മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റു ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനെത്തിയ പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. തുടക്കം മുതല്‍ മിടുക്കുകാട്ടിയ രാജസ്ഥാന്‍ ബൗളര്‍മാര്‍ പഞ്ചാബിനെ വിറപ്പിക്കുകയായിരുന്നു. പഞ്ചാബിന്റെ വമ്പനടിക്കാരെയെല്ലാം രാജസ്ഥാന്‍ ബൗളര്‍മാര്‍ പൂട്ടികെട്ടി. സഞ്ജു സാംസണിന്റെ കിടിലന്‍ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവുമാണ് പഞ്ചാബിനെ തളച്ചത്.
പഞ്ചാബിനായി അവസാന രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ശശാങ്ക് സിങ്. വമ്പനടിക്കാരനായ ശശാങ്കിന് രാജസ്ഥാനെതിരേ തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് 1 ഫോറുള്‍പ്പെടെ 9 റണ്‍സാണ് ശശാങ്ക് നേടിയത്. അപകടകാരിയ ശശാങ്കിനെ തളച്ചത് സഞ്ജുവിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണെന്ന് പറയാം. തകര്‍ത്തടിക്കുന്ന ശശാങ്ക് ക്രീസിലെത്തിയത് മുതല്‍ സ്പിന്നര്‍മാരെയാണ് സഞ്ജു ഉപയോഗിച്ചത്. നല്ല ടേണ്‍ പിച്ചിലുണ്ടായിരുന്നു.
ഇത് മുതലാക്കി പന്തെറിഞ്ഞ കേശവ് മഹാരാജും യുസ് വേന്ദ്ര ചഹാലും ശശാങ്കിനെ സമ്മര്‍ദ്ദത്തിലാക്കി. സ്പിന്നിനെ നേരിട്ട് സമ്മര്‍ദ്ദത്തിലായ ശശാങ്കിനെ പൂട്ടാന്‍ കുല്‍ദീപ് സെന്നിനെ എത്തിച്ച സഞ്ജുവിന്റെ നീക്കമാണ് ഫലം കണ്ടത്. രാജസ്ഥാന്‍ നിരയില്‍ ഏറ്റവും വേഗമുള്ള താരമാണ് കുല്‍ദീപ് സെന്‍. താരത്തിന്റെ ഷോട്ട് ബോള്‍ തന്ത്രത്തിന് മുന്നില്‍ ശശാങ്ക് വീണു. ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ച ശശാങ്ക് ദ്രുവ് ജുറേലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
എക്‌സ്ട്രാ പേസുള്ള കുല്‍ദീപ് സെന്നിനെ കൊണ്ടുവന്നത് ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റാമെന്ന സഞ്ജുവിന്റെ കണക്കുകൂട്ടലാണ് ഫലം കണ്ടത്. ശശാങ്കിന്റെ ബാറ്റിങ് രാജസ്ഥാന് വലിയ തലവേദനയാകുമെന്ന് സഞ്ജു മുന്‍കൂട്ടി കണ്ട് നായകന്‍ ഒരുക്കിയ തന്ത്രത്തില്‍ യുവതാരം വീഴുകയായിരുന്നു. അതുകൊണ്ടുതന്നെ ശശാങ്കിന്റെ വിക്കറ്റ് നേട്ടത്തില്‍ കുല്‍ദീപിനെപ്പോലെ തന്നെ സഞ്ജുവിന്റെ മികച്ച ബുദ്ധിയും കൈയടി അര്‍ഹിക്കുന്നു.

വിക്കറ്റിന് പിന്നില്‍ സഞ്ജുവിന് അത്ര നല്ല ദിവസമല്ലായിരുന്നു. മികച്ച ചില സേവുകള്‍ നടത്തിയെങ്കിലും ലിയാം ലിവിങ്സ്റ്റണെ ഗോള്‍ഡന്‍ ഡെക്കാക്കാനുള്ള അവസരം സഞ്ജു നഷ്ടമാക്കി. കുല്‍ദീപ് സെന്നിന്റെ പന്തില്‍ എഡ്ജായ ലിവിങ്സ്റ്റണിന്റെ ക്യാച്ച് സഞ്ജുവിന് അടുത്തേക്കെത്തി. എന്നാല്‍ അല്‍പ്പം ദുഷ്‌കരമായിരുന്നു അത്. സഞ്ജു ഡൈവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി ക്യാച്ച് നഷ്ടമായി. അത് ക്യാച്ചാക്കുകയായിരുന്നെങ്കില്‍ അല്‍പ്പം കൂടി നേരത്തെ പഞ്ചാബിനെ തളക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു.
എന്നാല്‍ ഈ പിഴവിന് പ്രായശ്ചിത്തമായി ലിയാം ലിവിങ്സ്റ്റണെ തകര്‍പ്പനായി റണ്ണൗട്ടാക്കാന്‍ സഞ്ജുവിന് സാധിച്ചു. ആര്‍ അശ്വിന്റെ അഭാവത്തില്‍ കേശവ് മഹാരാജിനെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തന്ത്രവും ഫലം കണ്ടു. 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റാണ് കേശവ് നേടിയത്.
പതിയെ തുടങ്ങി ആക്രമത്തിലേക്ക് ഗിയര്‍ മാറ്റാന്‍ പദ്ധതിയിട്ട ജോണി ബെയര്‍സ്‌റ്റോയെ മികച്ച ലൈനില്‍ പന്തെറിഞ്ഞ കേശവ് പൂട്ടുകയായിരുന്നു. മൊഹാലിയിലെ പിച്ച് പൊതുവേ പേസര്‍മാര്‍ക്ക് അനുകൂലമാണ്. ഈ സീസണില്‍ പേസര്‍മാരാണ് ഇവിടെ കൂടുതല്‍ വിക്കറ്റ് നേടിയത്.
എന്നാല്‍ സ്പിന്നര്‍മാരെ ഉപയോഗിച്ച് പഞ്ചാബിനെ പൂട്ടികെട്ടാന്‍ രാജസ്ഥാനായി എന്നതാണ് എടുത്തു പറയേണ്ടത്. സ്പിന്നര്‍മാരേയും പേസര്‍മാരേയും കൃത്യമായി ഉപയോഗിക്കാന്‍ സഞ്ജുവിനായി. നായകനെന്ന നിലയില്‍ സഞ്ജുവിന്റെ എല്ലാ നീക്കങ്ങളും കൈയടി അര്‍ഹിക്കുന്നതാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് താനുണ്ടാവുമെന്ന് സെലക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമാണ് വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും സഞ്ജു കാഴ്ചവെക്കുന്നത്.
ബാറ്റിങ്ങില്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ എല്ലാ തവണയും വലിയ വിമര്‍ശനം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ സഞ്ജു അവസരത്തിനൊത്ത് ഉയരുന്നത് ആരാധകര്‍ക്കും വലിയ ആവേശം നല്‍കുന്നു.