ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 18ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഗംഭീര തുടക്കം ലഭിച്ചിരിക്കുകയാണ്. 3.3 ഓവറില്‍ 50 റണ്‍സ് പിന്നിട്ട ഹൈദരാബാദിന്റെ വജ്രായുധമായത് അഭിഷേക് ശര്‍മയാണ്. മായങ്ക് അഗര്‍വാളിനെ പുറത്തിരുത്തി ഓപ്പണിങ്ങിലേക്കെത്തിയ അഭിഷേക് 12 പന്തില്‍ 37 റണ്‍സാണ് അടിച്ചെടുത്തത്.
3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 308.33 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് കത്തിക്കയറിയത്. രണ്ടാം ഓവറില്‍ മുകേഷ് ചൗധരിയെ കണ്ണീരണിയിക്കാന്‍ അഭിഷേകിനായി. നാല് സിക്‌സും ഒരു ഫോറുമടക്കം 27 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കടന്നാക്രമിക്കാന്‍ അഭിഷേകിന് സാധിക്കുന്നു. നേരത്തെ തന്നെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് അഭിഷേക്.

ഈ സീസണിലും മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ താന്‍ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കാനും ഇടം കൈയന്‍ താരത്തിന് സാധിക്കുന്നുണ്ട്. 19 പന്തില്‍ 32, 23 പന്തില്‍ 63, 20 പന്തില്‍ 29, 12 പന്തില്‍ 37 എന്നിങ്ങനെയാണ് ഈ സീസണിലെ അഭിഷേകിന്റെ പ്രകടനം. ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിന് ഭീഷണി ഉയര്‍ത്താന്‍ അഭിഷേകിന് സാധിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡ് അഭിഷേകിന് അവകാശപ്പെടാനാവും.
മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരം ടി20 ഫോര്‍മാറ്റിലാണ് കൂടുതല്‍ ശോഭിക്കുന്നത്. മുകേഷ് ചൗധരിക്കെതിരേ 26 റണ്‍സാണ് അഭിഷേക് രണ്ടാം ഓവറില്‍ നേടിയത്. ഒരു റണ്‍സ് എക്‌സ്ട്രാസിലൂടെ ലഭിച്ചതാണ്. ഇതോടെ ഐപിഎല്ലില്‍ രണ്ടാം ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ അഭിഷേകിനായി. ആദ്യ ഓവറില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ജയ്‌സ്വാളിന്റെ പേരിലാണ്. 26 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ നേടിയത്.
27 റണ്‍സ് വഴങ്ങിയതോടെ ഒരോവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന സിഎസ്‌കെ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്തേക്കും മുകേഷെത്തി. 30 റണ്‍സ് വഴങ്ങിയ സാം കറെനും ലൂങ്കി എന്‍ഗിഡിയും ഒന്നാം സ്ഥാനം പങ്കിടുമ്പോള്‍ ഡ്വെയ്ന്‍ ബ്രാവോ 29 റണ്‍സും പീയൂഷ് ചൗള 28 റണ്‍സും ഒരോവറില്‍ വഴങ്ങി. ഭേദപ്പെട്ട ബൗളിങ് നടത്തിയിട്ടുള്ള ബൗളറാണ് മുകേഷെങ്കിലും ഇടവേളക്ക് ശേഷം കളിക്കാനിറങ്ങിയപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്.
പവര്‍പ്ലേയില്‍ 78 റണ്‍സാണ് ഹൈദരാബാദ് സിഎസ്‌കെയ്‌ക്കെതിരേ നേടിയത്. ഇതോടെ സിഎസ്‌കെയ്‌ക്കെതിരേ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ടീമെന്ന റെക്കോഡില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും ഹൈദാരാബാദിനായി. 80 റണ്‍സ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 81 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാം സ്ഥാനത്ത്. ഈ ഐപിഎല്‍ സീസണിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുകയാണ്.
അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണുള്ളത്. ഇത്തവണ അഭിഷേക് മിന്നല്‍ പ്രകടനം തുടര്‍ന്നാല്‍ സിംബാബ് വെക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ അവസരം ലഭിച്ചേക്കും. നിലവില്‍ ഇന്ത്യക്ക് ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരും നിരവധിയാണ്. അതുകൊണ്ടുതന്നെ സ്ഥിരതയോടെയുള്ള പ്രകടനം നടത്താതെ അഭിഷേകിന് ഇന്ത്യന്‍ ടീമിലേക്കെത്താനാവില്ലെന്നതാണ് വസ്തുത.
മായങ്ക് യാദവിനെപ്പോലെ അതിവേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയിലേക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശങ്കകളില്ല. ഓരോ സീസണിലൂടെയും നിരവധി യുവതാരങ്ങള്‍ മികവ് കാട്ടുകയും പലരും ദേശീയ ടീമിലേക്കെത്തുകയും ചെയ്യുന്നുണ്ടെങ്കിലും സീറ്റുറപ്പിക്കുകയെന്നതാണ് പ്രയാസമുള്ള കാര്യം.