ഐപിഎല്ലില്‍ ഒരു സമയത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഫ്രാഞ്ചൈസിയായിരുന്ന മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ ഏറ്റവുമധികം വെറുക്കപ്പെടുകയും ട്രോളുകള്‍ക്കു ഇരയാവുകയും ചെയ്യുന്ന ടീമായി മാറിയിരിക്കുകയാണ്. മാസങ്ങള്‍ കൊണ്ടാണ് മുംബൈയ്ക്കു ഇത്തരമൊരു മോശം അവസ്ഥയിലേക്കു വീഴേണ്ടി വന്നത്. ഇതിനെല്ലാം ഒരൊറ്റ കാരണമേയുള്ളൂ, ഐക്കണ്‍ താരം രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതോടെയാണ് കഷ്ടകാലത്തിന്റെ തുടക്കം.
കഴിഞ്ഞ ഡിസംബറിലെ താരലേലത്തിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്ന് മുംബൈ ഇത്തരമൊരു സാഹസം കാണിച്ചത്. ഈ നീക്കം ഇത്ര വലിയൊരു ദുരന്തമായി മാറുമെന്നു മുംബൈ ടീം മാനേജ്‌മെന്റ് സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. ഇപ്പോള്‍ അവര്‍ ശരിക്കും ത്രിശങ്കുവിലായിരിക്കുകയാണ്.

എവേ മല്‍സരമായിരുന്നിട്ടു പോലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ കളിയില്‍ മുംബൈയ്ക്കും ഹാര്‍ദിക്കിനും നേരിടേണ്ടി വന്നത്. അപ്പോൾ ഹോം മാച്ചിലെ അവസ്ഥയെന്താവും? ടോസിനു മുമ്പ് തന്നെ സ്റ്റേഡിയത്തില്‍ രോഹിത്തിന്റെ പേരില്‍ മുദ്രാവാക്യം വിളിയും ഹാര്‍ദിക്കിനു കൂവലുമെല്ലാം കേള്‍ക്കാമായിരുന്നു. കളി തടസ്സപ്പെടുത്തി ഒരു നായ ഗ്രൗണ്ടിലൂടെ ഓടിയപ്പോൾ ഹാര്‍ദിക്, ഹാര്‍ദിക് എന്നു വിളിച്ചായിരുന്നു മുംബൈ ക്യാപ്റ്റനെ കാണികള്‍ അധിക്ഷേപിച്ചത്.
ഇതേ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മുംബൈ ക്യാംപില്‍ ഈ സീസണില്‍ പൊട്ടിത്തെറിയുറപ്പാണ്. മുംബൈ പ്ലേഓഫില്‍ കടന്നില്ലെങ്കിലും അദ്ഭുതപ്പെടാനില്ല. കാരണം ടീം അത്രയുമധികം ഛിന്നഭിന്നമായി മാറിക്കഴിഞ്ഞു. ഈ സീസണില്‍ ഇതിനൊരു പരിഹാരം ഇനി അസാധ്യമാണ്. പക്ഷെ 2025ലെ ഐപിഎല്ലില്‍ മുംബൈയ്ക്കു തിരുത്താന്‍ അവസരമുണ്ട്. പഴയ മുംബൈ ടീമായി മാറാന്‍ എന്താണ് ചെയ്യേണ്ടത്? നമുക്കു പരിശോധിക്കാം.
ഹാര്‍ദിക്കാണ് മുംബൈ ടീമിലെ ഇപ്പോഴത്തെ ഈ അസ്വസ്ഥതയ്ക്കു കാരമെന്നു നിസംശയം പറയാം. അതുകൊണ്ടു തന്നെ ഈ സീസണില്‍ സംഭവിച്ച തെറ്റ് തിരുത്താന്‍ മുംബൈ ടീം മാനേജ്‌മെന്റ് തയ്യാറായേ തീരൂ. അടുത്ത സീസണില്‍ ടീം വിടാന്‍ തന്നെയായിരിക്കും രോഹിത്തിന്റെ നീക്കം. കൂടാതെ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ എന്നിവരും രോഹിത്തിന്റെ വഴിയെ ടീം വിടാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ മൂന്നു പേരെയും ഒറ്റയടിക്കു നഷ്ടമായാല്‍ അതോടെ മുംബൈ തീര്‍ന്നുവെന്നു നിസംശയം പറയാം.

അതുകൊണ്ടു തന്നെ ഇത്തരമൊരു ദുരന്തത്തിലേക്കു വീഴാതിരിക്കാന്‍ മുംബൈയ്ക്കു മുന്നില്‍ ഒരു വഴിയാണുന്നത്. ഈ സീസണിനു ശേഷം ഹാര്‍ദിക്കിനെ കൈവിടുകയെന്നതാണ് ഈ മാര്‍ഗം. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയതു കൊണ്ടു മാത്രം കാര്യമില്ല. പുകഞ്ഞ കൊള്ളിയായ ഹാര്‍ദിക്കിനെ ഒഴിവാക്കിയാല്‍ മാത്രമേ ടീമിനു രക്ഷയുള്ളൂ. അതു ചെയ്താല്‍ രോഹിത്തിനെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്കു സാധിക്കും. കൂടാതെ സൂര്യ, ബുംറ എന്നിവരും ടീമില്‍ തുടരാന്‍ തയ്യാറാവും.
പ്രായം പരിഗണിക്കുമ്പോള്‍ രോഹിത്തിനെ ഇനി നായകസ്ഥാനത്തേക്കു തിരികെ കൊണ്ടുവരുന്നത് നല്ല നീക്കമാവില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു വിശ്വസ്തരും പ്രിയപ്പെട്ടവരുമായ സൂര്യ, ബുംറ എന്നിവരിലൊരാളെ അടുത്ത സീസണില്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാം. ഇതില്‍ രോഹിത്തിനും എതിര്‍പ്പുണ്ടാവില്ല. ആരാധകരും ഇതു തന്നെയാവും ആഗ്രഹിക്കുന്നത്.
ഹാര്‍ദിക്കിനെ മുംബൈ കൈവിടുകയാണെങ്കില്‍ ഈ തീരുമാനത്തെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. ഇതോടെ നഷ്ടപ്പെട്ട ആരാധക പിന്തുണ വീണ്ടെടുക്കാനും മുംബൈയ്ക്കു കഴിയും. അടുത്ത സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. നാലു താരങ്ങളെ മാത്രമേ ഓരോ ടീമിനും നിലനിര്‍ത്താന്‍ അനുവാദമുള്ളൂ.
രോഹിത്തിനൊപ്പം സൂര്യ, ബുംറ, ഇഷാന്‍ / തിലക് എന്നിവരെ നിലനിര്‍ത്തിയ ശേഷം പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കേണ്ടത്. പക്ഷെ ഹാര്‍ദിക്കിനെ കൈവിടാന്‍ മുംബൈ തയ്യാറാവുമോയന്നതാണ് ചോദ്യം. ആരാധകരോഷം തള്ളി മുന്നോട്ടു പോയാല്‍ അതു മുംബൈ ഫ്രാഞ്ചൈയിയുടെ വന്‍ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.