ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വീണ്ടുമൊരു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനോട് 9 വിക്കറ്റിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 8 പന്തും 9 വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടത്തരങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.
മണ്ടത്തരങ്ങളുടെ നീണ്ട നിര തന്നെയാണ് ഹാര്‍ദിക്കിന് സംഭവിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തന്നെ മണ്ടത്തരമായിരുന്നു. അതിന്റെ കാരണം സഞ്ജു സാംസണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം പന്തെറിയാനായിരുന്നു രാജസ്ഥാന്‍ ആഗ്രഹിച്ചത്. അവരുടെ ആഗ്രഹം പോലെ തന്നെ ആദ്യം ബാറ്റ് ചെയ്യാന്‍ മുംബൈ തീരുമാനിച്ചു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റടക്കം നഷ്ടപ്പെട്ട് മുംബൈ തകരുകയും ചെയ്തു.
ബാറ്റിങ്ങില്‍ മുംബൈ അനാവശ്യമായ ചില പരീക്ഷണങ്ങളും നടത്തി. അഞ്ചാം നമ്പറില്‍ മുഹമ്മദ് നബിയെ കൊണ്ടുവന്നത് മികച്ച തീരുമാനമായിരുന്നില്ല. ആദ്യത്തെ അഞ്ച് പന്തുകള്‍ ഡോട്ട് ബോളാക്കിയ ശേഷമാണ് നബി 17 പന്തില്‍ 23 റണ്‍സെടുത്തത്. ആ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നെങ്കില്‍ പതിയെ തുടങ്ങി ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് അതിന് ധൈര്യം കാട്ടിയില്ല.
തുടക്കം പാളിയ മുംബൈയെ നേഹല്‍ വദേരയും തിലക് വര്‍മയും ചേര്‍ന്ന് ശക്തമായി മുന്നോട്ട് കൊണ്ടുപോയിരുന്നു. ഒരു ഘട്ടത്തില്‍ 200ന് മുകളിലേക്ക് മുംബൈ സ്‌കോര്‍ബോര്‍ഡ് പോകുമെന്നാണ് കരുതിയത്. എന്നാല്‍ ഇതിന് വിലങ്ങുതടിയായത് ഹാര്‍ദിക്കാണ്. ഏഴാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 10 പന്തില്‍ 10 റണ്‍സാണ് നേടിയത്. മികച്ച റണ്‍റേറ്റില്‍ പോയിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോറിങ് വേഗം കുറച്ചത് ഹാര്‍ദിക്കാണ്.

അവസാന 2 ഓവറില്‍ വെറും 9 റണ്‍സാണ് മുംബൈക്ക് നേടാനായത്. ഇതിന് കാരണം ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങായിരുന്നു. ഹാര്‍ദിക്കിന് മുമ്പ് ടിം ഡേവിഡ് ഇറങ്ങിയിരുന്നെങ്കില്‍ 200ലേക്കെത്താന്‍ ഒരു പക്ഷെ മുംബൈക്ക് സാധിക്കുമായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് ഡേവിഡിനെ തഴഞ്ഞ് നേരത്തെ ഇറങ്ങിയത് മുംബൈ സ്‌കോര്‍ബോര്‍ഡിനെ ബാധിച്ചു. ഈ സീസണില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹാര്‍ദിക് ദുരന്തമാണെന്ന് പറയാം.
ബൗൡങ്ങിലും ഹാര്‍ദിക് നിരവധി പിഴവുകള്‍ വരുത്തി. ഇടവേളക്ക് ശേഷം ആദ്യ ഓവര്‍ ഹാര്‍ദിക് പന്തെറിഞ്ഞു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഉണ്ടായിട്ടും ഹാര്‍ദിക്കാണ് ആദ്യം പന്തെറിഞ്ഞത്. ഈ ഓവറില്‍ 11 റണ്‍സ് നേടിയത് രാജസ്ഥാന്‍ ഓപ്പണര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ സാധിക്കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ രാജസ്ഥാനായി. ഇതിന് കാരണം ആദ്യ ഓവറില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാവാത്തതാണ്.
ബട്‌ലര്‍ പുറത്തായ ശേഷം സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും റണ്‍സുയര്‍ത്തി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ജെറാള്‍ഡ് കോയിറ്റ്‌സി, നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ എന്നിവരെയൊന്നും ഹാര്‍ദിക് ഉപയോഗിച്ചില്ല. 15ാം ഓവറില്‍ ബുംറയെ തിരികെ കൊണ്ടുവരുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡില്‍ 135 റണ്‍സുണ്ടായിരുന്നു. പേസ് ബൗളര്‍മാരെ വേണ്ടപോലെ ഉപയോഗിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു മികച്ചുനിന്നു.
സന്ദീപ് ശര്‍മ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിടത്താണ് മുംബൈയുടെ പേരുകേട്ട ബൗളര്‍മാര്‍ തല്ലുവാങ്ങിയത്. 15ാം ഓവറില്‍ ബുംറ പന്തെറിയാനെത്തിയപ്പോഴും രാജസ്ഥാന്‍ കളിയില്‍ സര്‍വാധിപത്യം സ്ഥാപിച്ചിരുന്നു. നായകനെന്ന നിലയില്‍ എവിടെയാണ് ബൗളര്‍മാരെ ഉപയോഗിക്കേണ്ടതെന്നത് ഹാര്‍ദിക്കിന് മനസിലാകുന്നില്ല. മുംബൈയുടെ ഫീല്‍ഡിങ് നിരയും ദുരന്തമായിരുന്നു. ഹാര്‍ദിക്കിന്റെ മിസ് ഫീല്‍ഡില്‍ ബൗണ്ടറി പോയി.
വദേര ജയ്‌സ്വാളിന്റെ ക്യാച്ചും ടിം ഡേവിഡ് സഞ്ജു സാംസണിന്റെ ക്യാച്ചും നഷ്ടപ്പെടുത്തി. ഫീല്‍ഡിങ്ങില്‍ മുംബൈ ശരാശരി നിലവാരം പോലും കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ബുംറയെപ്പോലൊരു ബൗളറെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ബൗളര്‍മാരെ വിശ്വസിക്കാതെ സ്വന്തം ബൗളിങ് ഏറ്റെടുത്ത് കളി മാറ്റിമറിക്കാമെന്ന ഹാര്‍ദിക്കിന്റെ അമിത ആത്മവിശ്വാസം ടീമിന് തിരിച്ചടിയാകുന്നുണ്ടെന്നതാണ് വസ്തുത.