Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശ്രേയസ് കിടു ക്യാപ്റ്റന്‍, ഹൈദരാബാദിന്റെ ആ ദൗര്‍ബല്യം മുതലാക്കി! തകര്‍ത്തത് ഇങ്ങനെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഹൈദരാബാദിന് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ആദ്യ ക്വാളിഫയറിന്റെ തനിയാവര്‍ത്തനമെന്ന നിലയില്‍ ഹൈദരാബാദ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ആദ്യ ഓവര്‍ മുതല്‍ നിരാശപ്പെടുത്തിയ ഹൈദരാബാദിന് 77 റണ്‍സിന് 7 വിക്കറ്റാണ് നഷ്ടമായത്.

ഹൈദരാബാദ് കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ കൈയടി അര്‍ഹിക്കുന്നത് കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്കാണ്. ഹൈദരാബാദിന്റെ ടോപ് ഓഡറിന്റെ ദൗര്‍ബല്യത്തെ കൃത്യമായി മുതലാക്കാന്‍ ശ്രേയസ് അയ്യര്‍ക്കായി. സീസണിലെ ഹൈദരാബാദിന്റെ ടോപ് ഓഡര്‍ ബാറ്റിങ് നിരയിലേക്ക് വരുമ്പോള്‍ 65 ശതമാനം വിക്കറ്റും നഷ്ടമായത് പേസര്‍മാര്‍ക്ക് മുന്നിലാണ്. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ ശക്തമായ പേസ് ആക്രമണത്തോടെ ഹൈദരാബാദിനെ പൂട്ടാന്‍ ശ്രേയസിന് സാധിച്ചു.

ചെന്നൈയിലെ പിച്ച് സ്പിന്നിന് അനുകൂലമാണെന്നിരിക്കെ പവര്‍പ്ലേയില്‍ത്തന്നെ സ്പിന്നര്‍മാരെ പല നായകന്മാരും കൊണ്ടുവരാറുണ്ട്. എന്നാല്‍ ശ്രേയസ് അയ്യര്‍ ഹൈദരാബാദിന്റെ ദൗര്‍ബല്യം മനസിലാക്കി ടോപ് ഓഡറിനെതിരേ പേസാക്രമണമാണ് നടത്തിയത്. തന്റെ പേസ് ബൗളര്‍മാരെ വിശ്വസിച്ച ശ്രേയസിന്റെ നീക്കം തെറ്റിയില്ലെന്നതാണ് വസ്തുത. ആദ്യ ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. ട്രാവിസ് ഹെഡ് പ്രധാനപ്പെട്ട മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി.

വൈഭവ് അറോറയുടെ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ഹെഡ് മടങ്ങിയത്. ഒന്നാം ക്വാളിഫയറിലും ഹെഡ് ഡെക്കായിരുന്നു. സ്റ്റാര്‍ക്കിന് പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാം ഓവര്‍ നല്‍കാന്‍ ശ്രേയസ് വീണ്ടും ധൈര്യം കാട്ടി. ഇതോടെ രാഹുല്‍ ത്രിപാഠിയ തന്റെ മൂന്നാം ഓവറില്‍ പുറത്താക്കാന്‍ സ്റ്റാര്‍ക്കിനായി. ആദ്യത്തെ ആറ് ഓവറില്‍ സ്പിന്നിനെ ശ്രേയസ് പരിഗണിച്ചേയില്ലെന്നതാണ് ശ്രദ്ധേയമായത്. ആറാം ഓവറില്‍ ഹര്‍ഷിത് റാണയെ കൊണ്ടുവന്നപ്പോള്‍ ഓവറിലെ അവസാന പന്തില്‍ നിധീഷ് കുമാറിനെ പുറത്താക്കാന്‍ ഹര്‍ഷിതിനായി.

kkr vs srh

7ാം ഓവറില്‍ സുനില്‍ നരെയ്‌നെ കൊണ്ടുവന്നെങ്കിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ 11ാം ഓവറില്‍ ആന്‍ഡ്രേ റസലിനെ ശ്രേയസിനെ കൊണ്ടുവന്നു. പിച്ചിലെ ടേണും സ്ലോവായതും മനസിലാക്കി റസലിനെ പന്തേല്‍പ്പിച്ച ശ്രേയസിന്റെ തന്ത്രം ഫലം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കിയ റസല്‍ തന്റെ രണ്ടാം ഓവലറില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അബ്ദുല്‍ സമദിനേയും മടക്കി. അപ്പോഴും ഒരുവശത്ത് ഹെന്‍ റിച്ച് ക്ലാസന്‍ നില്‍പ്പുണ്ടായിരുന്നു.

പിച്ചില്‍ ടേണുണ്ടായിരുന്നതിനാല്‍ സ്പിന്നര്‍മാരെ കൊണ്ടുവന്ന് കെകെആര്‍ ക്ലാസനെ പൂട്ടാന്‍ ശ്രമിക്കുമെന്ന് കരുതവെയാണ് 14ാം ഓവറില്‍ ഹര്‍ഷിത് റാണക്ക് ശ്രേയസ് പന്ത് നല്‍കിയത്. ആദ്യ പന്തില്‍ത്തന്നെ ക്ലാസനെ ക്ലീന്‍ബൗള്‍ഡാക്കി ഹര്‍ഷിത് റാണ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ബൗളര്‍മാരെ കൃത്യമായി ഉപയോഗിച്ച് ഹൈദരാബാദിന സമ്മര്‍ദ്ദത്തിലാക്കാന്‍ നായകനെന്ന നിലയില്‍ ശ്രേയസിന് സാധിച്ചു. പേസര്‍മാരെല്ലാം പിച്ചിന്റെ ആനുകൂല്യം മുതലാക്കി പന്തെറിഞ്ഞു.

വലിയ മത്സരങ്ങളില്‍ ഹൈദരാബാദ് ബാറ്റിങ് നിര വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. പിച്ചിന്റെ സ്വഭാവം മനസിലാക്കി കൂട്ടുകെട്ട് സൃഷ്ടിക്കാതെ അമിത ആക്രമണോത്സകതയില്‍ മുറുകെപ്പിടിച്ച് ഹൈദരാബാദ് മുന്നോട്ട് പോയതാണ് തിരിച്ചടിയായത്. മികച്ച പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഹൈദരാബാദിന്റെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. ഐപിഎല്‍ ഫൈനലിലെ ഏറ്റവും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് ഹൈദരാബാദ് കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.

നായകനെന്ന നിലയില്‍ തന്റെ മികവ് എന്താണെന്ന് തെളിയിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് ഒരിക്കല്‍ക്കൂടി സാധിച്ചിരിക്കുകയാണ്. ബിസിസി ഐ കരാറിന് പുറത്തുള്ള ശ്രേയസ് തന്റെ മികവ് എന്താണെന്ന് എല്ലാവര്‍ക്കും മുന്നില്‍ തെളിയിച്ചിരിക്കുകയാണ്.

Story first published: Sunday, May 26, 2024, 21:08 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+