മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ വീഴ്ത്തിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 5 വിക്കറ്റിന് 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 8 വിക്കറ്റിന് 205 റണ്‍സാണ് നേടാനായത്.
മുംബൈയുടെ വിജയം ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്നതിന്റെ തെളിവാണ്. രോഹിത് ശര്‍മയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും പെരുമാറ്റങ്ങളില്‍ നിന്ന് തന്നെ ടീമിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് വ്യക്തമാണ്. ഡല്‍ഹിക്കെതിരേ രോഹിത് ശര്‍മക്ക് വേണ്ട പരിഗണന നല്‍കിയാണ് ഹാര്‍ദിക് പെരുമാറിയത്. ആദ്യ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ ഹാര്‍ദിക്കെടുത്ത പല മണ്ടന്‍ തീരുമാനങ്ങളും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ ഡല്‍ഹിക്കെതിരേ ഇത്തരമൊരു സാഹസത്തിനും ഹാര്‍ദിക് മുതിര്‍ന്നില്ല. ഒന്നാമതായി ഹാര്‍ദിക് പവര്‍പ്ലേയില്‍ ജസ്പ്രീത് ബുംറയെ നന്നായി ഉപയോഗിച്ചുവെന്നതാണ്. കഴിഞ്ഞ മത്സരങ്ങളെല്ലാം ഹാര്‍ദിക് പാണ്ഡ്യ ന്യൂബോളിലെത്തുന്നതാണ് കണ്ടത്. ഹാര്‍ദിക് ആദ്യ ഓവറോ രണ്ടാം ഓവറോ ചെയ്യുമ്പോള്‍ ജസ്പ്രീത് ബുംറയെ നാലാം ഓവറിലായി ഉപയോഗിക്കുന്നതാണ് കണ്ടത്. എന്നാല്‍ ഡല്‍ഹിക്കെതിരേ രണ്ടാം ഓവറില്‍ത്തന്നെ ബുംറക്ക് പന്ത് നല്‍കി.
മധ്യ ഓവറുകളിലും ഡെത്തോവറുകളിലും ബുംറയെ ഹാര്‍ദിക് നന്നായി ഉപയോഗിച്ചു. മത്സരത്തിനിടെ രോഹിത്തുമായി ഹാര്‍ദിക് പല തവണ ചര്‍ച്ച നടത്തുകയും ചെയ്തു. രോഹിത്തിന്റെ വാക്കുകള്‍ ഹാര്‍ദിക് ശ്രദ്ധയോടെ കേള്‍ക്കുന്നതും മത്സരത്തിനിടെ കാണാനിടയായി. സീനിയര്‍ താരമെന്ന നിലയില്‍ രോഹിത്തിന് ഹാര്‍ദിക് വില നല്‍കിയതോടെ മുംബൈയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായെന്ന് പറയാം. സൂര്യകുമാര്‍ യാദവിന്റെ വരവും മുംബൈ ടീമിനുള്ളിലെ സാഹചര്യം മാറ്റിയിട്ടുണ്ട്.

ഹാര്‍ദിക്കിന്റെ നായകനാക്കിയപ്പോള്‍ സൂര്യ വിമര്‍ശിച്ച് പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇന്ന് ഹാര്‍ദിക്കിനെതിരേ മത്സരത്തിലെ മനോഹര നിമിഷങ്ങളെല്ലാം സൂര്യകുമാര്‍ ആസ്വദിക്കുന്നതാണ് കണ്ടത്. റൊമാരിയോ ഷിഫേര്‍ഡിന്റെ വെടിക്കെട്ട് സൂര്യയും ഹാര്‍ദിക്കും ഒരുമിച്ചിരുന്ന ആസ്വദിക്കുന്നതാണ് കണ്ടത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ടീം മാനേജ്‌മെന്റും വടിയെടുത്തിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതും ഹാര്‍ദിക് പന്തെറിയാതിരിക്കാനുള്ള കാരണമായി പറയാം.
മത്സര ശേഷം എന്തുകൊണ്ട് പന്തെറിഞ്ഞില്ല എന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ മാത്രം പന്തെറിയുകയെന്നതാണ് തീരുമാനമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ടീമിലെ എല്ലാ താരങ്ങളും ആസ്വദിച്ച് കളിച്ചത് ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എന്നതിന്റെ തെളിവാണ്.
രോഹിത് ശര്‍മയുടേയും ഇഷാന്‍ കിഷന്റേയും വെടിക്കെട്ട് തുടക്കം മുംബൈയുടെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായി. രോഹിത് 27 പന്തില്‍ 6 ഫോറും 3 സിക്‌സും പറത്തി 49 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് അടിച്ചെടുത്തത്.
ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നില്ല. 33 പന്തില്‍ 39 റണ്‍സാണ് താരം നേടിയത്. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക്കെടുത്ത തീരുമാനങ്ങളെല്ലാം മികച്ചതായി. ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നതോടൊപ്പം നന്നായി ഫീല്‍ഡൊരുക്കാനും ഹാര്‍ദിക്കിനായി. ആറ് ബൗളര്‍മാരെ ഉപയോഗിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് മുംബൈ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയതും നിര്‍ണ്ണായകമാണ്. ഹാര്‍ദിക്കിന്റെ ബാറ്റിങ് ഓഡര്‍ മാറ്റിയതും നിര്‍ണ്ണായകമായി.
ഫിനിഷര്‍ റോളിലേക്ക് ഹാര്‍ദിക് ഒതുങ്ങാതെ ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറി കളിച്ചു. കൂടാതെ റൊമാരിയോ ഷിഫേര്‍ഡിനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവന്നതോടെ ഡെത്തോവറില്‍ നന്നായി റണ്‍സ് നേടാനും സാധിച്ചു. ടീം മാനേജ്‌മെന്റിന്റെ ശക്തമായ ഇടപെടല്‍ മുംബൈ ടീമിന്റെ വിജയ വഴിയിലേക്കുള്ള തിരിച്ചുവരവിന് കാരണമായിട്ടുണ്ടെന്ന് നിസംശയം പറയാം.