറി നേടി, പരിക്കേറ്റിട്ടും ഒറ്റക്കാലില്‍ സിക്‌സറുകളടിച്ചു. അതൊരിക്കലും എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റേതായ ദിവസം മറ്റൊരു താരത്തിനും മാക്‌സ്വെല്ലിനൊപ്പമെത്താന്‍ കഴിയില്ല. അദ്ദേഹം ഫോമിലാണെങ്കില്‍ ഒരു ബൗളര്‍ക്കും തടയാനും സാധിക്കില്ല, അതു ബംറയോ, മറ്റേത് ബൗളറോ ആയിക്കൊള്ളട്ടെ.
മാക്‌സ്വെല്ലിന്റെ ദിവസം അദ്ദേഹത്തെ ആര്‍ക്കും തടുത്തുനിര്‍ത്താന്‍ സാധിക്കില്ല. പക്ഷെ ഈ വിക്കറ്റില്‍ (ചെപ്പോക്ക്) ആദ്യ ബോള്‍ മുതല്‍ സിക്‌സറടിക്കുകയെന്നത് ആരെ സംബന്ധിച്ചും കടുപ്പമായിരിക്കും. ഏതെങ്കിലുമൊരു ബാറ്റര്‍ക്കു ഇനി അതു സാധിക്കുമെങ്കില്‍ അത് മാക്‌സ്വെല്ലിനു മാത്രമാണ്. ആരു ജയിക്കുമെന്നു നമുക്കു കാണാമെന്നും ഹര്‍ഭജന്‍ വിലയിരുത്തി.