മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണത്തെ സീസണിന് മുമ്പ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവും പിന്നീട് നായകസ്ഥാനത്തേക്ക് എത്തിയതുമാണ്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ മുംബൈ താരങ്ങള്‍ക്കടക്കം വിയോജിപ്പുണ്ട്.
ഹാര്‍ദിക്കിനെ വാങ്ങാനായി മുംബൈ കാമറൂണ്‍ ഗ്രീനിനെയാണ് ഒഴിവാക്കിയത്. ഈ കൈമാറ്റം മുംബൈയുടെ പേഴ്‌സിലും ലാഭമുണ്ടാക്കിയിട്ടുണ്ട്. ഹാര്‍ദിക്കിന്റെ തിരിച്ചുവരവിലെ സന്തോഷത്തോടൊപ്പം 2.5 കോടിയുടെ ലാഭമാണ് ഹാര്‍ദിക്കിനുണ്ടായിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് സ്വന്തമാക്കിയത് 15.25 കോടിക്കാണ്. ഇതേ തുകയ്ക്കാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിച്ചത്. അതേ സമയം ഗ്രീനിനെ ആര്‍സിബിക്ക് കൈമാറിയത് 17.75 കോടിക്കാണ്.
ഇതോടെ 15.25 കോടി പേഴ്‌സില്‍ ബാക്കിയുണ്ടായിരുന്ന മുംബൈക്ക് ഇപ്പോള്‍ 17.75 കോടിയാണ് ബാക്കിയുണ്ടായിരിക്കുന്നത്. 2.5 കോടിയുടെ ഉയര്‍ച്ച മുംബൈയ്ക്ക് പേഴ്‌സില്‍ ഉണ്ടായി. അതേ സമയം 40.75 കോടിയായിരുന്നു ആര്‍സിബിയുടെ ബഡ്ജറ്റ്. ഗ്രീനിനെ ഒപ്പം കൂട്ടിയതോടെ ഇത് 23.25 കോടിയായി ഉയര്‍ന്നു. ഹാര്‍ദിക്കിനെ ഒഴിവാക്കിയതോടെ ഗുജറാത്തിന്റെ പേഴ്‌സില്‍ 38.15 കോടിയാണ് ബാക്കിയുള്ളത്. ലേലത്തില്‍ ഗുജറാത്തില്‍ നിന്ന് മികച്ച നീക്കങ്ങള്‍ പ്രതീക്ഷിക്കാം.
കാമറൂണ്‍ ഗ്രീനിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ടുതന്നെ ഗ്രീനിനെ മുംബൈ കൈവിട്ടതിനെ മികച്ച നീക്കമായി പലരും കാണുന്നില്ല. അതേ സമയം ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുന്നതോടെ മുംബൈയുടെ കരുത്ത് ഇരട്ടിക്കും. പക്ഷെ പരിക്കാണ് ഹാര്‍ദിക്കിന്റെ പ്രശ്‌നം. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് ഐപിഎല്ലിലൂടെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ആര്‍സിബി ഗ്രീനിനെ ഒപ്പം കൂട്ടിയത് വളരെ പ്രതീക്ഷയോടെയാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഗ്രീനിനെ ഉപയോഗിക്കാം എന്നാണ് ആര്‍സിബിയുടെ പ്രതീക്ഷ. എന്നാല്‍ ബംഗളൂരുവിലെ ബാറ്റിങ് പിച്ചില്‍ ഗ്രീനിനെ ബൗളറെന്ന നിലയില്‍ ഉപയോഗിക്കാതിരിക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് നിസംശയം പറയാം. ആര്‍സിബിക്ക് ടോപ് ഓഡറില്‍ ഉപയോഗിക്കാവുന്ന താരമാണ് ഗ്രീന്‍.
ഹാര്‍ദിക്കിന്റെ വരവ് കണക്കുകള്‍ പ്രകാരം മുംബൈക്ക് ലാഭമാണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ വരവ് ടീമിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ അടുത്ത മുംബൈ നായകന്മാരാവാന്‍ കാത്തിരിക്കവെയാണ് ഇവരെ തഴഞ്ഞ് മുംബൈ ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്കെത്തിക്കുന്നത്. ഇതില്‍ ടീമിലെ സഹതാരങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയെ ഹാര്‍ദിക് അപമാനിച്ചിരുന്നു.
മുംബൈ സൂപ്പര്‍ താരങ്ങളെ മാത്രം ടീമിലെടുത്ത് കപ്പടിക്കുന്നവരുടെ നിരയാണെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിന് രോഹിത് ശര്‍മയടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതേ ഹാര്‍ദിക്കിന് കീഴില്‍ കളിക്കുകയെന്നത് മുംബൈ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും മുംബൈ വിട്ടേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ മുംബൈക്കത് നികത്താനാവാത്ത വിടവായി മാറും.
ഇത്തവണത്തെ ലേലത്തില്‍ കോടികള്‍ വാരാന്‍ പല സൂപ്പര്‍ താരങ്ങളും കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന് 15 കോടിയിലധികം തുക ലഭിച്ചേക്കും. ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയും ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് എല്ലാവരും നോട്ടമിടുന്ന താരങ്ങള്‍. എന്തായാലും വാശിയേറിയ ലേലം ഇത്തവണ പ്രതീക്ഷിക്കാം. അവസാന പട്ടികയിലേക്കെത്തിയ 333 താരങ്ങളില്‍ 77 താരങ്ങള്‍ക്കാണ് 10 ടീമുകളിലായി അവസരം ലഭിക്കുക. അതുകൊണ്ടുതന്നെ 250തോളം താരങ്ങള്‍ അണ്‍സോള്‍ഡാവുമെന്നുറപ്പ്.