മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മറ്റൊരു ത്രില്ലറില്‍ പഞ്ചാബ് കിങ്‌സിനെ 9 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിന്റെ തകര്‍ച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തില്‍ പൊരുതിയാണ് ടീം മുംബൈയോട് തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 192 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു.
4 വിക്കറ്റിന് 14 എന്ന നിലയില്‍ പഞ്ചാബിന്റെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞ ശേഷമാണ് ടീം പൊരുതിയത്. അഷുതോഷ് ശര്‍മ 28 പന്തില്‍ 61 റണ്‍സുമായി ശക്തമായ പ്രകടനം കാഴ്ചവെച്ചെങ്കിലും കോയിറ്റ്‌സിയുടെ പന്തില്‍ താരം മടങ്ങിയതോടെ പഞ്ചാബ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു. ശശാങ്ക് സിങ്ങും 25 പന്തില്‍ 41 റണ്‍സുമായി ശക്തമായ പോരാട്ടം കാഴ്ചവെച്ചു. പഞ്ചാബ് ജയിക്കേണ്ടിയിരുന്ന കളി തോല്‍ക്കാനുള്ള പ്രധാന കാരണം ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്.
പഞ്ചാബിന്റെ പ്രധാനപ്പെട്ട താരങ്ങള്‍ക്കൊന്നും മികവ് കാട്ടാനാവാതെ പോയതാണ് ടീമിന്റെ എല്ലാ പദ്ധതികളും തകര്‍ത്തത്. പഞ്ചാബ് ടോപ് ഓഡര്‍ തകരാനുള്ള പ്രധാന കാരണം ടീം നടത്തിയ അനാവശ്യ പരീക്ഷണമാണെന്ന് പറയാം. നായകന്‍ സാം കറെന്റെ മണ്ടത്തരവും ഈ തകര്‍ച്ചയുടെ കാരണമാണ്. പരിക്കേറ്റ ശിഖര്‍ ധവാന്‍ പ്ലേയിങ് 11ന് പുറത്താണ്. ജോണി ബെയര്‍സ്‌റ്റോക്ക് ഫോമുമില്ല. ഈ സാഹചര്യത്തില്‍ മുംബൈക്കെതിരേ പ്രഭ്‌സിംറാന്‍ സിങ്ങും സാം കറെനുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്.
സുനില്‍ നരെയ്‌നെപ്പോലെ സാം കറെന്‍ കടന്നാക്രമിച്ച് പവര്‍പ്ലേയില്‍ വെടിക്കെട്ട് തുടക്കം നല്‍കുമെന്നാണ് പഞ്ചാബ് കരുതിയത്. എന്നാല്‍ ഈ ഓപ്പണിങ് കൂട്ടുകെട്ട് ദുരന്തമായതോടെയാണ് പഞ്ചാബ് ടോപ് ഓഡര്‍ തകര്‍ന്നത്. സാം കറെനെ ഓപ്പണറാക്കാനുള്ള പഞ്ചാബിന്റെ തീരുമാനം മണ്ടത്തരമായിപ്പോയെന്ന് തന്നെ പറയാം. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ 193 എന്ന വലിയ ടോട്ടലാണ് പഞ്ചാബ് പിന്തുടരുന്നത്.

അതും മുംബൈയെപ്പോലെ ശക്തമായ ബൗളിങ് കരുത്തുള്ള ടീമിനെതിരേ. അതുകൊണ്ടുതന്നെ കറെനെ ഓപ്പണറാക്കി ഇറക്കാനുള്ള തീരുമാനം ആന മണ്ടത്തരമാണെന്ന് പറയാം. രണ്ട് ഓപ്പണര്‍മാരും പെട്ടെന്ന് മടങ്ങിയത് റില്ലി റൂസോയെയും ബാധിച്ചു. വമ്പനടിക്കാരന്‍ ലിയാം ലിവിങ്സ്റ്റണും തിരിച്ചടിയായത് ഈ സമ്മര്‍ദ്ദമാണ്. മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചിരുന്നെങ്കില്‍ ടോപ് ഓഡറിന് മെച്ചപ്പെട്ട സ്‌കോര്‍ നേടാനാവുമായിരുന്നു.
ഫിനിഷര്‍ റോളില്‍ കളിക്കുന്ന ശശാങ്കും അഷുതോഷും പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യേണ്ട അവസ്ഥയായിരുന്നു ഉണ്ടായത്. പഞ്ചാബ് ടീം മാനേജ്‌മെന്റ് ഇത്തരമൊരു അനാവശ്യ പരീക്ഷണം നടത്തിയത് തോല്‍വിക്ക് കാരണമായെന്ന് പറയാം. പഞ്ചാബ് ബാറ്റിങ് ഓഡറില്‍ ജിതേഷ് ശര്‍മയെ പിന്നോട്ടിറക്കി അഷുതോഷിനെ നേരത്തെ കളിപ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മാറാന്‍ സാധ്യത കൂടുതലായിരുന്നു. ജിതേഷ് ശര്‍മ സീസണില്‍ മോശം ഫോമിലാണ് കളിക്കുന്നത്.
ഏഴാം നമ്പറിലാണ് ജിതേഷ് കളിച്ചത്. അടിച്ചുകളിക്കണ്ട സമയത്ത് 9 പന്തില്‍ 1 ഫോറുള്‍പ്പെടെ 9 റണ്‍സാണ് ജിതേഷ് നേടിയത്. ആ സമയത്ത് അഷുതോഷിനെ കളിപ്പിച്ചിരുന്നെങ്കില്‍ മത്സരത്തില്‍ ചിലപ്പോള്‍ പഞ്ചാബ് ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. മുംബൈക്കെതിരേ എട്ടാം നമ്പറിലാണ് അഷുതോഷിന് കളിക്കാന്‍ അവസരം ലഭിച്ചത്. വമ്പനടിക്കാരനായ ഫിനിഷറാണ് അഷുതോഷ്. എന്നാല്‍ ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ എട്ടാം നമ്പറിലേക്ക് അഷുതോഷിനെ ഒതുക്കാന്‍ പാടില്ലായിരുന്നു.
ഏഴാം നമ്പറില്‍ അഷുതോഷിനെ കളിപ്പിക്കാത്തത് പഞ്ചാബിന്റെ മണ്ടത്തരമാണെന്ന് പറയാം. ഇംപാക്ട് പ്ലയറായി ഹര്‍പ്രീത് സിങ്ങിനെ കളിപ്പിച്ച പഞ്ചാബിന്റെ പദ്ധതിയും പാളി. 15 പന്തില്‍ 13 റണ്‍സാണ് ഹര്‍പ്രീത് നേടിയത്. ഈ മെല്ലപ്പോക്ക് ബാറ്റിങ്ങും പഞ്ചാബിന് തിരിച്ചടിയായി. പഞ്ചാബിന്റെ ടോപ് ഓഡര്‍ ഉത്തരവാദിത്തം കാട്ടാനാവാത്ത പക്ഷം പഞ്ചാബിന് ജയിക്കുക പ്രയാസമായിരിക്കും. അഷുതോഷിന്റേയും ശശാങ്കിന്റേയും പ്രകടനം സീനിയര്‍ താരങ്ങള്‍ മാതൃകയാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പഞ്ചാബ് തോല്‍വി തുടരും.