ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 57ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 10 വിക്കറ്റിന് നാണംകെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 4 വിക്കറ്റിന് 165 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ 167 റണ്‍സ് നേടി ജയം പിടിച്ചെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (89*) അഭിഷേക് ശര്‍മ (75*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയമൊരുക്കിയത്.
ഒന്ന് പൊരുതാന്‍ പോലുമാവാതെയാണ് ലഖ്‌നൗ തോല്‍വി ഏറ്റുവാങ്ങിയത്. ഹൈദരാബാദിന്റെ സര്‍വാധിപത്യം കണ്ട മത്സരത്തില്‍ ലഖ്‌നൗവിന്റെ തോല്‍വിക്ക് നായകന്‍ കെ എല്‍ രാഹുലാണ് കാരണക്കാരന്‍. നായകനെന്ന നിലയില്‍ രാഹുലെടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ഇത്തരത്തില്‍ രാഹുല്‍ വരുത്തിയ പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം തെറ്റായിരുന്നു. തലേ ദിവസം മഴ പെയ്തതിനാല്‍ ആദ്യം ബാറ്റ് ചെയ്താല്‍ ഗുണം ചെയ്യുമെന്ന രാഹുലിന്റെ കണക്കുകൂട്ടല്‍ തെറ്റി. പിച്ച് സ്ലോവായതോടെ പവര്‍പ്ലേയില്‍ ലഖ്‌നൗ സ്‌കോര്‍ ഇഴഞ്ഞു. കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങും തിരിച്ചടിയായി. പവര്‍പ്ലേയില്‍ 24 പന്തില്‍ 19 റണ്‍സ് നേടാനേ രാഹുലിനായുള്ളൂ. 77 മാത്രമായിരുന്നു സ്‌ട്രൈക്ക് റേറ്റ്.
പവര്‍പ്ലേയില്‍ ഹൈദരാബാദിന് വിക്കറ്റ് പോവാതെ 107 റണ്‍സടിച്ചപ്പോള്‍ ലഖ്‌നൗവിന്റെ പവര്‍പ്ലേ സ്‌കോര്‍ 2 വിക്കറ്റിന് 27 റണ്‍സ് മാത്രമായിരുന്നു. ഇതിന് കാരണം രാഹുലിന്റെ സ്ലോ ബാറ്റിങ്ങായിരുന്നു. നാലാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യയെ ബാറ്റിങ്ങിനിറക്കിയതും തെറ്റായ തീരുമാനമായി. അല്‍പ്പം കൂടി വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ആയുഷ് ബദോനിക്ക് നേരത്തെ അവസരം നല്‍കണമായിരുന്നു. ആറാം നമ്പറിലിറങ്ങിയ ബദോനി 30 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സോടെ പുറത്താവാതെ നിന്നു.

ദീപക് ഹൂഡയും കൃഷ്ണപ്പ ഗൗതവും കടന്നാക്രമിക്കാന്‍ ശേഷിയുള്ളവരായിട്ടും ഇവര്‍ക്ക് ബാറ്റിങ്ങില്‍ അവസരം നല്‍കാതിരുന്നതും ലഖ്‌നൗവിന്റെ സ്‌കോറിനെ ബാധിച്ചു. ബാറ്റിങ് ഓഡറില്‍ ലഖ്‌നൗ വരുത്തിയ മണ്ടന്‍ മാറ്റങ്ങള്‍ ടീമിന് തിരിച്ചടിയായെന്ന് നിസംശയം പറയാം. 166 എന്ന ചെറിയ വിജയലക്ഷ്യമാണ് ഹൈദരാബാദിലെ ബാറ്റിങ് പിച്ചില്‍ ലഖ്‌നൗ മുന്നോട്ട് വെച്ചത്. ബൗളിങ്ങിനിറങ്ങിയപ്പോള്‍ രാഹുല്‍ വീണ്ടും മണ്ടത്തരം കാട്ടി.
കൃഷ്ണപ്പ ഗൗതത്തെ പവര്‍പ്ലേയില്‍ ഉപയോഗിച്ച രാഹുല്‍ ലോക മണ്ടത്തരമാണ് കാട്ടിയത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും അതിവേഗത്തില്‍ റണ്ഡസുയര്‍ത്തുന്ന ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ടുതന്നെ ഗൗതത്തെ ഇട്ടുകൊടുത്തത് ഹൈദരാബാദിനെ സഹായിച്ചതുപോലെയായി. 2 ഓവറില്‍ 29 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ക്രുണാല്‍ പാണ്ഡ്യയെപ്പോലെ സീനിയറായ സ്പിന്നര്‍ ഉണ്ടായിട്ടും പവര്‍പ്ലേയില്‍ പരീക്ഷിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
ഏഴാം ഓവറില്‍ ആയുഷ് ബദോനിയെയാണ് രാഹുല്‍ പന്തേല്‍പ്പിച്ചത്. 1 ഓവറില്‍ 19 റണ്‍സാണ് താരം വിട്ടുകൊടുത്തത്. സ്‌കോര്‍ നിയന്ത്രിക്കാന്‍ അനുഭവസമ്പന്നനായ ക്രുണാലിനെ രാഹുല്‍ പരീക്ഷിച്ചില്ലെന്നത് അത്ഭുതകരമായി. ബൗണ്ടറിയിലൂടെയും സിക്‌സറിലൂടെയും ഹൈദരാബാദ് അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ രാഹുലിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. മൊഹ്‌സിന്‍ ഖാന്റെ അഭാവം ലഖ്‌നൗവിന്റെ ബൗളിങ് നിരയില്‍ നിഴലിച്ച് നിന്നു.
നവീന്‍ ഉല്‍ ഹഖ് മാത്രമാണ് ലഖ്‌നൗ നിരയില്‍ ഏക പേസ് ബൗളര്‍. യഷ് ടാക്കൂറെന്ന മീഡിയം പേസറെ രാഹുല്‍ അമിതമായി വിശ്വസിച്ചതും തിരിച്ചടിയായി. ഇംപാക്ട് പ്ലയറായി ഒരു സ്‌പെഷ്യലിസ്റ്റ് പേസറെ ലഖ്‌നൗ ഉപയോഗിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇത്തരമൊരു നീക്കം ലഖ്‌നൗ നടത്തിയില്ലെന്നതാണ് അത്ഭുതപ്പെടുത്തിയത്. ലഖ്‌നൗവിനെ സംബന്ധിച്ച് ജയം നിര്‍ണ്ണായകമായ മത്സരത്തിലാണ് രാഹുല്‍ ഇത്തരം ആന മണ്ടത്തരങ്ങള്‍ കാട്ടിയത്.