ലഖ്‌നൗ: അഞ്ചാമത്തെ വിജയത്തോടെ ഐപിഎഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരം പാഴാക്കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം നടന്ന എവേ മാച്ചില്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു കനത്ത തോല്‍വിയാണ് റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും നേരിടേണ്ടി വന്നത്. ഒരോവര്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് ലഖ്‌നൗ സിഎസ്‌കെയുടെ കഥ കഴിച്ചത്.
സിഎസ്‌കെ നല്‍കിയ 177 റണ്‍സെന്ന വിജയലക്ഷ്യ സ്വന്തം കാണികള്‍ക്കു മുന്നില്‍ കാര്യമായ വെല്ലുവിളിയില്ലാതെയാണ് ലഖ്‌നൗ മറികടന്നത്. ക്യാപ്റ്റന്‍ രാഹുലിന്റെയും ഓപ്പണിങ് ജോടിയായ ക്വിന്റണ്‍ ഡികോക്കിന്റെയും ഫിഫ്റ്റികള്‍ മല്‍സരം സിഎസ്‌കെയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍- ഡികോക്ക് ജോടി 134 റണ്‍സ് നേടിയപ്പോള്‍ തന്നെ മല്‍സരം ലഖ്‌നൗ വരുതിയിലാക്കിയിരുന്നു. സിഎസ്‌കെ നായകന്‍ റുതുരാജിന്റെ ചില മണ്ടത്തരങ്ങളാണ് മല്‍സരത്തില്‍ സിഎസ്‌കെയുടെ പരാജയത്തിനു വഴിയൊരുക്കിയത്.

ബൗളിങ് റൊട്ടേഷനുകളുടെ കാര്യത്തില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ റുതുരാജിനു സാധിച്ചില്ലെന്നു കാണാം. ഈ കാരണത്താല്‍ തന്നെ രാഹുല്‍- ഡികോക്ക് സഖ്യത്തിനു സ്‌കോറിങ് എളുപ്പമായി മാറുകയും ചെയ്തു. സ്പിന്നര്‍മാരെ വളരെ മികച്ച രീതിയില്‍ പവര്‍പ്ലേയില്‍ പോലും ഉപയോഗിച്ചിരുന്നയാളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. അദ്ദേഹത്തിന്റെ പ്രധാന വിജയരഹസ്യങ്ങളിലൊന്നും ഇതായിരുന്നു. പക്ഷെ സ്പിന്നര്‍മാരില്‍ റുതുരാജ് വേണ്ടത്ര വിശ്വാസമര്‍പ്പിക്കുന്നില്ല. പേസര്‍മാരെയാണ് അദ്ദേഹം കൂടുതലായി ആശ്രയിച്ചു കൊണ്ടിരിക്കുന്നത്.
ലഖ്‌നൗവിനെതിരായ മല്‍സരത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. അവര്‍ക്കെതിരേ റുതുരാജ് കാണിച്ച ഏറ്റവും വലിയ അബദ്ധം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ മോയിന്‍ അലിയെ ബൗളിങില്‍ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ലെന്നതാണ്. സിഎസ്‌കെയ്ക്കു വേണ്ടി ബൗള്‍ ചെയ്ത ആറു പേരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനിന്നത് അലിയാണ്. ഒരോവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. എന്നിട്ടും അലിയുടെ നാലോവര്‍ ക്വാട്ട റുതുരാജ് പൂര്‍ത്തിയാക്കിയില്ലെന്നതു ദുരൂഹം തന്നെയാണ്.
10ാമത്തെ ഓവറിലായിരുന്നു അലിയെ റുതുരാജ് ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്. ലഖ്‌നൗ അപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സെന്ന നിലയിലായിരുന്നു. 46 റണ്‍സുമായി രാഹുലും 34 റണ്‍സെടുത്ത ഡികോക്കുമായിരുന്നു ക്രീസില്‍. രവീന്ദ്ര ജഡേജയെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമേ ലഖ്‌നൗ നേടിയിരുന്നുള്ളൂ. അതിനു പിന്നാലെയാണ് അലിയും ബൗള്‍ ചെയ്തത്. രണ്ടോവറില്‍ ലഖ്‌നൗവിനു ലഭിച്ചത് 14 റണ്‍സ് മാത്രം.

ജഡേജ- അലി ജോടിയെ തന്നെ തുടര്‍ന്നും ബൗള്‍ ചെയ്യിച്ചിരുന്നെങ്കില്‍ അതു ലഖ്‌നൗവിന്റെ സ്‌കോറിങ് കൂടുതല്‍ ദുഷ്‌കരമാക്കുകയും അതു വഴി റിസ്‌ക്കി ഷോട്ടുകള്‍ക്കു ശ്രമിച്ച് ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്താവുകയും ചെയ്യുമായിരുന്നു. പക്ഷെ റുതുരാജിനു ഈ ബുദ്ധി തോന്നിയില്ല. ഒരോവര്‍ മാത്രം എറിഞ്ഞ അലിയെ പിന്‍വലിച്ച് പകരം മുസ്തഫിസുര്‍ റഹ്‌മാനെ റുതുരാജ് കൊണ്ടുവരികയായിരുന്നു.
തുടര്‍ന്ന് അങ്ങോട്ട് പേസര്‍മാരെ മാത്രമാണ് അദ്ദേഹം പരീക്ഷിക്കുകയും ചെയ്തത്. അലിക്കു കൂടുതല്‍ ഓവറുകള്‍ റുതുരാജ് നല്‍കിയിരുന്നെങ്കില്‍ അതു ഇനിയും വിക്കറ്റുകളെടുക്കാനും അതുവഴി ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കാനും സിഎസ്‌കെയ്ക്കു കഴിഞ്ഞേനെ. തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ എന്നിവര്‍ നാലോവറുകള്‍ വീതം ബൗള്‍ ചെയ്തിരുന്നു. തുഷാര്‍ 10.5 ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ വഴങ്ങിയത് 42 റണ്‍സാണ്.
മുസ്തറഫിസുറാവട്ടെ നാലോവോറില്‍ 10.8 ഇക്കോണമി റ്റേില്‍ 43 റണ്‍സും വിട്ടുകൊടുത്തു. നേടിയത് ഒരു വിക്കറ്റ് മാത്രം. ഇവരുടെ കുറച്ചു ഓവറുകള്‍ വെട്ടിക്കുറിച്ച് പകരം അലിക്കു കൂടുതല്‍ ഓവറുകള്‍ നല്‍കുകയാണ് റുതുരാജ് ചെയ്യേണ്ടിയിരുന്നത്. ഇതു മാത്രമല്ല അലിക്കെതിരേ നേരത്തേ ബാറ്റിങില്‍ പലപ്പോഴും പതറിയിട്ടുള്ള താരമാണ് ഡിക്കോക്ക്. അതുകൊണ്ടു തന്നെ പവര്‍പ്ലേയിലും അലിയെ റുതുരാജിനു പരീക്ഷിച്ചു നോക്കാമായിരുന്നു.