ചണ്ഡീഗഡ്: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെ 'ചെണ്ടയല്ല' താനെന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കു പഞ്ചാബ് കിങ്‌സ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ കാണിച്ചുകൊടുത്തു. ഐപിഎല്ലില്‍ പുതിയ ടീമായ പഞ്ചാബിനോടൊപ്പം വാര്‍ണറെ വളരെ പെട്ടെന്നു തന്നെ ഹര്‍ഷല്‍ മടക്കുകയായിരുന്നു. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച വാര്‍ണര്‍ 21 ബോളില്‍ 29 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
നേരത്തേ ആര്‍സിബിക്കായി കളിച്ചിരുന്നപ്പോള്‍ ഹര്‍ഷലിനെതിരേ വളരെ അനായാസം റണ്‍സ് വാരിക്കൂട്ടിയ താരമാണ് വാര്‍ണര്‍. ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ 45 ബോളുകളാണ് ഹര്‍ഷലിനെതിരേ വാര്‍ണര്‍ കളിച്ചത്. ഇവയില്‍ നിന്നും 86 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. 191 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. ഇത്രയും ബോളുകളെറിഞ്ഞിട്ടും ഒരിക്കല്‍പ്പോലും വാര്‍ണറെ പുറത്താക്കാന്‍ ഹര്‍ഷലിനു കഴിഞ്ഞിട്ടുമില്ല.

പക്ഷെ പഞ്ചാബ് കുപ്പായമണിഞ്ഞതോടെ ഹര്‍ഷലിനെതിരേ വാര്‍ണറുടെ കടന്നാക്രമണം നടന്നില്ല. അഞ്ചു ബോളുകള്‍ നേരിട്ട വാര്‍ണര്‍ക്കു 100 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ആറാമത്തെ ബോളില്‍ വാര്‍ണറെ ഹര്‍ഷല്‍ മടക്കുകയും ചെയ്തു. നേരത്തേ ആര്‍സിബില്‍ അവസാന ഓവറുകളിലാണ് ഹര്‍ഷല്‍ പ്രധാനമായും ബൗള്‍ ചെയ്തിരുന്നത്. എന്നാല്‍ പഞ്ചാബില്‍ പവര്‍പ്ലേയ്ക്കു ശേഷം രണ്ടാമത്തെ ഓവറില്‍ തന്നെ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അദ്ദേഹത്തെ പന്തേല്‍പ്പിച്ചു.
ഡിസി അപ്പോള്‍ ഒരു വിക്കറ്റിനു 68 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. 16 ബോളില്‍ നിന്നും 24 റണ്‍സോടെ വാര്‍ണറും 14 ബോളില്‍ 16 റണ്‍സുമായി ഷെയ് ഹോപ്പുമായിരുന്നു ക്രീസില്‍. സ്പിന്നര്‍ രാഹുല്‍ ചാഹര്‍ എറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ഓരോ സിക്‌സറും ഫോറുമടക്കം 14 റണ്‍സ് ഡിസി വാരിക്കൂട്ടിയിരുന്നു. ഹര്‍ഷലിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓവറിലെ ആദ്യ ബോളില്‍ ഫോറുമായാണ് വാര്‍ണര്‍ വരവേറ്റത്. എന്നാല്‍ അടുത്ത നാലു ബോളില്‍ രണ്ടു സിംഗിള്‍ മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.

ഓവറിലെ അവസാനത്തെ ബോളില്‍ വാര്‍ണറെ ഹര്‍ഷല്‍ പവലിയനിലേക്കു മടക്കുകയായിരുന്നു. ഒരു സ്ലോ, ഷോര്‍ട്ട് ബോളായിരുന്നു ഹര്‍ഷല്‍ പരീക്ഷിച്ചത്. പുള്‍ ഷോട്ടിനായിരുന്നു വാര്‍ണറുടെ ശ്രമം. പക്ഷെ ബോളിന്റെ വേഗതക്കുറവും ബൗണ്‍സും അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ബാറ്റില്‍ എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അല്‍പ്പം മുന്നോട്ട് ഡൈവ് ചെയ്ത് കൈയ്ക്കുള്ളിലാക്കുകയായിരുന്നു.
പഞ്ചാബിനു 174 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് 174 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സിനു നല്‍കിയത്. എട്ടു വിക്കറ്റിനു 173 റണ്‍സാണ് ഡിസി നേിയത്. സ്‌ഫോടനാത്മ തുടക്കമായിരുന്നു ഡിസിക്കു ലഭിച്ചത്. ഒരു സമയത്തു 180-190 റണ്‍സെങ്കിലും അവര്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് പഞ്ചാബ് ഡിസിയെ പിടിച്ചുകെട്ടുകയായിരുന്നു.
എങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പൊറെലിന്റെ (10 ബോളില്‍ 32) വെടിക്കെട്ട് ഡിസിയെ 170 കടത്തി. ആദ്യ മൂന്നോവറില്‍ 22 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത ഹര്‍ഷല്‍ പക്ഷെ 20ാം ഓവറില്‍ 25 റണ്‍സാണ് വിട്ടുകെടുത്ത്. മൂന്നു ഫോറും രണ്ടു സിക്‌സറുമാണ് പൊറെല്‍ വാരിക്കൂട്ടിയത്.
33 റണ്‍സെടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം ഷെയ് ഹോപ്പാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരം കളിച്ച അദ്ദേഹം 25 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ചു. വാര്‍ണര്‍ (29), അക്ഷര്‍ പട്ടേല്‍ (21), മിച്ചെല്‍ മാര്‍ഷ് (20), ക്യാപ്റ്റന്‍ റിഷഭ് പന്ത് (18) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം റിഷഭ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ മല്‍സരം കൂടിയാണിത്.