ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കിരീടം നേടാമെന്ന വലിയ പ്രതീക്ഷയോടെയെത്തി പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യത്തെ ടീമായി മാറാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 25 റണ്‍സിനാണ് ആര്‍സിബി മുട്ടുമടക്കിയത്. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലിലെ റെക്കോഡ് സ്‌കോറായ 287 റണ്‍സ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ആര്‍സിബി ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്.
7 വിക്കറ്റിന് 262 റണ്‍സെടുത്തെങ്കിലും വിജയലക്ഷ്യത്തെക്കാള്‍ 25 റണ്‍സ് കുറവായിരുന്നു ഇത്. ഹൈദരാബാദിനെതിരായ ആര്‍സിബിയുടെ തോല്‍വിയില്‍ എല്ലാ പഴിയും കേള്‍ക്കേണ്ടത് ബൗളര്‍മാരാണെന്ന് പറയാം. ബാറ്റിങ് നിര നന്നായി പൊരുതിയെങ്കിലും എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു ഇത്. ആര്‍സിബി ബൗളര്‍മാരുടെ വലിയ പിഴവ് ഹൈദരാബാദിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇത് എന്താണെന്ന് പരിശോധിക്കാം.
ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയം ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ്. ഇവിടുത്തെ ബൗണ്ടറിയും താരതമ്യേനെ ചെറുതായതിനാല്‍ ബാറ്റിങ് വെടിക്കെട്ട് ഉറപ്പാണ്. ആര്‍സിബിയുടെ ബൗളര്‍മാരുടെ ദൗര്‍ബല്യം നന്നായി അറിയാവുന്നതിനാലാണ് ടോസ് നേടിയ ഫഫ് ഡുപ്ലെസിസ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചത്. എന്നിട്ടും ബൗളര്‍മാര്‍ യാതൊരു തരത്തിലും നായകനൊപ്പം നില്‍ക്കാതെ വഞ്ചിക്കുകയാണ് ചെയ്തത്.
കണക്കുകള്‍ പ്രകാരം ആര്‍സിബിയുടെ ബൗളര്‍മാര്‍ എറിഞ്ഞ പന്തുകളില്‍ 68% സ്റ്റംപിലേക്കായിരുന്നു. ഈ പന്തുകളിലാണ് കൂടുതല്‍ റണ്‍സും ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്. ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് യോര്‍ക്കറുകളെറിയാന്‍ ആര്‍സിബി ബൗളര്‍മാര്‍ തയ്യാറായില്ല. ഫുള്‍ ലെങ്ത് ഡെലിവറികള്‍ മത്സരത്തില്‍ ഫലം കണ്ടിരുന്നു. സ്ലോ ബൗണ്‍സറുകളും പിച്ചില്‍ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ഇതൊന്നും പരീക്ഷിക്കാന്‍ ആര്‍സിബി നിരയില്‍ ആളില്ല.

ഷോര്‍ട്ട് ബോളുകളെറിഞ്ഞ് തല്ലുവാങ്ങുന്ന ആര്‍സിബിയുടെ ബൗളര്‍മാരില്‍ ആരും മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്നില്ല. ആര്‍സിബിയുടെ ഇതേ ബൗളിങ് നിരയെ വെച്ച് കപ്പടിക്കുകയെന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത കാര്യമാണ്. സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിച്ച് തല്ലുവാങ്ങിയ ആര്‍സിബി ബൗളര്‍മാരുടെ പിഴവാണ് ഹൈദരാബാദിനെ റെക്കോഡ് ടോട്ടലിലേക്ക് എത്തിച്ചതെന്ന് നിസംശയം പറയാം.
നായകനെന്ന നിലയില്‍ ഫഫ് ഡുപ്ലെസിസ് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ മറ്റൊരു വലിയ പിഴവും ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നുണ്ട്. ആര്‍സിബി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആരേയും കളിപ്പിക്കുന്നില്ല. ഇത് ടീമിനെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത. സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് കുറച്ച് ഓവര്‍ നല്‍കുന്നുവെന്നല്ലാതെ സ്പിന്‍ സ്‌പെഷ്യലിസ്റ്റായ താരങ്ങളെ ആര്‍സിബി പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നില്ല. ഹൈദരാബാദിന്റെ മായങ്ക് മാര്‍ക്കണ്ഡെ 2 പ്രധാന വിക്കറ്റുകളാണ് നേടിയത്.
ആര്‍സിബി സ്പിന്‍ സ്‌പെഷ്യലിസ്റ്റിനെ കളിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മികച്ച തുടക്കം ലഭിച്ച ആര്‍സിബിയുടെ മധ്യനിര നിരാശപ്പെടുത്തിയത് ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. ഡുപ്ലെസിസ് 28 പന്തില്‍ 62 റണ്‍സും വിരാട് കോലി 20 പന്തില്‍ 42 റണ്‍സും നേടിയപ്പോള്‍ വില്‍ ജാക്‌സ് (7), രജത് പാട്ടീധാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയത് ടീം സ്‌കോറിന്റെ വേഗം കുറക്കുകയും കളി കൈവിടാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.
ദിനേഷ് കാര്‍ത്തിക് 35 പന്തില്‍ 83 റണ്‍സുമായി ഒറ്റക്ക് പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് കാര്‍ത്തിക് കസറിയത്. മഹിപാല്‍ ലോംറോര്‍ 11 പന്തില്‍ 19 റണ്‍സും അനൂജ് റാവത്ത് 14 പന്തില്‍ 25* റണ്‍സും നേടിയെങ്കിലും വിജയത്തിന് അത് മതിയാവുമായിരുന്നില്ല. പവര്‍പ്ലേയിലും ഡെത്തോവറിലും ആര്‍സിബി ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണം വരുത്താത്ത പക്ഷം ടീം തോല്‍വി തുടരുമെന്നുറപ്പ്.