അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എലിമിനേറ്റര്‍ കടമ്പയില്‍ ആര്‍സിബി വീണിരിക്കുകയാണ്. തുടര്‍ച്ചയായി ആറ് ജയം നേടിയ ആവേശത്തിലിറങ്ങിയ ആര്‍സിബിക്ക് രാജസ്ഥാന്‍ റോയല്‍സാണ് പുറത്തേക്കുള്ള വഴി തുറന്നത്. ജീവന്‍ മരണ പോരാട്ടത്തില്‍ 4 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരോവറും നാല് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയത്.
ആര്‍സിബിയുടെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് പ്രശ്‌നമായതെന്ന് പറയാം. പ്രതീക്ഷിച്ചതിലും 20 റണ്‍സ് കുറവാണ് ആര്‍സിബിക്ക് നേടാനായത്. മധ്യനിര ബാറ്റിങ് തകര്‍ന്നടിഞ്ഞത് ആര്‍സിബിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. എന്നാല്‍ നായകനെന്ന നിലയില്‍ ഫഫ് ഡുപ്ലെസിസിന് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ഡുപ്ലെസിസിന്റെ നായകനെന്ന നിലയിലെ പിഴവുകളും ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്.
സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ ഡുപ്ലെസിസിന് പിഴച്ചു. സ്പിന്നര്‍ സ്വപ്‌നില്‍ സിങ്ങിനെ ഉപയോഗിച്ചാണ് ആര്‍സിബി തുടങ്ങിയത്. ആദ്യ ഓവറില്‍ വെറും 2 റണ്‍സാണ് താരം വഴങ്ങിയത്. രണ്ട് ഓവറില്‍ 19 റണ്‍സാണ് താരം വിട്ടുകൊടുത്തത്. മധ്യ ഓവറുകളില്‍ സ്വപ്‌നില്‍ സിങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഡുപ്ലെസിസിനായില്ല. മറ്റൊരു സ്പിന്നറായ കരണ്‍ ശര്‍മ 2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റാണ് നേടിയത്. സഞ്ജു സാംസണെ പുറത്താക്കിയത് കരണ്‍ ശര്‍മയാണ്.
എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ഓവര്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നു. 16ാം ഓവറില്‍ കാമറൂണ്‍ ഗ്രീനെ പന്തേല്‍പ്പിക്കാനുള്ള ഡുപ്ലെസിസിന്റെ തീരുമാനവും പാളി. 17 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ മത്സരഫലം മാറി മറിഞ്ഞത് ഈ ഓവറിലാണ്. 18ാം ഓവറില്‍ മുഹമ്മദ് സിറാജ് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കി. റിയാന്‍ പരാഗിനേയും ഷിംറോന്‍ ഹെറ്റ്‌മെയറേയും ഒരേ ഓവറില്‍ പുറത്താക്കാന്‍ സിറാജിനായി.

എന്നാല്‍ 19ാം ഓവര്‍ എറിയാനെത്തിയ ലോക്കി ഫെര്‍ഗൂസന് കളി പിടിക്കാനായില്ല. ആദ്യത്തെ രണ്ട് പന്തും റോവ്മാന്‍ പവല്‍ ബൗണ്ടറി പറത്തിയതോടെ മത്സരത്തിന്റെ വിധി എഴുതപ്പെട്ടിരുന്നു. അവസാന പന്ത് സിക്‌സറും പറത്തി രാജസ്ഥാനെ പവല്‍ വിജയത്തിലേക്കെത്തിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍ മത്സരത്തില്‍ ദുരന്തമായി. ഗോള്‍ഡന്‍ ഡെക്കായത് മാത്രമല്ല ടോം കോഹ്ലര്‍ കാഡ്‌മോറിന്റെ ക്യാച്ചും പാഴാക്കി. എന്നാല്‍ മാക്‌സ് വെല്ലിനെ ബൗളറെന്ന നിലയില്‍ ഡുപ്ലെസിസിന് പരീക്ഷിക്കാമായിരുന്നു.
പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് വീഴ്ത്താന്‍ മാക്‌സ് വെല്‍ മിടുക്കുകാട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡുപ്ലെസിസിന് മാക്‌സ് വെല്ലിന് ഒന്നോ രണ്ടോ ഓവര്‍ നല്‍കാമായിരുന്നു. എന്നാല്‍ ഇതിന് ആര്‍സിബി നായകന്‍ ധൈര്യം കാട്ടിയില്ല. മുഹമ്മദ് സിറാജിനെ 18 ഓവറില്‍ പന്തെറിയിച്ചത് മാറ്റിനിര്‍ത്തിയാല്‍ നായകനെന്ന നിലയില്‍ മികച്ച നീക്കം നടത്താന്‍ ഡുപ്ലെസിസിന് സാധിക്കാതെ പോയി. അടുത്ത സീസണില്‍ ഡുപ്ലെസിസ് ആര്‍സിബിയിലുണ്ടാകില്ലെന്നുറപ്പാണ്.
14 പന്തില്‍ 17 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. മികച്ച ഫീല്‍ഡിങ് പ്രകടനം നടത്താന്‍ ഡുപ്ലെസിസിനായെങ്കിലും ക്യാപ്റ്റന്‍സി ദുരന്തമായി മാറി. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഡുപ്ലെസിസിന് സാധിച്ചില്ല. ആര്‍സിബി താരങ്ങളുടെ ശരീര ഭാഷ തന്നെ തോല്‍ക്കുമെന്ന നിലയിലായിരുന്നു. വിരാട് കോലിയിലും പതിവ് ആക്രമണോത്സകത കണ്ടില്ല. പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ആര്‍സിബിയുടെ കന്നി കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളുകയാണ്.
വിരാട് കോലിക്ക് ഐപിഎല്‍ കിരീടം നേടാനുള്ള ഭാഗ്യമില്ലെന്ന് പറയാം. സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിട്ടും സാധ്യമാകുന്നതെല്ലാം ചെയ്തിട്ടും ഭാഗ്യം കോലിയെ തുണക്കുന്നില്ല. ഈ സാലയും കപ്പ് ഗോപിയായതോടെ അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്തോടെ ആര്‍സിബി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.