IPL 2024: റിഷഭ് ആന മണ്ടന്‍, ഡല്‍ഹിയുടെ വില്ലന്‍! കളി തോല്‍പ്പിച്ച വലിയ പിഴവുകളിതാ
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറ്റൊരു തോല്‍വികൂടി ഏറ്റുവാങ്ങിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 67 റണ്‍സിന്റെ തോല്‍വിയാണ് ഡല്‍ഹി നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റിന് 266 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 19.1 ഓവറില്‍ 199 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഡല്‍ഹിയുടെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ നായകന്‍ റിഷഭ് പന്തിനെതിരേ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുകയാണ്.
ടോസ് നേടി ആദ്യം പന്തെറിയാനുള്ള റിഷഭ് പന്തിന്റെ തീരുമാനത്തെ കുറ്റം പറയാനാവില്ല. കാരണം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെപ്പോലെ മികച്ച ബാറ്റിങ് കരുത്തുള്ള ടീമിനെ പ്രതിരോധിച്ച് പിടിച്ചുകെട്ടുകയെന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ റണ്‍സ് പിന്തുടരാനുള്ള തീരുമാനത്തില്‍ തെറ്റ് പറയാനാവില്ല. പക്ഷെ ആദ്യ ഓവറില്‍ ഹൈദരാബാദ് നടത്തിയ കടന്നാക്രമണത്തില്‍ റിഷഭ് പതറി. രണ്ടാം ഓവറില്‍ ലളിത് യാദവിനെ റിഷഭ് പന്തേല്‍പ്പിച്ചത് ലോക മണ്ടത്തരമായി.
അണ്‍ക്യാപ്പഡ് താരമായ ലളിത് മികച്ച റെക്കോഡുള്ള ബൗളറല്ല. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ മാത്രമാണ് താരത്തെ ഉപയോഗിച്ചിരുന്നത്. അതും മധ്യ ഓവറുകളില്‍. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും വമ്പനടിക്കാരായ താരങ്ങളാണെന്നിരിക്കെ ലളിത് യാദവിനെപ്പോലൊരു പാര്‍ട്ട് ടൈം ബൗളര്‍ക്ക് രണ്ടാം ഓവര്‍ നല്‍കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഇതിന് റിഷഭ് ധൈര്യം കാട്ടിയത് വലിയ തിരിച്ചടിയായി. 21 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തത്.
നാലാം ഓവറില്‍ ലളിത് യാദവിന് വീണ്ടും റിഷഭ് പന്ത് കൊടുത്തപ്പോള്‍ 20 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. ഇതോടെ 2 ഓവറില്‍ 41 റണ്‍സെന്ന നാണക്കേട് ലളിതിന് നേരിടേണ്ടി വന്നു. ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന ബാറ്റിങ് നിരക്കെതിരേ അനുഭവസമ്പന്നനല്ലാത്ത ബൗളറെ ഉപയോഗിച്ച റിഷഭിന്റെ മണ്ടത്തരം പവര്‍പ്ലേയില്‍ വലിയ സ്‌കോറിലേക്കുയരാന്‍ ഹൈദരാബാദിനെ സഹായിച്ചുവെന്ന് നിസംശയം പറയാം. ആദ്യ 6 ഓവറില്‍ 125 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

പിന്നീടുള്ള 14 ഓവറില്‍ 141 റണ്‍സിലേക്ക് ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ റിഷഭിന്റെ മോശം തീരുമാനമാണ് കളിയില്‍ ഡല്‍ഹിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. പവര്‍പ്ലേയില്‍ റിഷഭ് കുല്‍ദീപ് യാദവിനെ ഉപയോഗിച്ചു. എന്നാല്‍ പവര്‍പ്ലേയില്‍ പന്തെറിഞ്ഞ് മികച്ച റെക്കോഡുള്ള അക്ഷര്‍ പട്ടേലിന് ഒരോവര്‍ പോലും നല്‍കാന്‍ റിഷഭ് തയ്യാറാവാതെയിരുന്നത് വലിയ മണ്ടത്തരമായിപ്പോയി.
ലളിത് യാദവ് പന്തെറിഞ്ഞ സമയത്ത് അക്ഷര്‍ രണ്ടോവര്‍ ചെയ്യുകയും ലളിതിന് മധ്യ ഓവറുകളില്‍ ബൗളിങ് നല്‍കുകയും ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ നായകനെന്ന നിലയില്‍ റിഷഭിന് പറ്റിയ പാളിച്ചയാണ് കളിയില്‍ ഡല്‍ഹിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. 4 ഓവറില്‍ 29 റണ്‍സ് മാത്രമാണ് അക്ഷര്‍ വിട്ടുകൊടുത്തത്. പവര്‍പ്ലേയില്‍ അക്ഷറുണ്ടായിരുന്നെങ്കില്‍ റെക്കോഡ് ടോട്ടലിലേക്ക് ഹൈദരാബാദ് എത്തില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
അക്ഷര്‍ പട്ടേലിനെ ഡല്‍ഹി എട്ടാം നമ്പറില്‍ ബാറ്റു ചെയ്യാനിറക്കിയതിനേയും ആരാധകര്‍ വിമര്‍ശിക്കുന്നു. ഹൈദരാബാദ് ഷഹബാസ് അഹമ്മദില്‍ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ താരം കസറി. എന്നാല്‍ അത്തരത്തിലൊരു അവസരം അക്ഷറിന് ഡല്‍ഹി നല്‍കിയില്ല. വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അക്ഷര്‍. ലളിത് യാദവിന് മുമ്പായിട്ടെങ്കിലും അക്ഷറിനെ കളിപ്പിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനത്തേയും ആരാധകര്‍ വിമര്‍ശിക്കുന്നു. ജയിക്കാനുള്ള ആഗ്രഹത്തോടെയല്ല റിഷഭ് കളിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. അഭിഷേക് പോറല്‍ നാലാമനായി മടങ്ങുമ്പോള്‍ 8.4 ഓവറില്‍ 135 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഡല്‍ഹി. 12ല്‍ താഴെയായിരുന്നു ആ സമയത്ത് ആവശ്യമായിരുന്ന റണ്‍റേറ്റ്. എന്നാല്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും റിഷഭ് പന്തും കൂടിച്ചേര്‍ന്നതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു.
11 പന്തില്‍ 10 റണ്‍സെടുത്താണ് സ്റ്റബ്‌സ് മടങ്ങിയത്. ഇത്തരമൊരു വലിയ ടോട്ടല്‍ പിന്തുടരുമ്പോള്‍ റിഷഭ് തുടക്കം മുതല്‍ അടിച്ചു കളിക്കണമായിരുന്നു. എന്നാല്‍ ആദ്യത്തെ 10 പന്തിന് ശേഷമാണ് റിഷഭ് ആക്രമിക്കാന്‍ ശ്രമിച്ചത്. റിഷഭിന്റെ തെറ്റായ പദ്ധതി ഡല്‍ഹിയുടെ തോല്‍വിക്ക് പ്രധാന കാരണമായെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications