ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. പഞ്ചാബ് കിങ്‌സിനോട് സ്വന്തം തട്ടകത്തില്‍ 7 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് സിഎസ്‌കെ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 13 പന്ത് ബാക്കിയാക്കി 7 വിക്കറ്റിന്റെ ജയം നേടിയെടുക്കുകയായിരുന്നു. സീസണിലെ സിഎസ്‌കെയുടെ അഞ്ചാം തോല്‍വിയാണിത്.
ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയതാണ് പഞ്ചാബിന് കരുത്തായത്. ഒരു ബൗണ്ടറി പോലും ഇവര്‍ വിട്ടുകൊടുത്തില്ല. പഞ്ചാബിനായി ജോണി ബെയര്‍സ്‌റ്റോയും (46) റില്ലി റൂസോയും (43) ബാറ്റിങ്ങില്‍ തിളങ്ങി. സിഎസ്‌കെയുടെ തോല്‍വി ആരാധകരെ സംബന്ധിച്ച് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. സിഎസ്‌കെയ്ക്ക് എവിടെയാണ് പിഴച്ചത്?. ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റിയത് എവിടെയാണെന്ന് നോക്കാം.
ഹൈദരാബാദിനെതിരേ മൂന്നാം നമ്പറിലിറങ്ങിയ ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പഞ്ചാബിനെതിരേ മൂന്നാം നമ്പറില്‍ നിന്ന് മിച്ചലിനെ മാറ്റി. എട്ടാമനായാണ് സിഎസ്‌കെ മിച്ചലിനെ കളിപ്പിച്ചത്. എന്തിനായിരുന്നു ഈ അനാവശ്യ പരീക്ഷണമെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. 1 പന്ത് മാത്രമാണ് മത്സരത്തില്‍ മിച്ചലിന് നേരിടാന്‍ ലഭിച്ചത്. ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ മിച്ചലിന്റെ ബാറ്റിങ് ഓഡര്‍ മാറ്റിയതാണ് സിഎസ്‌കെ കാട്ടിയ വലിയ മണ്ടത്തരം.
മൂന്നാം നമ്പറിലേക്ക് ശിവം ദുബെയുടെ ബാറ്റിങ് ഓഡര്‍ മാറ്റേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. എന്നാല്‍ ഇത്തരമൊരു മാറ്റം കൊണ്ടുവന്നപ്പോള്‍ ദുബെയെ ഗോള്‍ഡന്‍ ഡെക്കായാണ് സിഎസ്‌കെയ്ക്ക് നഷ്ടമായത്. മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ചിരുന്ന താരമാണ് ദുബെ. എന്നാല്‍ മൂന്നാം നമ്പറിലേക്കെത്തിയതോടെ ദുബെ ഫ്‌ളോപ്പായി. ഇത്തരമൊരു അനാവശ്യ പരീക്ഷണം സിഎസ്‌കെ നടത്തിയത് ടീമിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തു.

രവീന്ദ്ര ജഡേജ മോശം ഫോമിലാണ്. എന്നിട്ടും വീണ്ടും നാലാം നമ്പറില്‍ ബാറ്റ് ചെയ്യിച്ചു. 4 പന്തില്‍ 2 റണ്‍സാണ് ജഡേജക്ക് നേടാനായത്. ജഡേജയെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിന് പകരം മിച്ചലിനെയോ മോയിന്‍ അലിയേയോ കളിപ്പിക്കണമായിരുന്നു. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് സിഎസ്‌കെ ശ്രമിക്കാതിരുന്നത് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായെന്ന് നിസംശയം പറയാം. ചെന്നൈയിലെ പിച്ചില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ടായിരുന്നു.
മിച്ചല്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. അവസാന മത്സരത്തില്‍ ഫോമിലായിരുന്നിട്ടും മിച്ചലിനെ എട്ടാം നമ്പറിലേക്ക് മാറ്റാനുള്ള മണ്ടന്‍ തീരുമാനത്തിന് സിഎസ്‌കെ വലിയ വില നല്‍കേണ്ടി വന്നുവെന്നതാണ് വസ്തുത. നായകനെന്ന നിലയില്‍ റുതുരാജ് ഗെയ്ക് വാദ് ബാറ്റിങ്ങില്‍ തിളങ്ങുന്നു. സെഞ്ച്വറി ഉള്‍പ്പെടെ അവസാന മൂന്ന് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ നേടാന്‍ റുതുരാജിനായി. എന്നാല്‍ നായകനെന്ന നിലയില്‍ മികച്ച തീരുമാനം എടുക്കുന്നതില്‍ റുതുരാജ് പിന്നോട്ട് പോകുന്നു.
പരിക്കും സിഎസ്‌കെയെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത. മതീഷ പതിരാനക്ക് പരിക്കേറ്റത് സിഎസ്‌കെയുടെ ബൗളിങ് നിരയെ കാര്യമായി ബാധിച്ചു. ദീപക് ചഹാര്‍ രണ്ട് പന്തുകള്‍ എറിഞ്ഞ ശേഷം പരിക്കിനെത്തുടര്‍ന്ന് കളം വിട്ടു. പ്രധാന സ്പിന്നറായ രവീന്ദ്ര ജഡേജക്ക് പിച്ചിന്റെ ആധിപത്യം മുതലാക്കാനായുമില്ല. മോയിന്‍ അലിയുടെ ടീമിലെ റോള്‍ വ്യക്തമല്ല. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോയിന്‍ അലി.
ടോപ് ഓഡറില്‍ അവസരം അര്‍ഹിക്കുന്ന മോയിന്‍ അലിയെ സിഎസ്‌കെ മധ്യനിരയില്‍ കളിപ്പിക്കുന്നതോടെ താരത്തിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരവും നഷ്ടപ്പെടുത്തുന്നു. സിഎസ്‌കെയുടെ പ്ലേയിങ് 11ല്‍ അനാവശ്യ മാറ്റങ്ങളും ബാറ്റിങ് ഓഡറിലെ അനാവശ്യ പരീക്ഷണങ്ങളും ടീമിനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം. സീസണില്‍ ഇതുവരെ സ്ഥിരതയുള്ള പ്ലേയിങ് 11 സൃഷ്ടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം.