ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 10 ടീമുകള്‍ ചേര്‍ന്ന് 71 താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്. 322 താരങ്ങളാണ് ആകെ ലേലത്തില്‍ പങ്കെടുത്തത്. അതുകൊണ്ടുതന്നെ നിരവധി താരങ്ങള്‍ അണ്‍സോള്‍ഡായിരിക്കുകയാണ്. ഇത്തവണത്തെ ലേലം അവസാനിക്കുമ്പോള്‍ എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കപ്പെടുന്നു.
എന്നാല്‍ ഇത്തവണത്തെ ലേലത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സിന് സംഭവിച്ച ഒരു അബദ്ധമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ലേലത്തില്‍ ശശാങ്ക് സിങ്ങിനെ പഞ്ചാബ് കിങ്‌സ് വാങ്ങിയത് 20 ലക്ഷം രൂപക്കാണ്. അടിസ്ഥാന വിലക്ക് താരത്തെ ടീമിലെത്തിച്ചതിന് പിന്നാലെ പഞ്ചാബ് ഉദ്ദേശിച്ച ശശാങ്ക് സിങ്ങിനെയല്ല ടീം സ്വന്തമാക്കിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 32കാരനായ ശശാങ്ക് സിങ് ലേലത്തിലേക്കെത്തിയപ്പോള്‍ പ്രീതി സിന്ദ സഹ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ശശാങ്കിനെ വാങ്ങുകയുമായിരുന്നു.
എന്നാല്‍ അടുത്ത സെറ്റിലേക്ക് കടന്നതിന് പിന്നാലെയാണ് തങ്ങള്‍ ഉദ്ദേശിച്ച താരം മാറിപ്പോയത് പഞ്ചാബ് തിരിച്ചറിയുന്നത്. ശശാങ്ക് സിങ് എന്ന് പേരുള്ള രണ്ട് പേരുണ്ടായിരുന്നു. ഇരുവരുടേയും ലേലത്തിലെ നമ്പറുകള്‍ 236, 237 എന്നിങ്ങനെയായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടായത്. ശശാങ്കിനെ സ്വന്തമാക്കാന്‍ പഞ്ചാബ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അടുത്തടുത്ത് രണ്ട് താരങ്ങള്‍ എത്തിയപ്പോഴുള്ള ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നാണ് പഞ്ചാബ് കിങ്‌സ് പറയുന്നത്.
എന്നാല്‍ പഞ്ചാബ് പദ്ധതിയിട്ടത് 21കാരന്‍ ശശാങ്കിനെയായിരുന്നു. പക്ഷെ ഒരേ പേരുള്ള രണ്ട് താരങ്ങള്‍ അടുത്തടുത്ത് വന്നതോടെ പഞ്ചാബിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. എന്തായാലും ഇനി ഈ സീസണില്‍ ശശാങ്ക് സിങ് പഞ്ചാബിനൊപ്പമുണ്ടാവുമെന്നുറപ്പാണ്. തെറ്റായി ടീമിലേക്കെത്തിയ താരം പഞ്ചാബിന്റെ മാച്ച് വിന്നറാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഇതുവരെ കിരീട ഭാഗ്യമില്ലാത്ത പഞ്ചാബിന് അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണ മികച്ച പല താരങ്ങളേയും പഞ്ചാബ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പണം മുടക്കിയത് ഹര്‍ഷല്‍ പട്ടേലിനായാണ്. 11.75 കോടിക്കാണ് ഹര്‍ഷലിനെ പഞ്ചാബ് സ്വന്തമാക്കിയത്. മീഡിയം പേസറായ ഹര്‍ഷല്‍ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പടക്കം നേടിയിട്ടുണ്ട്. എന്നാല്‍ തല്ലുകൊള്ളിയായ ബൗളറാണ് അദ്ദേഹമെന്ന് പറയാം.
റില്ലി റൂസോയെ ആദ്യ സെറ്റില്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്നാല്‍ പിന്നീട് എട്ട് കോടി രൂപയ്ക്കാണ് റൂസോയെ പഞ്ചാബ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തിന് ഗംഭീര റെക്കോഡ് അവകാശപ്പെടാനാവും. ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടറായ ക്രിസ് വോക്‌സിനെ 4.2 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. അണ്‍ക്യാപ്പഡ് താരം തനയ് ത്യാഗരാജന്‍, പ്രിന്‍സ് ചൗധരി, വിശ്വനാഥ് പ്രതാപ് സിങ്, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരെ 20 ലക്ഷം അടിസ്ഥാന വിലക്കാണ് പഞ്ചാബ് വാങ്ങിയത്.
ശിഖര്‍ ധവാന്‍ നായകനായുള്ള പഞ്ചാബ് കിങ്‌സിനൊപ്പം ഇത്തവണ മികച്ച ടീം കരുത്തുണ്ട്. എന്നാല്‍ ആരൊക്കെ ഫോമിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്. ജിതേഷ് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, സിക്കന്തര്‍ റാസ എന്നിവരെല്ലാം പഞ്ചാബിന് കരുത്ത് പകരുന്ന താരങ്ങളാണ്. ബൗളിങ് നിരയില്‍ അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, നതാന്‍ ഇല്ലിസ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് പ്രധാനികള്‍. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരുമുണ്ട്.
അവസാന സീസണില്‍ നന്നായി തുടങ്ങാന്‍ പഞ്ചാബിന് സാധിച്ചെങ്കിലും ധവാന് പരിക്കേറ്റതോടെ ടീം തകര്‍ന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. ഇവരുടെ ഫിറ്റ്‌നസ് മികച്ചതായാല്‍ ഗംഭീര പ്രകടനം തന്നെ ടീം കാഴ്ചവെച്ചേക്കും.