ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ഇന്ന് കലാശക്കൊട്ടാണ്. ആവേശകരമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ചെന്നൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇരു ടീമും ശക്തരായതിനാല്‍ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണത്തെ സീസണും മികച്ച മത്സരങ്ങള്‍ ആരാധകര്‍ക്ക് നല്‍കിയാണ് കടന്ന് പോകാനൊരുങ്ങുന്നത്.
ജൂണ്‍ 2ന് ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇത്തവണത്തെ ഐപിഎല്ലിന് എല്ലാ താരങ്ങളും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഐപിഎല്ലിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ സമ്മാനത്തുകള്‍ എത്രയൊക്കെയാണെന്ന് അറിയാമോ?. കിരീടം നേടുന്നവര്‍, റണ്ണറപ്പുകള്‍, ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ് എന്നിവയെല്ലാം നേടുന്നവരുടെ സമ്മാനത്തുക എത്രയാണെന്ന് പരിശോധിക്കാം. ഐപിഎല്ലില്‍ ജയിക്കുന്ന ടീമിന് പ്രഥമ സീസണില്‍ ലഭിച്ചത് 4.8 കോടിയാണ്.
റണ്ണറപ്പുകള്‍ക്ക് 2.4 കോടിയും പ്രതിഫലം ലഭിച്ചു. 20 കോടിക്ക് അടുത്താണ് ഇപ്പോള്‍ ജേതാവാകുന്ന ടീമിന് ലഭിക്കുന്ന പ്രതിഫലം. റണ്ണറപ്പുകള്‍ക്ക് 13 കോടിയാണ് പ്രതിഫലമായി ലഭിക്കുക. കെകെആര്‍, ഹൈദരാബാദ് ടീമുകളിലൊരാള്‍ കിരീടം നേടുകയും രണ്ടാം ടീം റണ്ണറപ്പുകളാവുകയും ചെയ്യും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 7 കോടി രൂപയും നാലാം സ്ഥാനത്തെത്തുന്ന ടീമിന് 6.5 കോടി രൂപയുമാണ് ലഭിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് 7 കോടി രൂപയാണ് ലഭിച്ചത്.
ആര്‍സിബിക്ക് 6.5 കോടിയും ലഭിച്ചു. ഇനി കിരീടം നേടുന്നത് ആരാവുമെന്നതാണ് കണ്ടറിയേണ്ടത്. സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുന്ന താരത്തിന് ഓറഞ്ച് ക്യാപ് പുരസ്‌കാരം ലഭിക്കും. കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന് പര്‍പ്പിള്‍ ക്യാപ്പും ലഭിക്കും. 15 ലക്ഷം രൂപയാണ് ഇവരുടെ സമ്മാനത്തുക. വിരാട് കോലിയാണ് ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ഒന്നാമതുള്ളത്. 741 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയത്.

ആര്‍സിബി എലിമിനേറ്ററില്‍ രാജസ്ഥാനോട് തോറ്റ് പുറത്തായെങ്കിലും കോലിയുടെ സ്‌കോറിനെ മറികടക്കാന്‍ നിലവിലെ മറ്റൊരു ബാറ്റ്‌സ്മാനും സാധിക്കില്ല. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷല്‍ പട്ടേല്‍ നേടാനാണ് കൂടുതല്‍ സാധ്യത. പഞ്ചാബ് കിങ്‌സ് ഈ സീസണിലും നിരാശപ്പെടുത്തിയെങ്കിലും 24 വിക്കറ്റോടെ ഹര്‍ഷല്‍ മിന്നിച്ചു. ഈ സീസണിലെ മികച്ച എമര്‍ജിങ് പ്ലേയറെ കാത്തിരിക്കുന്നത് 20 ലക്ഷം രൂപയാണ്. മോസ്റ്റ് വാല്യുവബിള്‍ താരത്തിന് 12 ലക്ഷം രൂപയും പ്രതിഫലമായി ലഭിക്കും.
കെകെആര്‍-ഹൈദരാബാദ് ഫൈനലിനെ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മഴ വില്ലനാവാന്‍ സാധ്യതയുണ്ട്. ഇന്നലെ ചെന്നൈയില്‍ നല്ല മഴയുണ്ടായിരുന്നു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴ പെയ്ത് ഇന്ന് മത്സരം നടക്കാതെ പോയാല്‍ പോരാട്ടം റിസര്‍വ് ഡേയായ തിങ്കളാഴ്ച്ചത്തേക്ക് മാറ്റും. ഈ ദിവസവും കളി നടക്കാതെ പോയാല്‍ ടേബിള്‍ ടോപ്പര്‍മാരായ കെകെആറാവും വിജയികളാവുക.
ഹൈദരാബാദും കെകെആറും മികച്ച താരങ്ങളുടെ നിരയായതിനാല്‍ മികച്ച പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കാം. മഴ വില്ലനായാല്‍ ഓവര്‍ വെട്ടിക്കുറച്ച് മത്സരം നടത്തേണ്ടതായി വരും. ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുകയും ഒന്നാം ക്വാളിഫയറില്‍ ജയിക്കുകയും ചെയ്ത കെകെആര്‍ ഫൈനലില്‍ ഹൈദരാബാദിനെ തകര്‍ക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ അവസാന മത്സരത്തില്‍ ചെന്നൈയില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലിനെത്തുന്നത്.
ഇത് ഹൈദരാബാദിന് കെകെആറിനെതിരായ ഫൈനലില്‍ ഗുണം ചെയ്‌തേക്കും. സ്പിന്നര്‍മാര്‍ക്ക് വലിയ ആധിപത്യമാണ് ചെന്നൈയിലെ പിച്ചിലുള്ളത്. അതുകൊണ്ടുതന്നെ സ്പിന്നിനെ നന്നായി ഉപയോഗിക്കുന്ന ടീം ജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. കൂടുതല്‍ പാര്‍ട്ട് ടൈം ബൗളര്‍മാരുള്ള ഹൈദരാബാദ് കെകെആറിനെ വിറപ്പിച്ചേക്കും. എന്തായാലും മത്സരം നടന്നാല്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം.