ചണ്ഡീഗഡ്: ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇംപാക്ട് പ്ലെയറുണ്ടാക്കിയ ഇംപാക്ടില്‍ ഞെട്ടിയിരിക്കുകയാണ് ശിഖര്‍ ധവാനും പഞ്ചാബ് കിങ്‌സും. 19ാം ഓവര്‍ വരെ ബാക്ക്ഫൂട്ടിലായിരുന്ന ഡിസിയെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത് ഇംപാക്ട് പ്ലെയറായെത്തിയ യുവതാരം അഭിഷേക് പൊറെലാണ്. ഒമ്പതാമനായി ഇറങ്ങിയ പൊറെല്‍ വെറും 10 ബോളില്‍ 32 റണ്‍സാണ് പുറത്താവാതെ വാരിക്കൂട്ടിയത്. നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്.
18ാം ഓവറിലെ ആദ്യത്തെ ബോളില്‍ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടായ ശേഷമാണ് പൊറേല്‍ ക്രീസിലെത്തിയത്. ഡല്‍ഹി ടീം അപ്പോള്‍ ആറു വിക്കറ്റിനു 137 റണ്‍സെന്ന നിലയിലായിരുന്നു. ഡിസി 160 റണ്‍സ് എത്തുമോയെന്ന കാര്യം പോലും അപ്പോള്‍ സംശയമായിരുന്നു. പതിയെയാണ് പൊറെല്‍ തുടങ്ങിയത്. 19 ഓവറുകള്‍ കഴിയുമ്പോള്‍ ഡിസി എട്ടിന് 149 റണ്‍സെന്ന നിലയിലായിരുന്നു. നാലു ബോളില്‍ ഏഴു റണ്‍സാണ് പൊറേല്‍ നേടിയത്.

പക്ഷെ 20ാം ഓവറില്‍ പൊറേല്‍ കൊടുങ്കാറ്റിനാണ് സ്റ്റേഡിയം സാക്ഷിയായത്. മൂന്നോവറില്‍ 22 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്ത ഹര്‍ഷല്‍ പട്ടേലിനെയാണ് അവസാന ഓവര്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പരീക്ഷിച്ചത്. പക്ഷെ അതു വന്‍ ദുരന്തത്തിലും കലാശിക്കുകയായിരുന്നു. 25 റണ്‍സാണ് ഈ ഓവറില്‍ പൊറേല്‍ വാരിക്കൂട്ടിയത്. മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഇതോടെ 149 റണ്‍സെന്ന ടോട്ടലില്‍ നിന്നും ഡിസി ഒറ്റയടിക്കു 173ലേക്കു കുതിക്കുകയും ചെയ്തു.
ഹര്‍ഷലിന്റെ ഓവറിലെ ആദ്യ ബോളില്‍ ഫോറോടെയാണ് ഹര്‍ഷല്‍ തുടങ്ങിയത്. ഷോര്‍ട്ട് ബോളാണ് പേസര്‍ പരീക്ഷിച്ചത്. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ പൊറേല്‍ ഇതു ബൗണ്ടറി കടത്തുകയും ചെയ്തു. അടുത്ത ബോള്‍ സിക്‌സറിലേക്കാണ് പറന്നത്. സ്ലോ ബോളാണ് ഹര്‍ഷലെറിഞ്ഞത്. എന്നാല്‍ മുന്നോട്ടുകയറിയ പൊറേല്‍ ഇതു ഡീപ്പ് മിഡ് വിക്കറ്റ് ഏരിയയിലൂടെ സിക്‌സറിലെത്തിച്ചു.
മൂന്നാമത്തെ ബോളില്‍ പൊറേല്‍ ബൗണ്ടറി പായിച്ചു. ലെഗ് സൈഡ് ഏരിയയില്‍ ഷോര്‍ട്ട് ബോളാണ് ഹര്‍ഷല്‍ പരീക്ഷിച്ചത്. പൊറേല്‍ ഏതു ബോളും നേരിടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ ഷോട്ട് കളിച്ച യുവതാരം ബൗണ്ടറി കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടൊന്നും പൊറേല്‍ നിര്‍ത്തിയില്ല. നാലാമത്തെ ബോളും ബൗണ്ടറിയിലേക്ക്.
ഷോര്‍ട്ട് ബോളാണ് ഹര്‍ഷല്‍ എറിഞ്ഞത്. പൊറേല്‍ അതു തേര്‍ഡ് മാനിലൂടെ അനായാസം ബൗണ്ടറിയിലേക്കു വഴി തിരിച്ചുവിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ നായകന്‍ ധവാന്‍ നിസ്സഹായനായി നിന്നു. പക്ഷെ ഹര്‍ഷലിനു അരികിലേക്കു വരാനോ ഉപദേശങ്ങള്‍ നല്‍കാനോ അദ്ദേഹം തുനിഞ്ഞില്ല.
അഞ്ചാമത്തെ ബോളില്‍ പൊറേല്‍ സിക്‌സര്‍ പറത്തി. സ്റ്റംപുകള്‍ ലക്ഷ്യമിട്ടുള്ള ഹര്‍ഷലിന്റെ സ്ലോ ബോള്‍ സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയാണ് പൊറേല്‍ സിക്‌സറിക്കേു പറത്തിയത്. പക്ഷെ അവസാന ബോളില്‍ സിംഗിളേ വഴങ്ങിയുള്ളൂവെന്നത് ഹര്‍ഷലിനു ആശ്വാസമായി. ഡബിളിനായി ഓടവെ കുല്‍ദീപ് യാദവ് റണ്ണൗട്ടാവുകയും ചെയ്തു.
ആരാണ് പൊറേല്‍
ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 21കാരനായ അഭിഷേക് പൊറേല്‍. കഴിഞ്ഞ സീസണില്‍ ഡിസിക്കൊപ്പമാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. നാലു മല്‍സരങ്ങളില്‍ ബാറ്റ് ചെയ്ത പൊറേല്‍ നാലു കളിയില്‍ നിന്നും 33 റണ്‍സാണ് നേടിയയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനായി 23 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും ഒമ്പതു ഫിഫ്റ്റികളുമടക്കം 1072 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 14 ടി20കളില്‍ നിന്നും 140 സ്‌ട്രൈക്ക് റേറ്റോടെ 294 റണ്‍സാണ് പൊറേലിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 11 കളിയില്‍ നിന്നും 275 റണ്‍സും താരം നേടി.