ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനം മോശമാവുകയാണ്. ആദ്യ പാദത്തില്‍ കസറിയടിച്ച സഞ്ജുവും കൂട്ടരും രണ്ടാം പാദത്തില്‍ തനിനിറം കാട്ടിയിരിക്കുകയാണ്. പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചെങ്കിലും അവസാനം കളിച്ച നാല് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് തോറ്റിരിക്കുകയാണ്. ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും രാജസ്ഥാന് മുന്നില്‍ ആശങ്കകളേറെയാണ്.
രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ നിന്ന് ജോസ് ബട്‌ലര്‍ പുറത്തായത് ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടീം നായകനായ ബട്‌ലര്‍ പാകിസ്താന്‍ പരമ്പരയ്ക്കായാണ് ഐപിഎല്ലില്‍ നിന്ന് പോയത്. ബട്‌ലറുടെ അഭാവം രാജസ്ഥാനെ സംബന്ധിച്ച് നികത്താവാത്ത വിടവാണ്. സീസണില്‍ അതിഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നില്ലെങ്കിലും സെഞ്ച്വറിയടക്കം നടത്തി നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ഓപ്പണര്‍ക്കായിരുന്നു.
ബട്‌ലറുടെ അഭാവം പ്ലേ ഓഫില്‍ രാജസ്ഥാന് കടുത്ത തിരിച്ചടിയാണെന്ന് പറയാം. ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ കാര്യം ബട്‌ലറുടെ അനുഭവസമ്പത്താണ്. വലിയ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ബട്‌ലര്‍ക്ക് നന്നായി അറിയാം. ടി20 ലോകകപ്പ് ഫൈനലിലടക്കം മിന്നും പ്രകടനം നടത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്ലേ ഓഫില്‍ ഗംഭീര റെക്കോഡാണ് ബട്‌ലര്‍ക്കുള്ളത്.
രണ്ട് വര്‍ഷം മുമ്പ് രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരേ സെഞ്ച്വറി നേടി രാജസ്ഥാനെ ഫൈനലിലെത്തിച്ച താരമാണ് ബട്‌ലര്‍. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള ബട്‌ലര്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനും കടന്നാക്രമിച്ച് കളിക്കാനും മിടുക്കനാണ്. എങ്ങനെ മത്സരത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന നല്ല ധാരണ അദ്ദേഹത്തിനുണ്ട്. സഹ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ യുവതാരമാണ്. അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കാനും ബട്‌ലര്‍ ടീമിലുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ബട്‌ലറെപ്പോലെ ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് നന്നായി അറിയാവുന്ന താരത്തിന്റെ വിടവ് നികത്തുക വളരെ കടുപ്പമാണ്. നായകന്‍ സഞ്ജു സാംസണിന് ബട്‌ലറുടെ സാന്നിധ്യം വലിയ ആത്മവിശ്വാസമായിരുന്നു. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ നിര്‍ണ്ണായക സമയത്ത് ബട്‌ലറുടെ വിലപ്പെട്ട ഉപദേശങ്ങള്‍ സഞ്ജുവിനേയും സഹായിച്ചിരുന്നു. ഇത് പ്ലേ ഓഫ് പോലൊരു നിര്‍ണ്ണായക ഘട്ടത്തില്‍ നഷ്ടമാവുന്നത് സഞ്ജുവിനേയും ബാധിക്കും.
അവസാനം കളിച്ച നാല് മത്സരത്തിലും രാജസ്ഥാന്‍ തോല്‍വി രുചിച്ചിരുന്നു. ഇതിന്റെ സമ്മര്‍ദ്ദം നന്നായി ടീമിനുണ്ട്. ഇതില്‍ നിന്ന് കരകയറാന്‍ ബട്‌ലറെപ്പോലൊരു വലിയ താരത്തിന്റെ പ്രകടനം ടീമിന് അത്യാവശ്യമാണ്. നിലവിലെ ടീമിന്റെ ബാറ്റിങ് നിരയിലേക്ക് നോക്കുമ്പോള്‍ കൂടുതല്‍ ഭാരവും സഞ്ജുവിന്റെ ചുമലിലാണ്. മധ്യനിരയില്‍ റിയാന്‍ പരാഗ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബട്‌ലറുടെ അഭാവം സഞ്ജുവിന്റെ ജോലി ഭാരം ഉയര്‍ത്തും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ രാജസ്ഥാന്റെ എതിരാളികളായെത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ബട്‌ലറുടെ സേവനം നന്നായി ടീം മിസ് ചെയ്യും. കാരണം ഈ സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സെഞ്ച്വറിയോടെ കെകെആര്‍ ബൗളര്‍മാരെ കരയിപ്പിക്കാന്‍ ബട്‌ലര്‍ക്കായിരുന്നു. ഒറ്റക്ക് പടപൊരുതി സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്കെത്തിച്ചത് ബട്‌ലറായിരുന്നു. ഏത് ശൈലിയിലും കളിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബട്‌ലര്‍.
ബട്‌ലറുടെ അഭാവം എതിര്‍ ടീം ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ബട്‌ലറില്ലാത്ത രാജസ്ഥാന്‍ ആത്മവിശ്വാസമില്ലാത്ത നിരയായാണ് കാണപ്പെടുന്നത്. സഞ്ജുവിന് ഒറ്റക്ക് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. ബട്‌ലര്‍ക്ക് പകരം രാജസ്ഥാന്‍ പരിഗണിക്കുന്നത് ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ്. പഞ്ചാബ് കിങ്‌സിനെതിരേ ജയ്‌സ്വാളിനൊപ്പം ഓപ്പണറായി കാഡ്‌മോറാണെത്തിയത്. എന്നാല്‍ ടെസ്റ്റ് ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്.
ചില മികച്ച ഷോട്ടുകള്‍ കളിച്ചെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പരിചയസമ്പത്തില്ലാത്ത കാഡ്‌മോര്‍ പ്ലേ ഓഫിലും ദുരന്തമായി മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ ബട്‌ലറുടെ അഭാവം നിഴലിച്ച് നില്‍ക്കുന്നു.