ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കരുത്തരായ സിഎസ്‌കെയെ പൂട്ടിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്‌നൗ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 4 വിക്കറ്റിന് 210 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ 3 പന്തുകള്‍ ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. മാര്‍ക്കസ് സ്റ്റോയിണിസിന്റെ (124*) തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് ലഖ്‌നൗവിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
എന്നാല്‍ ലഖ്‌നൗവിന്റെ ജയത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് കെ എല്‍ രാഹുലിന്റെ നിര്‍ണ്ണായക തീരുമാനമാണ്. നിക്കോളാസ് പുരാനും മാര്‍ക്കസ് സ്റ്റോയിണിസും ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍ണ്ണായക സമയത്ത് പുരാനെ മതീഷ പതിരാന പുറത്താക്കി. 15 പന്തില്‍ 34 റണ്‍സെടുത്ത പുരാന്‍ പുറത്താവുമ്പോള്‍ 16.3 ഓവറില്‍ 4ന് 158 എന്ന നിലയിലായിരുന്നു ലഖ്‌നൗ. പിന്നാലെ ആര് ബാറ്റ് ചെയ്യാനിറങ്ങുമെന്നത് ലഖ്‌നൗവിനെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു.
ഫോമിലുള്ള ആയുഷ് ബദോനിയും അനുഭവസമ്പന്നനായ ക്രുണാല്‍ പാണ്ഡ്യയുമായിരുന്നു ലഖ്‌നൗവിന്റെ പദ്ധതിയിലുള്ള ഫിനിഷര്‍മാര്‍. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ദീപക് ഹൂഡയാണ് ബാറ്റ് ചെയ്യാനെത്തിയത്. ലഖ്‌നൗവിന്റെ മണ്ടന്‍ തീരുമാനമായി ഇത് മാറുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഹൂഡ ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു.
6 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 17 റണ്‍സാണ് ഹൂഡക്ക് നേടാനായത്. സിഎസ്‌കെയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹൂഡ നടത്തിയത്. ടീമിന്റെ പദ്ധതിയെ മാറ്റി കെ എല്‍ രാഹുലെടുത്ത തീരുമാനമാണ് ലഖ്‌നൗവിനെ വിജയത്തിലേക്കെത്തിച്ചത്. ബദോനിയെ തടഞ്ഞ് ഹൂഡയെ ഇറക്കാമെന്നത് രാഹുലിന്റെ തീരുമാനമായിരുന്നു. നായകനെന്ന നിലയില്‍ രാഹുലെടുത്ത മികച്ച തീരുമാനം ലഖ്‌നൗവിന് വിജയമൊരുക്കുകയായിരുന്നു.

മത്സരശേഷം ഹൂഡ തന്റെ പദ്ധതിയെക്കുറിച്ച് പറയുകയും ചെയ്തു. ആദ്യ പന്ത് മുതല്‍ ആക്രമിക്കുകയെന്നതായിരുന്നു മനസില്‍. ഇതിനായാണ് തന്നെ ഇറക്കിയതെന്നാണ് ഹൂഡ പറഞ്ഞത്. ബദോനിക്ക് ആദ്യ പന്ത് മുതല്‍ ആക്രമിക്കുക പ്രയാസമാണ്. തന്റേതായ ദിവസം കത്തിക്കയറാന്‍ കഴിവുണ്ടെങ്കിലും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ അതിവേഗം റണ്‍സുയര്‍ത്തുക ബദോനിക്ക് പ്രയാസമാണ്. ക്രുണാല്‍ പാണ്ഡ്യയ്ക്കും ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ബുദ്ധിമുട്ടാണ്.
മോശം ഫോമിലാണെങ്കിലും വലിയ ഷോട്ട് കളിക്കാന്‍ ഹൂഡ മിടുക്കനാണ്. അതുകൊണ്ടാണ് ഹൂഡയെ രാഹുല്‍ പിന്തുണച്ചത്. രാഹുലിന്റെ ഈ തീരുമാനം പാളിയില്ലെന്ന് മത്സരഫലത്തില്‍ നിന്ന് വ്യക്തം. അതുകൊണ്ടുതന്നെ ലഖ്‌നൗവിന്റെ ജയം ഡ്രസിങ് റൂമിലിരുന്ന് നന്നായി രാഹുല്‍ ആഘോഷിക്കുകയും ചെയ്തു. ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുല്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നില്‍ രാഹുല്‍ മിന്നല്‍ പ്രകടനവുമായി കൈയടി നേടി.
എന്നാല്‍ രാഹുലൊരു വലിയ മണ്ടത്തരവും മത്സരത്തില്‍ കാട്ടി. ദേവ്ദത്ത് പടിക്കലിനെ നാലാം നമ്പറില്‍ കളിപ്പിച്ചത് ടീമിന്റെ തോല്‍വിക്ക് കാരണമാവാതെ പോയത് ഭാഗ്യംകൊണ്ടാണെന്ന് പറയാം. 19 പന്ത് നേരിട്ട് 13 റണ്‍സാണ് ദേവ്ദത്ത് നേടിയത്. മാര്‍ക്കസ് സ്റ്റോയിണിസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ്ങാണ് ദേവ്ദത്ത് കാഴ്ചവെച്ചത്. ലഖ്‌നൗവിന്റെ തോല്‍വി ഒഴിവായത് ഭാഗ്യംകൊണ്ടാണെന്ന് പറയാം. രാഹുലിന്റെ തീരുമാനം പാളാന്‍ സാധ്യതകളേറെയായിരുന്നെങ്കിലും ഭാഗ്യം തുണച്ചു.
ഹൂഡയെ ഇറക്കിയത് അതി സാഹസികമായ തീരുമാനമാണ്. ടീമിന്റെ തലവര മാറ്റിയത് ഈ തീരുമാനമായിരുന്നു. എന്നാല്‍ ടീം തോല്‍ക്കേണ്ടി വന്നിരുന്നെങ്കില്‍ രാഹുലിന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്. എന്തായാലും തകര്‍പ്പന്‍ ജയത്തോടെ ലഖ്‌നൗവിനെ നാലാം സ്ഥാനത്തേക്കുയര്‍ത്താന്‍ രാഹുലിന് സാധിച്ചു.