For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജു കിടിലന്‍ ക്യാപ്റ്റന്‍, ആര്‍സിബിയെ പൂട്ടിക്കെട്ടിയ തന്ത്രമിതാ; അപാര ധൈര്യം തന്നെ

അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയെടുത്തിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരോവറും നാല് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ആര്‍സിബിയെ രാജസ്ഥാന്‍ തോല്‍പ്പിച്ചപ്പോള്‍ എടുത്തു പറയേണ്ടത് നായകന്‍ സഞ്ജു സാംസണിന്റെ മികവാണ്. അവസാന ആറ് മത്സരത്തിലും ജയിച്ച് വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ആര്‍സിബിക്കെതിരേ കിടിലന്‍ ക്യാപ്റ്റന്‍സി കാഴ്ചവെച്ചാണ് സഞ്ജു കൈയടി നേടിയത്. ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം കൃത്യമായി മുതലാക്കി ബൗളര്‍മാരെ ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.

ആര്‍സിബിയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് അവരുടെ ശക്തി. വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവരുടെ വിക്കറ്റ് പ്രധാനപ്പെട്ടതായതിനാല്‍ പവര്‍പ്ലേയില്‍ത്തന്നെ ട്രന്റ് ബോള്‍ട്ടിന് സഞ്ജു മൂന്ന് ഓവര്‍ നല്‍കി. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ബോള്‍ട്ട് തന്റെ മൂന്നാം ഓവറില്‍ ഫഫ് ഡുപ്ലെസിസിനെ പുറത്താക്കി. ഇൗ വിക്കറ്റാണ് ആര്‍സിബിയുടെ ബാറ്റിങ് താളം നഷ്ടപ്പെടുത്തിയത്. വിരാട് കോലി മിന്നും ഫോമിലാണ് കളിക്കുന്നത്.

റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ള കോലിയെ പൂട്ടാന്‍ യുസ്‌വേന്ദ്ര ചഹാലിനെയാണ് സഞ്ജു നിയോഗിച്ചത്. മുന്‍ ആര്‍സിബി താരമായ ചഹാല്‍ കോലിയുടെ ദൗര്‍ബല്യത്തെ മുതലാക്കി. പവര്‍പ്ലേയില്‍ സ്പിന്നറെ ഉപയോഗിക്കാതിരുന്ന സഞ്ജുവിന്റെ ബുദ്ധി മികച്ചതായിരുന്നു. പവര്‍പ്ലേയക്ക് ശേഷം മികച്ച ഫീല്‍ഡൊരുക്കിയ സഞ്ജു ചഹാലിനെ ഉപയോഗിച്ച് കോലിയെ പൂട്ടി. ആര്‍ അശ്വിന്‍ അനുഭവസമ്പന്നനായ താരമാണ്. വലിയ മത്സരങ്ങളില്‍ കളിച്ച് മികവ് കാട്ടിയ അനുഭവസമ്പത്ത് അശ്വിനുണ്ട്.

sanju samson

ഇത് സഞ്ജു നന്നായി ഉപയോഗിച്ചു. മധ്യ ഓവറുകളില്‍ ടേണ്‍ അല്‍പ്പം കുറഞ്ഞപ്പോഴാണ് അശ്വിനെ കളത്തിലിറക്കിയത്. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള സ്പിന്നറാണ് അശ്വിന്‍. ക്യാരം ബോളുകളിലൂടെ അശ്വിന്‍ ആര്‍സിബിയെ വിറപ്പിച്ചു. കാമറൂണ്‍ ഗ്രീന്‍ ആര്‍സിബിക്കായി മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 21 പന്തില്‍ 27 റണ്‍സെടുത്ത ഗ്രീനിനെ അശ്വിന്‍ ക്യാരം ബോളിലാണ് കുടുക്കിയത്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റും അശ്വിന്‍ നേടി.

ഇതും ക്യാരം ബോളിലൂടെയായിരുന്നു. അശ്വിന്റെ ബൗളിങ് മികവിനെ നന്നായി ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചു. ഡെത്തോവറില്‍ രാജസ്ഥാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ റണ്‍സ് വഴങ്ങിയെങ്കിലും മധ്യ ഓവറിലൂടെയാണ് രാജസ്ഥാന്‍ കളി പിടിച്ചത്. ആവേശ് ഖാന്‍ തല്ലുകൊള്ളി ബൗളറായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ കീഴിലേക്കെത്തിയതോടെ പ്രകടനം വളരെ മെച്ചപ്പെട്ടു. രാജസ്ഥാന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയായി മാറാന്‍ ആവേശിന് സാധിച്ചു.

അപകടകാരിയായ രജത് പാട്ടീധാറിനേയും മഹിപാല്‍ ലോംറോറിനേയും ദിനേഷ് കാര്‍ത്തിക്കിനേയും പുറത്താക്കി വലിയ സ്‌കോറിലേക്ക് പോകാതെ ആര്‍സിബിയെ പിടിച്ചുകെട്ടിയത് ആവേശാണ്. ബാറ്റിങ്ങിനിറങ്ങിയപ്പോഴും സഞ്ജു അനാവശ്യ പരീക്ഷണത്തിന് മുതിര്‍ന്നില്ല. ആര്‍ അശ്വിനെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഈ സാഹസ പരീക്ഷണത്തിന് സഞ്ജു മുതിര്‍ന്നില്ല. ബാറ്റിങ് നിരയില്‍ സഞ്ജു പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു.

സഞ്ജുവിന് ബാറ്റുകൊണ്ട് മാച്ച് വിന്നിങ് പ്രകടനം നടത്താനായില്ല. 13 പന്തില്‍ നിന്ന് 17 റണ്‍സാണ് സഞ്ജു നേടിയത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു നടത്തിയതെങ്കിലും നായകനെന്ന നിലയില്‍ മികച്ച നീക്കങ്ങളോടെ സഞ്ജു കൈയടി നേടിയെടുത്തു. രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനോടും ഇതേ മികവ് കാട്ടാന്‍ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Thursday, May 23, 2024, 8:20 [IST]
Other articles published on May 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+