Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജയിച്ചാല്‍ ധോണി ഹീറോ, തോറ്റാല്‍ എല്ലാ പഴിയും റുതുരാജിന്; വിമര്‍ശിച്ച് കൈഫ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പുരോഗമിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പതിയെ പിന്നോട്ടിറങ്ങുകയാണ്. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച സിഎസ്‌കെ അവസാന രണ്ട് മത്സരത്തിലും തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമാണ് സിഎസ്‌കെ തോറ്റത്. ടീമിന്റെ തുടര്‍ തോല്‍വിക്ക് പിന്നാലെ നായകന്‍ റുതുരാജ് ഗെയ്ക്വാദിനെതിരേയാണ് വിമര്‍ശനം ഉയരുന്നത്. മികച്ച തന്ത്രങ്ങളില്ലെന്നും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവില്ലെന്നുമെല്ലാമാണ് വിമര്‍ശനം ഉയരുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതിന് പിന്നാലെ നായകന്‍ റുതുരാജിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ക്കെതിരേയും ഫീല്‍ഡിങ് വിന്യാസങ്ങള്‍ക്കെതിരേയും നിരവധി വിമര്‍ശനങ്ങളാണുയര്‍ന്നത്. ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാന്‍ റുതുരാജിന് സാധിക്കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ റുതുരാിജിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ മുഹമ്മദ് കൈഫ്.

സിഎസ്‌കെ ജയിച്ചാല്‍ എല്ലാ കൈയടിയും ധോണിക്കാണെന്നും തോല്‍ക്കുമ്പോള്‍ റുതുരാജിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണെന്നും ഇത് ശരിയായ രീതിയല്ലെന്നുമാണ് കൈഫ് അഭിപ്രായപ്പെടുന്നത്. 'ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചാല്‍ എല്ലാ പ്രശംസയും ധോണിക്ക് ലഭിക്കും. തോറ്റാല്‍ എല്ലാവരും റുതുരാജിനെ കുറ്റപ്പെടുത്തും. ഇത് ശരിയായ രീതിയല്ല' എന്നാണ് കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞത്. കൈഫിന്റെ വാക്കുകള്‍ ശരിയാണെന്ന് തന്നെ പറയാം.

ഈ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സിഎസ്‌കെയുടെ നായകസ്ഥാനം ധോണി റുതുരാജിന് കൈമാറിയത്. തികച്ചും അപ്രതീക്ഷിതമായ തീരുമാനമായിരുന്നു ഇത്. ധോണി ഈ സീസണോടെ വിരമിക്കുമെന്നും അതിന് മുമ്പായി റുതുരാജിനെ നായകനാക്കി വളര്‍ത്താനുമായിരുന്നു സിഎസ്‌കെയുടെ പദ്ധതി. എന്നാല്‍ രവീന്ദ്ര ജഡേജയെ നായകനാക്കിയപ്പോള്‍ സംഭവിച്ചത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നത്.

ms dhoni ruturaj gaikwad

ടീമിന്റെ നായകസ്ഥാനത്ത് റുതുരാജാണെങ്കിലും എല്ലാ നിയന്ത്രണങ്ങളും ധോണിക്കാണെന്ന് നിസംശയം പറയാം. ഹൈദരാബാദിനെതിരേ ധോണി ഫീല്‍ഡിങ് മാറ്റം വരുത്തുന്നതും ബൗളിങ് വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നതുമെല്ലാം എല്ലാവരും കണ്ടതാണ്. റുതുരാജ് എന്ത് തീരുമാനം എടുക്കുന്നതിന് മുമ്പും ധോണിയോട് അഭിപ്രായം ചോദിക്കുന്നതും കാണാനിടയായി. അതായത് ഇപ്പോഴും സിഎസ്‌കെയിലെ പ്രധാന തീരുമാനങ്ങളെല്ലാം ധോണിതന്നെയാണ് എടുക്കുന്നത്.

എന്നാല്‍ നായകനെന്ന പേരില്‍ റുതുരാജാണുള്ളത്. സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ചതുമുതല്‍ റുതുരാജിന്റെ ബാറ്റിങ് പ്രകടനം പിന്നോട്ട് പോവുകയാണ്. ഈ സീസണില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് റുതുരാജ് കാഴ്ചവെക്കുന്നത്. ധോണി നായക സ്ഥാനത്ത് നിന്ന് മാറിയിട്ടും അമിതമായി ഇടപെടുന്നത് നായകനെന്ന നിലയില്‍ വളരാന്‍ റുതുരാജിനെ സഹായിക്കില്ല. പക്ഷെ സിഎസ്‌കെയുടെ അവസാന വാക്കായി ധോണി തുടരുന്നതിനാല്‍ വരുന്ന മത്സരങ്ങളിലും ഇതേ സ്ഥിതി തുടരും.

നായകനെന്ന നിലയില്‍ ധോണി ഈ സീസണില്‍ക്കൂടി തുടരുന്നതാണ് നല്ലത്. ധോണി ഇതിഹാസ താരമെന്ന നിലയില്‍ ടീമിന്റെ ജയങ്ങള്‍ അദ്ദേഹത്തിന്റെ മികവായാണ് ആരാധകര്‍ വിലയിരുത്തുന്നത്. അപ്പോള്‍ റുതുരാജിന്റെ ക്യാപ്റ്റന്‍സിയെ പരിഗണിക്കുകയേ ഇല്ല. ഹൈദരാബാദിനെതിരേ തോറ്റപ്പോള്‍ വില്ലന്‍ റുതുരാജായി. മഹേഷ് തീക്ഷണ, മോയിന്‍ അലി എന്നിവരെ ബൗളിങ്ങില്‍ വേണ്ടവിധം റുതുരാജ് ഉപയോഗിച്ചില്ലെന്നാണ് എല്ലാവരും വിമര്‍ശിക്കുന്നത്.

രചിന്‍ രവീന്ദ്രയേയും ബൗളിങ്ങില്‍ വേണ്ടവിധം ഉപയോഗിക്കാന്‍ റുതുരാജിന് സാധിച്ചില്ല. ഇതെല്ലാം വലിയ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. എന്തായാലും വരുന്ന മത്സരങ്ങള്‍ സിഎസ്‌കെയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുകയും ബൗളര്‍മാര്‍ മികവ് കാട്ടുകയും ചെയ്യാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

എന്തായാലും സിഎസ്‌കെ നായകസ്ഥാനം റുതുരാജിന് ബാധ്യതയാണെന്ന് തന്നെ പറയാം. ഇത്തവണ മികച്ച ടീം കരുത്ത് സിഎസ്‌കെയ്ക്ക് അവകാശപ്പെടാനാവുമെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാവുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, April 6, 2024, 14:29 [IST]
Other articles published on Apr 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+