ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. തോറ്റ് തുടങ്ങിയ ലഖ്‌നൗ അവസാന മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. കരുത്തരായ ഗുജറാത്തിനെ 33 റണ്‍സിനാണ് ലഖ്‌നൗ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. എന്നാല്‍ മികച്ച ബൗളിങ്ങിലൂടെ ഗുജറാത്തിനെ 18.5 ഓവറില്‍ 130ലേക്കൊതുക്കാന്‍ ലഖ്‌നൗ ബൗളര്‍മാര്‍ക്കായി.
കെ എല്‍ രാഹുലിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ഗുജറാത്തിനെ തകര്‍ത്തതെന്ന് നിസംശയം പറയാം. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച രാഹുല്‍ ഗുജറാത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലഖ്‌നൗവിന് 5 വിക്കറ്റിന് 163 റണ്‍സാണ് നേടാനായത്. ശരാശരി ടീം ടോട്ടലായിരുന്നു ഇത്. എന്നാല്‍ രണ്ടാമത് ബാറ്റു ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന മുന്‍തൂക്കത്തെ ലഖ്‌നൗ നന്നായി ഉപയോഗിച്ചു.
ക്രുണാല്‍ പാണ്ഡ്യയെ കൃത്യ സമയത്ത് രാഹുല്‍ ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റാണ് ക്രുണാല്‍ വീഴ്ത്തിയത്. സായ് സുദര്‍ശനെ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ക്രുണാല്‍ പുറത്താക്കി. യുവതാരങ്ങളായ ബി ആര്‍ ശരത്തിനേയും ദര്‍ശന്‍ നാല്‍ക്കണ്ഡയേയും പുറത്താക്കി മത്സരത്തിന്റെ ഗതി മാറ്റിയത് ക്രുണാലായിരുന്നു. ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഗുജറാത്തിനായി.
എന്നാല്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ രാഹുലിനായി. മികച്ച ഫീല്‍ഡിങ്ങൊരുക്കുന്നതിലും നായകനെന്ന നിലയില്‍ രാഹുല്‍ വിജയിച്ചു. ഗുജറാത്തിന്റെ തന്ത്രം പാളിയത് മധ്യനിരയിലാണ്. ഡേവിഡ് വാര്‍ണറെപ്പോലൊരു പിഞ്ച് ഹിറ്ററായ സീനിയര്‍ താരത്തിന്റെ അഭാവം ഗുജറാത്തിനെ വേട്ടയാടി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഗുജറാത്ത് നിരയില്‍ ആര്‍ക്കുമായില്ല. ടെസ്റ്റിന് സമാനമായ സ്‌ട്രൈക്ക് റേറ്റിലാണ് ഗുജറാത്ത് കളിച്ചത്.

സായ് സുദര്‍ശന്‍ 23 പന്തില്‍ 31 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ് 134.78 ആയിരുന്നു. അഞ്ച് പ്രധാന താരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 110ല്‍ താഴെയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ശുബ്മാന്‍ ഗില്‍ 90.47 സ്‌ട്രൈക്ക് റേറ്റോടെയാണ് മടങ്ങിയത്.
ഓപ്പണറായി ഇറങ്ങി പവര്‍പ്ലേയില്‍ ബാറ്റു ചെയ്തിട്ടും ഗില്ലിന് മികവ് കാട്ടാനായില്ല. കെയ്ന്‍ വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ് 20 ആയിരുന്നു. ശരത്ത് 40 സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചപ്പോള്‍ വിജയ് ശങ്കറിന്റെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു.
17 പന്തില്‍ 17 റണ്‍സാണ് വിജയ് നേടിയത്. നാല്‍ക്കണ്ഡെ 109 സ്‌ട്രൈക്ക് റേറ്റോടെയാണ് പുറത്തായത്. റാഷിദ് ഖാന്‍ ഡെക്കിനും പുറത്തായി. ഫീല്‍ഡിങ്ങില്‍ ഗുജറാത്തിനെക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ ലഖ്‌നൗവിനായി. ഗുജറാത്ത് നിരവധി ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയത് മത്സരത്തില്‍ തിരിച്ചടിയായി.
ലഖ്‌നൗവിന്റെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോഴും മാര്‍ക്കസ് സ്‌റ്റോയിണിസും (58) നിക്കോളാസ് പുരാനും (32) ആയുഷ് ബദോനിയും (20) നിര്‍ണ്ണായക റണ്‍സുകള്‍ നേടി. സ്‌റ്റോയിണിസ് 4 ഫോറും 2 സിക്‌സും പറത്തിയപ്പോള്‍ 3 സിക്‌സറാണ് പുരാന്റെ സമ്പാദ്യം.
3 ബൗണ്ടറിയാണ് ബദോനി നേടിയത്. പവര്‍പ്ലേ മുതലാക്കാന്‍ ലഖ്‌നൗവിനായില്ലെങ്കിലും ഡെത്തോവറില്‍ ഭേദപ്പെട്ട പ്രകടനത്തോടെ 163 എന്ന സ്‌കോറിലേക്കുയരാന്‍ ലഖ്‌നൗവിനായി. കെ എല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റിനെതിരേ ട്രോളുകളയുരന്നുണ്ട്. 31 പന്തില്‍ 33 റണ്‍സ് നേടിയ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 106.45 ആയിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
എന്നാല്‍ നായകനെന്ന നിലയില്‍ മികച്ച നീക്കങ്ങളോടെ കൈയടി നേടാന്‍ രാഹുലിന് സാധിച്ചു. യഷ് താക്കൂറിനെ നന്നായി ഉപയോഗിച്ച രാഹുല്‍ യുവതാരത്തില്‍ വിശ്വാസവും അര്‍പ്പിച്ചു. ഇതിനോട് നീതികാട്ടിയ യഷ് താക്കൂര്‍ 5 വിക്കറ്റ് പ്രകടനത്തോടെ നിറഞ്ഞാടി. 3.5 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് യഷ് താക്കൂര്‍ 5 വിക്കറ്റ് നേടിയത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറുമുണ്ട്. ക്രുണാല്‍ പാണ്ഡ്യയുടെ 3 വിക്കറ്റ് പ്രകടനവും ലഖ്‌നൗവിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി.