മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നാലാം തോല്‍വി പഞ്ചാബ് കിങ്‌സ് ഏറ്റുവാങ്ങിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനോട് 3 വിക്കറ്റിന്റെ തോല്‍വിയാണ് തട്ടകത്തില്‍ പഞ്ചാബ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 1 പന്ത് ബാക്കിനിര്‍ത്തി ജയിക്കുകയായിരുന്നു. ഷിംറോന്‍ ഹെറ്റ്‌മെയറുടെ (27*) സൂപ്പര്‍ ഫിനിഷിങ്ങാണ് രാജസ്ഥാന് ജയമൊരുക്കിയത്.
അവസാനം വരെ പഞ്ചാബ് പൊരുതിയെങ്കിലും രാജസ്ഥാനോട് തലകുനിക്കാനായിരുന്നു വിധി. പഞ്ചാബ് നായകന്‍ സാം കറെന്റെ പിഴവാണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. ശിഖര്‍ ധവാന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച കറെനെടുത്ത ചില മണ്ടന്‍ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായി. അതില്‍ ഒന്നാമത്തെ കാരണം കഗിസോ റബാഡയെ ഡെത്തോവറിലേക്ക് മാറ്റിവെച്ചില്ലെന്നതാണ്. റബാഡ 4 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് വീഴ്ത്തിയത്.
റബാഡയുടെ 4 ഓവറും നേരത്തെ എറിഞ്ഞു തീര്‍ക്കാനുള്ള കറെന്റെ തീരുമാനം മണ്ടത്തരമായെന്ന് പറയാം. ഡെത്തോവറിലേക്ക് ഹര്‍ഷല്‍ പട്ടേലിനെയാണ് കറെന്‍ മാറ്റിവെച്ചത്. സീസണിലുടെനീളം തല്ലുവാങ്ങിയ ഹര്‍ഷലിനെ വീണ്ടും കറെന്‍ വിശ്വസിച്ചതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. 18ാം ഓവര്‍ എറിയാനെത്തിയ ഹര്‍ഷല്‍ 1 വിക്കറ്റ് നേടിയെങ്കിലും 14 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതാണ് സമ്മര്‍ദ്ദം ഒഴിവാക്കി ആത്മവിശ്വാസത്തിലേക്കെത്താന്‍ രാജസ്ഥാനെ സഹായിച്ചത്.
പഞ്ചാബ് കിങ്‌സ് ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവും തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം. റിയാന്‍ പരാഗിനെ ലിയാം ലിവിങ്സ്റ്റണ്‍ വിട്ടുകളഞ്ഞു. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കവെ മികച്ച ഫീല്‍ഡിങ് പ്രകടനം അത്യാവശ്യമാണ്. എന്നാല്‍ പഞ്ചാബിന് ലഭിച്ച അവസരങ്ങളെ മുതലാക്കാനായില്ല. അവസാന ഓവറില്‍ നായകന്‍ കറെന്‍ വരുത്തിയ ഫീല്‍ഡിങ് പിഴവും മത്സരത്തില്‍ വഴിത്തിരിവായി. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

അര്‍ഷ്ദീപ് സിങ് ആദ്യ 2 പന്തും ഡോട്ട് ബോളാക്കി. എന്നാല്‍ മൂന്നാം പന്തില്‍ സിക്‌സര്‍ പറത്തി. നാലാം പന്തില്‍ സിംഗിളെടുക്കാനുള്ള അവസരമേ ഹെറ്റ്‌മെയര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ കറെന്‍ വരുത്തിയ ഫീല്‍ഡിങ് പിഴവിലൂടെ ഹെറ്റ്‌മെയര്‍ രണ്ടാം റണ്‍സ് നേടുകയും സ്‌ട്രൈക്ക് നിലനിര്‍ത്തുകയും ചെയ്തു. ഈ പന്ത് സിംഗിളില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ട്രന്റ് ബോള്‍ട്ട് സ്‌ട്രൈക്കിലേക്കെത്തുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ പിടിച്ചുകെട്ടാന്‍ പഞ്ചാബിന് സാധിക്കുമായിരുന്നു.
പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഫീല്‍ഡിങ് അവസരത്തിനൊത്ത് ഉയരാതെ വന്നു. പഞ്ചാബിന്റെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. 130നുള്ളില്‍ പഞ്ചാബ് ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ 16 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ അഷുതോഷ് ശര്‍മ 31* റണ്‍സ് നേടിയതാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. ലിയാം ലിവിങ്‌സ്റ്റണ്‍ 14 പന്തില്‍ 21 റണ്‍സും നേടി. ജിതേഷ് ശര്‍മ 24 പന്തില്‍ 29 റണ്‍സാണ് നേടിയത്.
രാജസ്ഥാനെ വിറപ്പിക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്കായെങ്കിലും ഹെറ്റ്‌മെയറുടെ പ്രകടനം കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. 10 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ഹെറ്റ്‌മെയര്‍ 27 റണ്‍സ് നേടി രാജസ്ഥാന്റെ വിജയ ശില്‍പ്പിയായി മാറിയത്. 6 മത്സരത്തില്‍ 4ലും തോറ്റ പഞ്ചാബിന് പ്ലേ ഓഫിലേക്കെത്താന്‍ വരുന്ന മത്സരങ്ങളിലെല്ലാം തുടര്‍ ജയങ്ങള്‍ നേടേണ്ടത് അത്യാവശ്യമാണ്.
പല മത്സരങ്ങളിലും അവസാനംവരെ പൊരുതാന്‍ പഞ്ചാബിന് സാധിക്കുന്നുണ്ടെങ്കിലും ഭാഗ്യം തുണക്കുന്നില്ല. ബാറ്റിങ് നിര മെച്ചപ്പെട്ടാല്‍ പഞ്ചാബിന് തിരിച്ചുവരവ് കടുപ്പമാവില്ല. കാരണം ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.