ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഉദിച്ചുയരുമ്പോള്‍ അതിന് പിന്നില്‍ ഊര്‍ജമാകുന്നത് പാറ്റ് കമ്മിന്‍സ് എന്ന നായകനാണ്. എയ്ഡന്‍ മാര്‍ക്രത്തെ മാറ്റി പകരം കമ്മിന്‍സിനെ നായകനാക്കിയപ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നിരുന്നെങ്കിലും എല്ലാ ചോദ്യങ്ങളേയും നിഷ്പ്രഭമാക്കി കമ്മിന്‍സിന് കീഴില്‍ ഹൈദരാബാദ് വിജയക്കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 67 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ഡല്‍ഹി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റിന് 266 എന്ന വമ്പന്‍ ടോട്ടല്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 5 പന്ത് ബാക്കി നിര്‍ത്തി 199 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഹൈദരാബാദിനെ വിറപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും 9 ഓവറിന് ശേഷം ഹൈദരാബാദ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. നായകനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സിന്റെ ഗംഭീര നീക്കങ്ങളാണ് ഹൈദരാബാദിന് കരുത്തായതെന്ന് പറയാം.
267 എന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി വിജയത്തിനായി തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. പൃഥ്വി ഷാ ആദ്യ ഓവറിലെ 4 പന്തുകള്‍ ബൗണ്ടറി പായിച്ച് ഞെട്ടിച്ചു. എന്നാല്‍ ഒരുവശത്ത് വിക്കറ്റ് വീഴ്ത്താന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായി. പക്ഷെ ഒരുവശത്ത് റണ്‍സുയര്‍ന്നു. 8.4 ഓവറില്‍ 135 റണ്‍സ് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് കളി മാറിയത്. അഭിഷേക് പോറലിനെ മടക്കാന്‍ മായങ്ക് മാര്‍ക്കണ്ഡെയെക്കൊണ്ടുവന്ന കമ്മിന്‍സിന്റെ നീക്കം ഫലിച്ചു.
വൈഡ് എറിഞ്ഞ് പോറലിനെ കബളിപ്പിച്ച മായങ്ക് സ്റ്റംപിങ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത കമ്മിന്‍സ് വെറും 2 റണ്‍സാണ് വിട്ടുകൊടുത്തത്. 11ാം ഓവറില്‍ ഏറ്റവും വിശ്വസ്തനായ ബൗളറായ ടി നടരാജനേയും കമ്മിന്‍സ് കൊണ്ടുവന്നു. റണ്‍റേറ്റ് കുറപ്പിച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുകയെന്നതായിരുന്നു കമ്മിന്‍സിന്റെ പദ്ധതി. ഈ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്.

12ാം ഓവര്‍ ഭുവനേശ്വര്‍ കുമാറിന് നല്‍കി സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ കമ്മിന്‍സ് ശ്രമിച്ചെങ്കിലും ഈ ഓവറില്‍ 10 റണ്‍സ് വന്നതോടെ ഡല്‍ഹിക്ക് അല്‍പ്പം ആശ്വാസമായി. എന്നാല്‍ 13ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിനെ ഉപയോഗിക്കാനുള്ള കമ്മിന്‍സിന്റെ തീരുമാനം നിര്‍ണ്ണായകമായി. രണ്ടാം പന്തില്‍ ട്രിസ്റ്റന്‍ സ്റ്റ്ബ്‌സിനെ പുറത്താക്കാന്‍ നിതീഷിനായി. ഇതാണ് മത്സരം ഡല്‍ഹിയില്‍ നിന്ന് നഷ്ടമാക്കിയത്. വമ്പനടിക്കാരനായ സ്റ്റബ്‌സ് വീണതോടെ റിഷഭും മാനസികമായി തളര്‍ന്നു.
ഇതോടെ അനായാസം ആധിപത്യം നേടിയെടുക്കാന്‍ എസ്ആര്‍എച്ചിന് സാധിച്ചു. ടി നടരാജനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കമ്മിന്‍സിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 19ാം ഓവര്‍ എറിയാനെത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് നടരാജന്‍ ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. ബാറ്റിങ് ഓഡറില്‍ കമ്മിന്‍സ് വരുത്തിയ നീക്കങ്ങളും ഫലം കണ്ടു. ഷഹബാസ് അഹമ്മദിനെ ആറാം നമ്പറില്‍ കളിപ്പിക്കാനുള്ള തീരുമാനം ഗുണം ചെയ്തു.
29 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് നേടാനായില്ലെങ്കിലും 4 ഓവറില്‍ 35 റണ്‍സുമായി നിര്‍ണ്ണായക ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ കമ്മിന്‍സിന് സാധിച്ചു. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നടത്തുന്ന ബാറ്റിങ് വെടിക്കെട്ട് ഹൈദരാബാദിന്റെ കുതിപ്പിന് ശക്തി പകരുന്നുണ്ടെങ്കിലും ഹൈദരാബാദിന്റെ ഇത്തവണത്തെ വജ്രായുധം കമ്മിന്‍സിന്റെ കിടു ക്യാപ്റ്റന്‍സിയാണെന്ന് പറയാം.
2016ന് ശേഷം ഹൈദരാബാദ് ഇത്തവണ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് 250ലധികം സ്‌കോര്‍ ഹൈദരാബാദ് അടിച്ചെടുക്കുന്നത്.