For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പവര്‍പ്ലേയില്‍ 17 പന്തില്‍ 19, രാഹുല്‍ ലഖ്‌നൗവിന്റെ ശാപം! കളി തോല്‍പ്പിച്ചു; വിമര്‍ശനം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 98 റണ്‍സിന് തകര്‍ത്തിരിക്കുകയാണ് കെകെആര്‍. ലഖ്‌നൗവിന്റെ തട്ടകത്തിലാണ് കെകെആറിന്റെ വമ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കെകെആര്‍ 6 വിക്കറ്റിന് 235 റണ്‍സാണ് അടിച്ചെടുത്തത്. ലഖ്‌നൗവിലെ റെക്കോഡ് സ്‌കോറാണിത്.

രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ച്ചയുടെ ആനുകൂല്യം ലഭിച്ചെങ്കിലും ഇതിനെ മുതലാക്കാന്‍ ആതിഥേയര്‍ക്കായില്ല. ഇതോടെ 16.1 ഓവറില്‍ 137 റണ്‍സില്‍ ലഖ്‌നൗവിന് ഒതുങ്ങേണ്ടി വന്നു. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ ഇത്തരത്തില്‍ നാണംകെട്ടതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ഇപ്പോഴിതാ ലഖ്‌നൗവിന്റെ തോല്‍വിയില്‍ നായകന്‍ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.

236 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് വെടിക്കെട്ട് തുടക്കം അത്യാവശ്യമായിരുന്നു. പവര്‍പ്ലേ മുതലാക്കാനായി ഓപ്പണിങ്ങിലിറങ്ങി വമ്പനടി നടത്തേണ്ട രാഹുല്‍ ടെസ്റ്റിന് സമാനമായ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ക്വിന്റന്‍ ഡീകോക്കിന് പകരം ഓപ്പണറായെത്തിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി (9) പെട്ടെന്ന് മടങ്ങിയപ്പോള്‍ രാഹുല്‍ സമ്മര്‍ദ്ദത്തിലായി. ഇതോടെ അതിവേഗം റണ്‍സുയര്‍ത്താന്‍ മറന്ന രാഹുല്‍ 17 പന്തില്‍ 19 റണ്‍സാണ് പവര്‍പ്ലേയില്‍ നേടിയത്.

മാര്‍ക്കസ് സ്‌റ്റോയിണിസ് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോഴും രാഹുല്‍ തുഴഞ്ഞു. പവര്‍പ്ലേയില്‍ ആക്രമിക്കാതെ പിന്നീട് കടന്നാക്രമിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴച്ചു. 21 പന്തില്‍ 25 റണ്‍സെടുത്ത രാഹുല്‍ ഹര്‍ഷിത് റാണക്ക് വിക്കറ്റ് നല്‍കി മടങ്ങി. 119 മാത്രമായിരുന്നു രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ്. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച രാഹുലിന് അവിടം മുതല്‍ പിഴച്ചു. ബാറ്റുകൊണ്ട് രാഹുല്‍ കസറേണ്ട സാഹചര്യത്തില്‍ താരം നിറം മങ്ങി.

kl rahul

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് രാഹുല്‍ തഴയപ്പെട്ടത് ശരിയായ തീരുമാനമാണെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ബൗളിങ്ങില്‍ രാഹുലിന്റെ പല തീരുമാനങ്ങളും പാളി. മൊഹ്‌സിന്‍ ഖാന് പരിക്കേറ്റതോടെ രണ്ടോവര്‍ മാത്രമാണ് താരത്തിന് പന്തെറിയാനായത്. ഇതോടെ രാഹുല്‍ നായകനെന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായി. യുദ്ധ്‌വീര്‍ സിങ്ങിന് രാഹുല്‍ ഓവര്‍ നല്‍കിയപ്പോഴേക്കും സമയം വൈകിയെന്ന് പറയാം.

2 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് യുദ്ധ് വീര്‍ നേടിയത്. താരത്തെ അല്‍പ്പം കൂടി നേരത്തെ ഉപയോഗിക്കാന്‍ രാഹുല്‍ ധൈര്യം കാട്ടാത്തത് മണ്ടത്തരമായി. യഷ് താക്കൂര്‍ മോശം ഫോമിലായിരുന്നു. എന്നിട്ടും താരത്തിന് നാല് ഓവര്‍ നല്‍കിയതും രാഹുലിന് പറ്റിയ പിഴവാണ്. അതേ സമയം നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ മികവ് കാട്ടി. പ്രധാനമായും ബൗളിങ് ചെയ്ഞ്ചുകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

മാര്‍ക്കസ് സ്‌റ്റോയിണിസ് മികച്ച ഫോമിലായിരുന്നു ബാറ്റ് ചെയ്തത്. 21 പന്തില്‍ 4 ഫോറും 2 സിക്‌സുമടക്കം 36 റണ്‍സാണ് സ്റ്റോയിണിസ് നേടിയത്. സ്‌റ്റോയിണിസിന് ആന്‍ഡ്രേ റസലിനെ നേരിടുമ്പോള്‍ ദൗര്‍ബല്യമുണ്ടായിരുന്നു. ഈ മുന്‍ കണക്കുകളെ വിശ്വസിച്ച് റസലിന് കൃത്യ സമയത്ത് ശ്രേയസ് പന്ത് നല്‍കിയത് ഫലം കണ്ടു. സിക്‌സറിന് ശ്രമിച്ച സ്റ്റോയിണിസ് ടൈമിങ് പിഴച്ചപ്പോള്‍ ഹര്‍ഷിത് റാണക്ക് അനായാസ ക്യാച്ചായി സ്‌റ്റോയിണിസിന്റെ ഇന്നിങ്‌സ് അവസാനിച്ചു.

ഓള്‍റൗണ്ടര്‍മാരായ ആന്‍ഡ്രേ റസലിനേയും സുനില്‍ നരെയ്‌നേയും ഫലപ്രദമായി ഉപയോഗിച്ച് ശ്രേയസ് ലഖ്‌നൗവിനെ പൂട്ടി. സ്റ്റോയിണിസ്, നിക്കോളാസ് പുരാന്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി മത്സരം കെകെആറിന് അനുകൂലമാക്കിയത് റസലായിരുന്നു. കൃത്യമായ സമയത്ത് റസലിനെ ഉപയോഗിക്കാന്‍ നായകനെന്ന നിലയില്‍ ശ്രേയസിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Sunday, May 5, 2024, 23:43 [IST]
Other articles published on May 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+