മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ടീം മുംബൈ ഇന്ത്യന്‍സും ഏറ്റവും വിമര്‍ശനം കേള്‍ക്കുന്ന താരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്ന് ടീമിന്റെ ഹാട്രിക് തോല്‍വിക്ക് കാരണമായിരിക്കുകയാണ്. 17ാം സീസണില്‍ ജയം നേടാത്ത ഏക ടീമെന്ന നാണക്കേടിലൂടെയാണ് ഇപ്പോള്‍ മുംബൈ കടന്ന് പോകുന്നത്.
ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വലിയ അധിക്ഷേപങ്ങളാണ് കളത്തിന് അകത്തും പുറത്തും ഉണ്ടാവുന്നത്. ആദ്യ മത്സരം ഗുജറാത്തില്‍ കളിക്കാനിറങ്ങിയ ഹാര്‍ദിക്കിനെ കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മൈതാനത്ത് നായ ഇറങ്ങിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് കാണികള്‍ അധിക്ഷേപിക്കുകയും ചെയ്തു. സ്വന്തം തട്ടകമായ മുംബൈയിലെ വാംഖഡ സ്റ്റേഡിയത്തിലും രോഹിത്തിന് കൂവല്‍ നേരിടേണ്ടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്.
രാജസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് ഒറ്റപ്പെട്ട് ഡഗൗട്ടില്‍ ഇരിക്കുന്ന ചിത്രം വൈറലായിരുന്നു. ഏഴാം തീയ്യതി ഡല്‍ഹിക്കെതിരായ മുംബൈയുടെ മത്സരം നടക്കാനിരിക്കെ വമ്പന്‍ നീക്കത്തിന് ഒരുങ്ങുകയാണ് ടീം മാനേജ്‌മെന്റും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും. ഒരു താരത്തെ വ്യക്തിപരമായി ലക്ഷ്യംവെച്ച് അപമാനിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഏതെങ്കിലും കാണികള്‍ കൂവുകയോ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയോ ചെയ്താല്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കും.
കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് കാണികളെ നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍. നിലവില്‍ ടീമിനുള്ളില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. കൂടുതല്‍ പേരും രോഹിത് ശര്‍മയെത്തന്നെയാണ് നായകനെന്ന നിലയില്‍ അംഗീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമല്ല. കളത്തിനുള്ളിലും പുറത്തും ഹാര്‍ദിക്കിനെക്കാള്‍ കൂടുതല്‍ പിന്തുണ രോഹിത് ശര്‍മക്കാണുള്ളത്.

ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത് മുംബൈ ടീം മാനേജ്‌മെന്റാണ്. അഞ്ച് തവണ ടീമിനെ കപ്പിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. അതിന്റെ മര്യാദ കാട്ടി വേണ്ടത്ര ആലോചനകള്‍ നടത്താതെയാണ് രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതാണ് രോഹിത്തിന് അതൃപ്തിയുണ്ടാവാന്‍ കാരണം. കൂടാതെ ഹാര്‍ദിക് നായകസ്ഥാനം വേണമെന്ന കരാര്‍ വെച്ചാണ് മുംബൈയിലേക്കെത്തിയതെന്ന അഭ്യൂഹവും ശക്തമാണ്.
ഇതെല്ലാം ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനം ഉയരാന്‍ കാരണമായി. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനവും വലിയ വിമര്‍ശനത്തിന് കാരണമായി. ഈ തീരുമാനം ടീമിനുള്ളില്‍ രണ്ട് ഗ്രൂപ്പുകളുണ്ടാക്കാന്‍ കാരണമായി. സഹതാരങ്ങളില്‍ മിക്കവരും രോഹിത്തിനൊപ്പമാണ്. എന്നാല്‍ ഹാര്‍ദിക്കിനെ ടീം മാനേജ്‌മെന്റ് പിന്തുണക്കുന്നു. എന്തായാലും നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക മുംബൈക്ക് എളുപ്പമല്ല.
ഹാര്‍ദിക് പാണ്ഡ്യയും മനസ് മടുത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഡ്രസിങ് റൂമില്‍ ഹാര്‍ദിക് കരഞ്ഞുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഈ സീസണിന് ശേഷം മുംബൈ ടീമിനുള്ളില്‍ വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്. രോഹിത് ശര്‍മയോട് മുംബൈ നായകസ്ഥാനത്തേക്ക് തിരിച്ചെത്താമോയെന്ന് ടീം മാനേജ്‌മെന്റ് ചോദിച്ചപ്പോള്‍ രോഹിത് താല്‍പര്യമില്ലെന്ന് അറിയിച്ചുവെന്നാണ് വിവരം. നിലവിലെ ഇന്ത്യയുടെ നായകനാണ് രോഹിത് ശര്‍മ.
അതുകൊണ്ടുതന്നെ സ്വാഭാവികമായി വലിയ പിന്തുണ രോഹിത്തിന് ലഭിക്കുന്നുണ്ട്. ഈ സീസണോടെ രോഹിത് മുംബൈ വിടുമെന്നാണ് വിവരം. ഹാര്‍ദിക്കിന് കീഴില്‍ തുടരാന്‍ രോഹിത് വലിയ താല്‍പര്യം കാട്ടുന്നില്ല. രോഹിത്തിനൊപ്പം ജസ്പ്രീത് ബുംറയും ടീം വിട്ടേക്കും. മെഗാ ലേലത്തില്‍ പങ്കെടുക്കാന്‍ ബുംറ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്തായാലും മുംബൈ ടീമിനുള്ളില്‍ കാര്യങ്ങള്‍ അത്ര രസത്തിലല്ലെന്നുറപ്പ്.