ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവെ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ തോല്‍വികളോടെ നാണംകെടുകയാണ്. പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചെങ്കിലും അവസാനം കളിച്ച നാല് മത്സരത്തിലും സഞ്ജു സാംസണും സംഘവും പരാജയം രുചിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനോട് 7 പന്ത് ബാക്കിയാക്കി 5 വിക്കറ്റിന്റെ തോല്‍വിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 9 വിക്കറ്റിന് 144 റണ്‍സാണ് നേടാനായത്.
മറുപടിക്കിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. പഞ്ചാബ് നായകന്‍ സാം കറെന്റെ (63*) ബാറ്റിങ്ങാണ് പഞ്ചാബിന് ജയമൊരുക്കിയത്. രാജസ്ഥാന്റെ തുടര്‍ തോല്‍വി പ്ലേ ഓഫിലേക്കെത്തുമ്പോള്‍ വളരെ നിരാശപ്പെടുത്തുകയാണ്. രാജസ്ഥാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ തെറ്റായ തീരുമാനങ്ങള്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. സംഭവിച്ച പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം തെറ്റായിപ്പോയി. ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ താരങ്ങള്‍ക്കായില്ല. ബാറ്റിങ് നിരയിലെ പ്രധാന താരങ്ങളൊന്നും ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നതാണ് എടുത്തു പറയേണ്ടത്. വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ വെറും 4 റണ്‍സില്‍ മടങ്ങി. അവസാന മത്സരങ്ങളിലൊന്നും മികച്ച തുടക്കം ലഭിക്കാത്തത് രാജസ്ഥാനെ പിന്നോട്ടടിച്ചിരുന്നു.
പഞ്ചാബിനെതിരേയും പവര്‍പ്ലേ മുതലാക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയി. ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ മടങ്ങിയത് രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. സഞ്ജു സാംസണും ജോസ് ബട്‌ലര്‍ക്ക് പകരമെത്തിയ ടോം കോഹ്ലര്‍ കാഡ്‌മോറിനും അതിവേഗം റണ്‍സുയര്‍ത്താനായില്ല. കോഡ്‌മോര്‍ 23 പന്തില്‍ 18 റണ്‍സോടെ ടെസ്റ്റ് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. സഞ്ജു ഉത്തരവാദിത്തം കാട്ടാതെ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്.

റിയാന്‍ പരാഗിന്റേയും (48) ആര്‍ അശ്വിന്റേയും (28) ബാറ്റിങ്ങാണ് വലിയ നാണക്കേടില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. അതിവേഗത്തില്‍ ബാറ്റു ചെയ്യാന്‍ രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും സാധിക്കാതെ പോയി. പിച്ച് സ്ലോവായിരുന്നതിനാല്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. രാജസ്ഥാന്‍ ബൗളിങ്ങില്‍ ഒരു വലിയ അബദ്ധം കാട്ടി. അഞ്ച് ബൗളര്‍മാരെ മാത്രം സഞ്ജു വിശ്വസിച്ചത് തിരിച്ചടിയായി. ഇംപാക്ട് പ്ലയറായി ബൗളറെ പരിഗണിക്കണമായിരുന്നു.
പിച്ച് സ്ലോവായതിനാല്‍ റിയാന്‍ പരാഗ്, റോവ്മാന്‍ പവല്‍ എന്നിവരെ പരീക്ഷിച്ചിരുന്നെങ്കില്‍ ടീമിനത് ഗുണം ചെയ്യാന്‍ സാധ്യത കൂടുതലായിരുന്നു. പക്ഷെ ഇത്തരമൊരു നീക്കം നടത്താന്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ധൈര്യം കാട്ടിയില്ല. സാം കറെന്‍ ഒരുവശത്ത് റണ്‍സുയര്‍ത്തിയപ്പോള്‍ ഇത്തരമൊരു പാര്‍ട്ട് ടൈം ബൗളറെ പരിഗണിക്കാന്‍ സഞ്ജു തയ്യാറാകാതിരുന്നത് രാജസ്ഥാനെ തളര്‍ത്തിയെന്നതാണ് വസ്തുത.
രാജസ്ഥാന്റെ ബൗളര്‍മാര്‍ ഡെത്തോവറില്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. 18ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ യോര്‍ക്കറുകള്‍ എറിഞ്ഞ് കളി പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന പന്തില്‍ ഷോട്ട് ബോളെറിഞ്ഞ് സിക്‌സര്‍ വഴങ്ങിയത് മത്സരത്തിന്റെ ഗതി മാറ്റി. താരം യോര്‍ക്കറിന് ശ്രമിക്കാതിരുന്നത് വലിയ മണ്ടത്തരമായി. 17ാം ഓവറിന്റെ അവസാന പന്തില്‍ ആവേശ് ഖാന്‍ സ്ലോ ബൗണ്‍സര്‍ എറിഞ്ഞത് അഷുതോഷ് ശര്‍മ ബൗണ്ടറിയും പായിച്ചു.
19ാം ഓവര്‍ എറിയാനെത്തിയ ആവേശ് ഖാനും യോര്‍ക്കറിന് ശ്രമിച്ചില്ല. ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് വിക്കറ്റ് നേടാന്‍ ശ്രമിച്ചത് തിരിച്ചടിയായി. മികച്ച ലൈന്‍ ഡെത്തോവറില്‍ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. രാജസ്ഥാന്‍ പ്രതീക്ഷിച്ചതിലും 25 റണ്‍സോളം കുറവാണ് നേടിയതെന്ന് സഞ്ജു മത്സരശേഷം പറയുകയുണ്ടായി.
തങ്ങളുടെ അഞ്ച് ബൗളര്‍മാരും മികച്ചവരായതിനാലാണ് ഇംപാക്ട് പ്ലയറായി ബൗളറെ പരിഗണിക്കാത്തതെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ സഞ്ജുവിന്റെ ഈ അമിത ആത്മവിശ്വാസമാണ് രാജസ്ഥാനെ തോല്‍പ്പിച്ചതെന്ന് തന്നെ വിലയിരുത്താം.