Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അംപയറെ മാത്രം പഴിക്കാന്‍ വരട്ടെ, തോല്‍വിയില്‍ സഞ്ജുവിനും പങ്ക്! ഈ അബദ്ധങ്ങള്‍ എന്തിന്?

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയേറ്റു വാങ്ങിയ ശേഷം തേര്‍ഡ് അംപയര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കാരണം കളിയിലെ ടേണിങ് പോയിന്റായി മാറിയത് റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താവലായിരുന്നു. തേര്‍ഡ് അംപയര്‍ അതു ക്യാച്ച് നല്‍കിയില്ലായിരുന്നെങ്കില്‍ സഞ്ജു സെഞ്ച്വറിയും റോയല്‍സ് കളിയും ജയിക്കുമായിരുന്നുവെന്നുമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. 46 ബോളില്‍ 86 റണ്‍സെടുത്താണ് അദ്ദേഹം മടങ്ങിയത്. എട്ടു ഫോറും ആറു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

യഥാര്‍ഥത്തില്‍ റോയല്‍സിന്റെ പരാജയത്തിനു കാരണം അംപയറുടെ മോശം തീരുമാനം മാത്രമാണോ? അല്ലെന്നു തന്നെ പറയേണ്ടിവരും. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നും സംഭവിച്ച ചില പിഴവുകളും റോയല്‍സിന്റെ തോല്‍വിക്കു വഴിയൊരുക്കിയിട്ടുണ്ട്. അദ്ദേഹം ഈ തെറ്റുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ റോയല്‍സ് വിജയം കൊയ്‌തേനെ.

SANJU SAMSON

ഈ മല്‍സരത്തില്‍ സഞ്ജു കാണിച്ച ഏറ്റവും വലിയ അബദ്ധം ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്. ഇതു ബാറ്റിങ് വിക്കറ്റാണെന്നും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു 230-240 റണ്‍സ് വരെയെങ്കിലും നേടാന്‍ സാധിക്കുമെന്നും പിച്ച് ക്യുറേറ്റര്‍മാര്‍ ടോസിനു മുമ്പ് വിലയിരുത്തിയിരുന്നു.

ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയാവും ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്താല്‍ സ്വാഭാവികമായും ചേസിങ് ടീമിനു സമ്മര്‍ദ്ദമുണ്ടാവും. എത്ര മികച്ച ബാറ്റിങ് ലൈനപ്പുണ്ടായാലും റണ്‍ചേസില്‍ ഏതു ടീമും ഒന്നു വിയര്‍ക്കുകയും ചെയ്യും. ഇവയെല്ലാം അറിയാമായിരുന്നിട്ടും സഞ്ജു സ്വയം ടീമിനെ അപകടത്തില്‍ കൊണ്ടു ചാടിക്കുകയായിരുന്നു.

ടോസിനു ശേഷം അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കിര്‍ റോയല്‍സിനു തീര്‍ച്ചയായും 200 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യാനും അതു പ്രതിരോധിച്ചു ജയിക്കാനും സാധിക്കുമായിരുന്നു. ഇവിടെയാണ് ഡിസിയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് സഞ്ജു മണ്ടത്തരം കാണിച്ചത്. ഡിസി എട്ടു വിക്കറ്റിനു 221 റണ്‍സെടുത്തപ്പോള്‍ തന്നെ റോയല്‍സിന്റെ വിജയ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം സഞ്ജു കാണിച്ച രണ്ടാമത്തെ അബദ്ധം വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നതാണ്. റോയല്‍സ് ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് അശ്വിനായിരുന്നു. നാലോവറില്‍ ആറ് ഇക്കോണമി റേറ്റില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.

ഡിസി നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയില്‍ കുതിക്കവെയാണ് അഞ്ചാം ഓവറില്‍ അശ്വിനെ സഞ്ജു പരീക്ഷിച്ചത്. ഈ നീക്കം ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയായിരുന്നു. കാരണം രണ്ടാമത്തെ ബോളില്‍ തന്നെ അപകടകാരിയായ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനെ പുറത്താക്കിയ അശ്വിന്‍ ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. ഈ ഓവറില്‍ ഒമ്പതു റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

SANJU - ASHWN

പക്ഷെ ഈ ഓവറിനു ശേഷം അശ്വിനു അടുത്ത ഓവര്‍ നല്‍കാതെ സഞ്ജു മാറ്റിനിര്‍ത്തിയെന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ വരുത്തിയ രണ്ടാമത്തെ അബദ്ധം. ഇടംകൈയന്‍മാരായ അഭിഷേക് പൊറെലും അക്ഷര്‍ പട്ടേലുമാണ് ഡിസിക്കായി ക്രീസിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്കെതിരേ നല്ല ഇംപാക്ടുണ്ടാക്കാന്‍ ഓഫ് സ്പിന്നറായ അശ്വിനു സാധിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തിനു തുടരെ രണ്ടാം ഓവര്‍ നല്‍കാന്‍ സഞ്ജു തയ്യാറായില്ല.

പകരം ഏഴാം ഓവര്‍ അനുഭവസമ്പത്ത് കുറഞ്ഞ റിയാന്‍ പരാഗിനു നല്‍കുകയായിരുന്നു. അതിനു ശേഷം യുസ്വേന്ദ്ര ചഹലാണ് പരീക്ഷിക്കപ്പെട്ടത്. 14 റണ്‍സും ഈ ഓവറില്‍ ഡിസി സ്‌കോര്‍ ചെയ്തു. പരാഗിനു ഒരോവര്‍ കൂടി നല്‍കിയ ശേഷമാണ് 10ാം ഓവറില്‍ അശ്വിനെ സഞ്ജു തിരികെ വിളിച്ചത് അപ്പോഴേക്കും ഡിസി സ്‌കോര്‍ 109ല്‍ എത്തിയിരുന്നു. രണ്ടാം വരവിലും അശ്വിന്‍ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ ബോളില്‍ തന്നെ അക്ഷറിനെ അദ്ദേഹം മടക്കി.

അഞ്ചാം ഓവറിനു ശേഷം പിന്നീട് പത്താം ഓവര്‍ വരെ അശ്വിനെ സഞ്ജു വൈകിപ്പിച്ചത് എന്തിനാണെന്നതാണ് ചോദ്യം. തന്റെ ബൗളിങ് നിരയില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞു കൊണ്ടിരിക്കുന്ന ബൗളര്‍ക്കു തുടര്‍ച്ചയായി ഓവറുകള്‍ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്നു. പക്ഷെ സഞ്ജു ഇതു ചെയ്യാതിരുന്നത് ഡിസിയെ കളിയില്‍ പിടിമുറുക്കാന്‍ സഹായിക്കുകയും ചെയ്തു.

Story first published: Wednesday, May 8, 2024, 7:25 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+