ലഖ്‌നൗ: ഈ സീസണിലെ ഐപിഎല്ലില്‍ അംപയര്‍മാരുടെ ചില തീരുമാനങ്ങള്‍ ഇതിനകം വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഇക്കൂട്ടത്തിലേക്കു പുതുതായി ഒന്നുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. മല്‍സരത്തില്‍ ചെന്നൈയ്ക്കു അനുകൂലമായി ഒരു തീരുമാനം തേര്‍ഡ് അംപയര്‍ സ്വീകരിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നേരത്തേ തന്നെ അംപയര്‍മാരുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയുടെ പേരില്‍ വിവാദത്തിലകപ്പെട്ടു കഴിഞ്ഞു. മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ടോസിനിടെ കോയിന്‍ മറിച്ചതും കളിക്കിടെ അംപയര്‍മാരുടെ ചില സംശയാസ്പദമായ തീരുമാനങ്ങളുമെല്ലാം മുംബൈയെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവിലെ ജേതാക്കളായ ചെന്നൈയും കുരുക്കിലാക്കിയിരിക്കുന്നത്.

ലഖ്‌നൗവുമായുള്ള കളിക്കിടെ ചെന്നൈയുടെ ഇന്നിങ്‌സിനിടെയായിരുന്നു അംപയറുടെ മോശം തീരുമാനം. പേസര്‍ മൊഹ്‌സിന്‍ ഖാന്‍ 19ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയും (1*) ഫിഫ്റ്റിയോടെ രവീന്ദ്ര ജഡേജയുമായിരുന്നു (53*) ക്രീസില്‍. സ്‌ട്രൈക്ക് നേരിട്ടത് ധോണിയായിരുന്നു. വൈഡുമായാണ് മൊഹ്‌സിന്‍ ഈ ഓവര്‍ ആരംഭിച്ചത്. അടുത്ത ബോളും വൈഡെന്നു തോന്നിയെങ്കിലും ഇത്തവണ അംപയര്‍ ഇതു നല്‍കിയില്ല. ധോണിയാവട്ടെ ഇതു അംഗീകരിച്ചതുമില്ല. അദ്ദേഹം റിവ്യു എടുക്കുകയായിരുന്നു.
ബോള്‍ ലൈനിനു പുറത്താണെന്നും അതുകൊണ്ടു തന്നെ ഇതു വൈഡാണെന്നുമായിരുന്നു തേര്‍ഡ് അംപയര്‍ വിധിച്ചത്. പക്ഷെ ഇതൊരു 50-50 കോള്‍ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ സംശയത്തിന്റെ ആനുകൂല്യം ബൗളറായ മൊഹ്‌സിനാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ നല്‍കിയത്. പക്ഷെ തേര്‍ഡ് അംപയറുടെ വിധി മറ്റൊന്നായിരുന്നു.
ധോണി മിഡില്‍ സ്റ്റംപ് ഏരിയയിലാണ് ഫ്രണ്ട് ഫൂട്ടില്‍ സ്‌ട്രൈക്ക് നേരിട്ടതെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നു അധികം അകലെ കൂടെയല്ല പോവുകയും ചെയ്തത്. അതുകൊണ്ടു തന്നെ ഇതു എങ്ങനെ വൈഡാവുമെന്നാണ് പലരുമുന്നയിക്കുന്ന സംശയം.

ഇതു ഒത്തുകളി ലീഗാണ്. മുംബൈ, ചെന്നൈ തുടങ്ങിയ വമ്പന്‍ ടീമുകളെ വിജയിപ്പിക്കാന്‍ ബിസിസിഐ ഏതറ്റം വരെയും പോവും. കാരണം ഇവര്‍ നേരത്തേ പുറത്തായാല്‍ അതു കാണികളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കുമെന്നും അതു തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ ഈ ടീമുകളെ ജയിപ്പിച്ച് അവസാനം വരെയെത്തിക്കാന്‍ എന്തൊക്കെ കള്ളക്കളികള്‍ കണ്ടാലും അദ്ഭുതപ്പെടേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിക്കുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് പഞ്ചാബ് കിങ്‌സുമായുള്ള മുംബൈയുടെ കളിക്കിടെയും സമാനമായ സംഭവം കണ്ടിരുന്നു. അന്നു സ്‌ട്രൈക്ക് നേരിട്ടത് ടിം ഡേവിഡായിരുന്നു. സാം കറെന്റെ ബോളിനെതിരേ ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കാതിരുന്നപ്പോള്‍ ഡേവിഡ് റിവ്യു എടുക്കുകയായിരുന്നു. തേര്‍ഡ് അംപയര്‍ അതു വൈഡാണെന്നു വിധിക്കുകയും ചെയ്തു.
പക്ഷെ ഈ ബോള്‍ വൈഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന നീല മാര്‍ക്കിങിനു അധികം അകലെ കൂടിയല്ല കടന്നുപോയതെന്നു കാണാമായിരുന്നു. മല്‍സരശേഷം അംപയറുടെ ഈ തീരുമാനത്തെ ക്രിക്കറ്റ് പ്രേമികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ക്കു അനുകൂലമായി തീരുമാനങ്ങളെടുക്കാന്‍ അംപയര്‍മാര്‍ക്കു മുംബൈ ടീമുകളായ അംബാനി കുടുംബം കോടികള്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ പരിഹാസം.