ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുമ്പോള്‍ വിശ്വകിരീടം ചൂടിയിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കെകെആര്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 10.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെകെആര്‍ ജയം നേടി. സര്‍വാധിപത്യ ജയമാണ് കെകെആര്‍ നേടിയതെന്ന് പറയാം.
ഫൈനലില്‍ മികച്ചൊരു പോരാട്ടം കാഴ്ചവെക്കാന്‍ പോലും ഹൈദരാബാദിന് സാധിക്കാതെ വന്നതോടെ കെകെആര്‍ ഏകപക്ഷീയമായി ജയിച്ചു. കെകെആര്‍ നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് അഭിമാനിക്കാവുന്ന കിരീട നേട്ടമാണിത്. ബിസിസി ഐ കരാറില്‍ നിന്നടക്കം പുറത്തായ ശ്രേയസ് ബിസിസി ഐ സെക്രട്ടറിയേയും പ്രസിഡന്റിനേയും സാക്ഷിയാക്കിയാണ് ഐപിഎല്‍ കിരീടം അലമാരയിലേക്കെത്തിച്ചത്. കെകെആറിന്റെ ജയത്തില്‍ നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് അഭിമാനിക്കാം.
എന്നാല്‍ കെകെആറിന്റെ റിയല്‍ ഹീറോ ഗൗതം ഗംഭീറാണ്. ശ്രേയസ് അയ്യര്‍ വെറും ഡമ്മി ക്യാപ്റ്റനാണെന്ന് പറയാം. ഗംഭീറിന്റെ കൃത്യമായ തീരുമാനങ്ങളും നിര്‍ദേശങ്ങളും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. ഇത് നടപ്പിലാക്കുന്ന ജോലിയല്ലാതെ കെകെആറിനെ കപ്പിലേക്കെത്തിക്കാന്‍ ശ്രേയസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. 10 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കെകെആര്‍ കിരീടത്തിലേക്കെത്തിയതിന് പിന്നില്‍ ഗംഭീറിന്റെ സ്വാധീനം വളരെ വലുതാണ്.
അവസാന സീസണ്‍വരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായിരുന്ന ഗംഭീറിനെ ഇത്തവണ ടീം ഉടമയായ ഷാരൂഖ് ഖാന്‍ നേരിട്ട് ഇടപെട്ട് കെകെആറിലേക്കെത്തിക്കുകയായിരുന്നു. ഇതോടെ കെകെആറിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പും അവസാനിച്ചു. ഇതിന് മുമ്പ് കെകെആര്‍ രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ഇടവേളക്ക് ശേഷം കെകെആര്‍ വീണ്ടും കിരീടത്തിലേക്കെത്തുമ്പോള്‍ അതിലും നിര്‍ണ്ണായകമായി ഗംഭീറുണ്ട്.

കിരീട നേട്ടത്തിന് ശേഷം കെകെആര്‍ താരങ്ങള്‍ ശ്രേയസിനെ കാര്യമായി മൈന്റ് ചെയ്തില്ലെന്നതും എടുത്തു പറയണം. എല്ലാവരും ആഘോഷിച്ചത് ഗംഭീറിനൊപ്പമാണ്. റിങ്കു സിങ്ങും യുവതാരങ്ങളുമെല്ലാം ഗംഭീറിനെ കെട്ടിപ്പിടിച്ചാണ് ആഘോഷം നടത്തിയത്. ടീം ഉടമ ഷാരൂഖ് ഖാനും ഗംഭീറിനൊപ്പമാണ് കൂടുതല്‍ ആഘോഷം നടത്തിയത്. ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ഷാരൂഖ് ഖാന്‍ ബ്ലാങ്ക് ചെക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
ഗംഭീര്‍ കെകെആറിലേക്ക് തിരിച്ചെത്തിയപ്പോള്‍ത്തന്നെ ടീമിന്റെ സാഹചര്യം മാറി. ഗംഭീര്‍ വന്നതോടെ ടീമിനുള്ളിലെ കെട്ടുറപ്പ് വര്‍ധിച്ചു. താരലേലത്തില്‍ കൃത്യമായ താരങ്ങളെ നിര്‍ദേശിച്ചത് ഗംഭീറാണ്. ഹര്‍ഷിത് റാണ, വൈഭവ് അറോറ തുടങ്ങിയ താരങ്ങളുടെ പ്രതിഭ മനസിലാക്കി വളര്‍ത്തിയത് ഗംഭീറാണ്. മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുകയും ഇവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കി ടീമിനെ കെട്ടുറപ്പിലേക്കെത്തിക്കാനും ഗംഭീറിനായി.
കെകെആറിനൊപ്പം ഏറെ നാളായി കളിക്കുന്ന ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കുറച്ച് സീസണുകളിലായി വേണ്ടവിധം ഉപയോഗിക്കാന്‍ കെകെആറിനായിരുന്നില്ല. എന്നാല്‍ ഗംഭീര്‍ വന്നതോടെ സുനില്‍ നരെയ്‌നെ വീണ്ടും ഓപ്പണിങ്ങിലേക്ക് എത്തിച്ചു. ഇത് താരം നന്നായി മുതലാക്കി. നരെയ്‌നില്‍ ഗംഭീര്‍ അര്‍പ്പിച്ച വിശ്വാസം തെറ്റായില്ല. ഒരു സെഞ്ച്വറിയടക്കം ലീഗ് ഘട്ടത്തിലെ കെകെആറിന്റെ കുതിപ്പിന് നട്ടെല്ലായത് നരെയ്‌നാണ്.
റസലിനെ ബൗളറെന്ന നിലയില്‍ നന്നായി ഉപയോഗിക്കാന്‍ കാരണവും ഗംഭീറാണ്. ഫൈനലിലടക്കം നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി റസല്‍ കസറി. കെകെആറിനൊപ്പം അവസാന സീസണുകളിലെല്ലാം ഫ്‌ളോപ്പായിരുന്ന റസല്‍ ഇത്തവണ ഗംഭീര്‍ വന്നതോടെ ടീമിന്റെ തുറുപ്പുചീട്ടായി മാറി. ഓരോ താരങ്ങളുടേയും കരുത്ത് മനസിലാക്കി ഗംഭീര്‍ നല്‍കിയ പിന്തുണയാണ് ടീമിനെ കിരീടത്തിലേക്കെത്തിച്ചതെന്ന് പറയാം.