ചെന്നൈ: ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഡെത്ത് ഓവര്‍ ബൗളിങ് തന്നെക്കൊണ്ട് പറ്റില്ലെന്നു തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ. കഴിഞ്ഞ സീസണിലും സിഎസ്‌കെയ്ക്കായി ലക്കും ലഗാനുമില്ലാതെ റണ്‍സ് വാരിക്കോരി നല്‍കിയ അദ്ദേഹം ഇത്തവണ ആദ്യ കളിയിലും മോശമാക്കിയില്ല. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ വഴങ്ങിയത് 47 റണ്‍സാണ്. 11.80 എന്ന പരിതാപകരമായ ഇക്കോണമി റേറ്റിലാണിത്.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒരു ഘട്ടത്തില്‍ 150 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശമായിരുന്നു. എന്നാല്‍ ആറു വിക്കറ്റിനു 173 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടലില്‍ അവരെ എത്തിക്കുന്നതില്‍ ഏറ്റുമധികം സഹായം ലഭിച്ചത് തുഷാറില്‍ നിന്നാണ്. 123 റണ്‍സെന്ന അവരുടെ ടോട്ടലിനെ ഒറ്റ ഓവര്‍ കൊണ്ട് അദ്ദേഹം 150നടുത്ത് എത്തിക്കുകയായിരുന്നു.

18ാം ഓവറില്‍ തുഷാര്‍ വാരിക്കോരി നല്‍കിയത് 25 റണ്‍സാണ്. വൈഡുകളും സിക്‌സറുകളും ഫോറുമെല്ലാം ഈ ഓവറിലുണ്ടായിരുന്നു. അനൂജ് റാവത്തും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നായിരുന്നു ഈ ഓവറില്‍ അദ്ദേഹത്തിന്റെ കഥ കഴിച്ചത്. 17 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ആര്‍സിബി അഞ്ചു വിക്കറ്റിനു 123 റണ്‍സെന്ന നിലയിലായിരുന്നു. 18 ബോളില്‍ നിന്നും 25 റണ്‍സോടെ റാവത്തും 15 ബോളില്‍ 19 റണ്‍സുമായി കാര്‍ത്തിക്കുമായിരുന്നു ക്രീസില്‍.
മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 17ാം ഓവറില്‍ ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമേ ആര്‍സിബിക്കു ലഭിച്ചിരുന്നുള്ളൂ. തുടര്‍ന്നാണ് 18ാം ഓവര്‍ എറിയാന്‍ തുഷാറിനെ സിഎസ്‌കെയുടെ പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദ് വിളിക്കുന്നത്. നേരത്തേ രണ്ടോവറില്‍ 13 റണ്‍സ് മാത്രമേ പേസര്‍ വഴങ്ങിയിരുന്നുള്ളൂ. അവസാന ഓവറുകളിലും തുഷാര്‍ ഈ മികവ് തുടരുമെന്നാണ് റുതുരാജ് കണക്കുകൂട്ടിയത്.
പക്ഷെ ഡെത്ത് ഓവറുകളില്‍ സ്ഥിരമായി ചെണ്ടയാവാറുള്ള തുഷാര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 18ാം ഓവറിലെ ആദ്യത്തെ ബോളില്‍ വൈഡുമായാണ് താരം തുടങ്ങിയത്. അടുത്ത ബോളിനെ കാര്‍ത്തിക് സിക്‌സറിലേക്കു പറത്തി. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബാക്ക് ഓഫ് ലെങ്ത് ബോള്‍ തുഷാറിന്റെ തലയ്ക്കു മുകളിലൂടെ ഡിക്കെ സിക്‌സറിലെത്തിക്കുകയായിരുന്നു. അടുത്ത ബോള്‍ വൈഡ്.

തൊട്ടടുത്ത ബോളില്‍ ഡിക്കെ സിംഗിളെടുത്തു. മൂന്നാമത്തെ ബോള്‍ ലഭിച്ചത് റാവത്തിനായിരുന്നു. ലെങ്ത്ത് ഡെലിവെറിയാണ് തുഷാര്‍ പരീക്ഷിച്ചത്. മിഡ് വിക്കറ്റിനു മുകളിലൂടെ ബോള്‍ സിക്‌റിലേക്കു ചീറിപ്പായുന്നതാണ് കണ്ടത്. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. പക്ഷെ അഞ്ചാമത്തെ ബോളില്‍ തുഷാര്‍ ഓവറിലെ മൂന്നാമത്തെ സിക്‌സറും വഴങ്ങി.
ഇത്തവണയും റാവത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു തീപ്പൊരി ഷോട്ട്. ഒരു സ്ലോ യോര്‍ക്കര്‍ എറിയാനായിരുന്നു തുഷാറിന്റെ ശ്രമം. പക്ഷെ അതു ഫുള്‍ ടോസില്‍ കലാശിക്കുകയായിരുന്നു. ഇടംകൈയന്ഡ ബാറ്ററായ റാവത്ത് ലോങ് ഓണിനു മുകളിലൂടെ അതു സിക്‌സറിലെത്തിച്ചു. അതുകൊണ്ടും തുഷാര്‍ നിര്‍ത്തിയില്ല.
അവസാന ബോളില്‍ ഫോറും വിട്ടുകൊടുത്താണ് പേസര്‍ ഓവര്‍ അവസാനിപ്പിച്ചത്. വീണ്ടുമൊരു സ്ലോ ബോളാണ് തുഷാര്‍ എറിഞ്ഞത്. ഷോര്‍ട്ട് ഫൈന്‍ ലെഗിനു മുകളിലൂടെ റാവത്ത് അതു ബൗണ്ടറിയിലേക്കു വഴി കാണിക്കുകയായിരുന്നു. ഈ ഓവറില്‍ ലഭിച്ച 25 റണ്‍സോടെ ആര്‍സിബിയുടെ ടീം ടോട്ടല്‍ 123ല്‍ നിന്നും ഒറ്റയടിക്കു 148 റണ്‍സിലേക്കു കുതിക്കുകയും ചെയ്തു.