ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഫൈനല്‍ പോരാട്ടം. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ആത്മവിശ്വാസത്തില്‍ കെകെആര്‍ ഇറങ്ങുമ്പോള്‍ മറുവശത്ത് രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ വരവ്.
ഹൈദരാബാദിന് ചെന്നൈ പിച്ചില്‍ പ്ലേ ഓഫ് കളിച്ച് അനുഭവസമ്പത്തുള്ളതിനാല്‍ ഫൈനലില്‍ അത് ടീമിനെ തുണക്കുമെന്നുറപ്പാണ്. പക്ഷെ കെകെആര്‍ സംതുലിതമായ നിരയായതിനാല്‍ ഹൈദരാബാദിന് വലിയ ഭീഷണിയാവുമെന്നുറപ്പ്. ഹൈദരാബാദിന്റെ തുറുപ്പുചീട്ടുകള്‍ പാര്‍ട്ട് ടൈം ബൗളര്‍മാരാണ്. ചെന്നൈയിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള കിടുക്കന്‍ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഹൈദരാബാദിനുണ്ട്. ഇതിലൊരാളാണ് അഭിഷേക് ശര്‍മ.
ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മയെ ബൗളിങ്ങിലേക്ക് ഹൈദരാബാദ് അധികം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണേയും വെടിക്കെട്ട് ഫിനിഷര്‍ ഷിംറോന്‍ ഹെറ്റ്‌മെയറേയും പുറത്താക്കി മത്സരം അനുകൂലമാക്കിയത് അഭിഷേകാണ്. അതുകൊണ്ടുതന്നെ ഫൈനലിലും അഭിഷേക് പന്തെറിയുമെന്നുറപ്പാണ്. സീസണില്‍ അധികം ഉപയോഗിക്കാതിരുന്ന ബൗളറായിട്ടും അഭിഷേകിനെ നിര്‍ണ്ണായക മത്സരത്തില്‍ കമ്മിന്‍സ് പന്തേല്‍പ്പിച്ചത് എന്തുകൊണ്ടാണ്?
അതിന് കാരണം മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങാണ്. അഭിഷേക് ശര്‍മ നിലവില്‍ യുവരാജ് സിങ്ങിന്റെ അക്കാദമിയിലെ താരമാണ്. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ അഭിഷേക് യുവരാജിന് കീഴില്‍ എത്തിയതോടെ വളരെയധികം മെച്ചപ്പെട്ടു. ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം പരിഗണിക്കപ്പെട്ടിരുന്ന അഭിഷേകിനെ ബൗളിങ്ങിലും ഉപയോഗിക്കാനുള്ള കാരണം യുവരാജ് സിങ്ങിന്റെ വാക്കുകളാണ്.

യുവരാജ് സിങ് അഭിഷേക് ശര്‍മയുടെ ബൗളിങ്ങിനെപ്പറ്റി കഴിഞ്ഞിടെ പറഞ്ഞിരുന്നു. തന്നെക്കാളും മികച്ച ബൗളറാണെന്നും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്നുമാണ് യുവരാജ് അഭിഷേകിനെക്കുറിച്ച് പറഞ്ഞത്. ഈ സംഭവം അഭിഷേക് ഹൈദരാബാദ് ഡ്രസിങ് റൂമിലും അഭിമുഖത്തിലും പറഞ്ഞിരുന്നു. ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ അഭിഷേക് പറഞ്ഞത് കമ്മിന്‍സ് ശ്രദ്ധിച്ചിരുന്നു.
ഇതാണ് അഭിഷേകിനെ നിര്‍ണ്ണായക മത്സരത്തില്‍ ഉപയോഗിക്കാന്‍ കമ്മിന്‍സിന് ധൈര്യം നല്‍കിയത്. ഫൈനലിലും ഒന്നോ രണ്ടോ ഓവറുകള്‍ അഭിഷേകിന് ലഭിക്കുമെന്നുറപ്പാണ്. ഓഫ് സ്പിന്നറെന്ന നിലയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അഭിഷേകിന് സാധിക്കും. ഓപ്പണിങ്ങിലെ വെടിക്കെട്ടിനൊപ്പം ബൗളിങ്ങിലും തിളങ്ങി ഹൈദരാബാദിന്റെ മാച്ച് വിന്നറാവാന്‍ അഭിഷേകിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഫൈനലില്‍ നിര്‍ണ്ണായക റോള്‍ അഭിഷേകിനുണ്ട്.
ഫൈനലില്‍ മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും നിരാശയിലാണ്. മത്സരം 20 ഓവറും നടന്നാല്‍ ഒന്നാം ക്വാളിഫയറിലെപ്പോലെ കെകെആറിന് ഏകപക്ഷീയമായ ജയം അസാധ്യമായിരിക്കും. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറുകള്‍ നിര്‍ണ്ണായകമാവും. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിന് നിര്‍ണ്ണായകം. മധ്യനിരയില്‍ ഹെന്‍ റിച്ച് ക്ലാസന്റെ ബാറ്റിങ്ങും ഹൈദരാബാദിന്റെ വിധിയെഴുതുന്നതില്‍ നിര്‍ണ്ണായകമാവും.
അതേ സമയം കെകെആര്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുടെ നിരയാണ്. വെങ്കടേഷ് അയ്യര്‍ ഫോമിലാണ്. ഫില്‍ സാള്‍ട്ട് ടീം വിട്ടത് ചെറുതായി ബാധിക്കുന്നുണ്ട്. സുനില്‍ നരെയ്ന്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുമോയെന്നത് കണ്ടറിയാം. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കും നിര്‍ണ്ണായക റോളുണ്ട്. കെകെആറിന്റെ യുവ ബൗളര്‍മാരെല്ലാം പ്രതീക്ഷ നല്‍കുന്നവരാണ്. എന്തായാലും ഗംഭീരമായ പോരാട്ടം തന്നെ ഫൈനല്‍ മത്സരത്തില്‍ പ്രതീക്ഷിക്കാം.
നിലവിലെ സാധ്യതകളില്‍ കൂടുതലും കെകെആറിന് അനുകൂലമായാണ് വിധിയെഴുതുന്നത്. എന്നാല്‍ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ളവരുടെ നിരയാണ്. പാറ്റ് കമ്മിന്‍സ് നായകനെന്ന നിലയില്‍ മികവ് കാട്ടുന്നതും കെകെആറിനെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചതാണ് കെകെആറിന് ആത്മവിശ്വാസം നല്‍കുന്നത്.