ഐപിഎല്ലില്‍ എലിമിനേറ്ററിനു തുല്യമായ പോരാട്ടങ്ങളാണ് ഈയാഴ്ച നടക്കാനിരിക്കുന്നത്. പ്ലേഓഫ് ബെര്‍ത്തില്‍ ഇനി ബാക്കിയുള്ള മൂന്നു ടിക്കറ്റുകള്‍ക്കായി ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോഴുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാത്രമേ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളൂ. രണ്ടു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെല്ലാം ഇപ്പോള്‍ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും 18ന് നടക്കാനിരിക്കുന്ന പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
ഇരുടീമുകള്‍ക്കും മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരാണ് നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയെങ്കില്‍ ആര്‍സിബി അഞ്ചാംസ്ഥാനത്തുണ്ട്. ഓരോ കളി വീതം ശേഷിക്കവെ സിഎസ്‌കെയ്ക്കു 14ഉം ആര്‍സിബിക്കു 12ഉം പോയിന്റാണുള്ളത്. ചില കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള മല്‍സരം നോക്കൗട്ടിനു തുല്യമായി മാറും.

അതായത് ഈ സൂപ്പര്‍ ത്രില്ലറില്‍ ജയിക്കുന്ന ടീമിനു പ്ലേഓഫിലേക്കു മുന്നേറാം. ഈ മല്‍സരം നോക്കൗട്ടായി മാറണമെങ്കില്‍ ഏതൊക്കെ കളിയുടെ ഫലങ്ങളാണ് അനുകൂലമായി വരേണ്ടതെന്നു നമുക്കു പരിശോധിക്കാം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. നാളെ (ചൊവ്വ) ലഖ്‌നൗവിലാണ് ഈ മല്‍സരം. അടുത്തതായി സംഭവിക്കേണ്ട കാര്യം ലഖ്‌നൗ ടീമിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തുകയെന്നതാണ്. അല്ലെങ്കില്‍ എല്‍എസ്ജി വളരെ ചെറിയ മാര്‍ജിനില്‍ മുംബൈയെ തോല്‍പ്പിക്കണം.
മൂന്നാമതായി സംഭവിക്കേണ്ട കാര്യം ഗുജറാത്ത് ടൈറ്റന്‍സ് ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും തോല്‍ക്കുകയെന്നതാണ്. അല്ലെങ്കില്‍ ജിടി ചെറിയ മാര്‍ജിനില്‍ മാത്രമേ ശേഷിച്ച മല്‍സരങ്ങള്‍ ജയിക്കാന്‍ പാടുള്ളൂ. ഈ കാര്യങ്ങളെല്ലാം സംഭവിക്കുകയാണെങ്കില്‍ സിഎസ്‌കെ- ആര്‍സിബി പോര് നോക്കൗട്ടിനു തുല്യമായി മാറും. ജയിക്കുന്ന ടീം പ്ലേഓഫില്‍ കടക്കുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും.
ഈ സീസണില്‍ സിഎസ്‌കെയും ആര്‍സിബിയും മുഖാമുഖം വരുന്ന രണ്ടാമത്തെ പോരാട്ടം കൂടിയാണിത്. നേരത്തേ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്നു സിഎസ്‌കെ ആറു വിക്കറ്റിനു ആര്‍സിബിയെ കെട്ടുകെട്ടിച്ചു. ഈ പരാജയത്തിനു പകരം ചോദിക്കാനുള്ള അവസരമാണ് ആര്‍സിബിക്കു ഇത്തവണ ലഭിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് (16 പോയിന്റ്), സിഎസ്‌കെ (14), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (14), ആര്‍സിബി (12), ഡിസി (12), എല്‍എസ്ജി (12), ജിടി (10) എന്നിങ്ങനെയാണ് രണ്ടു മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളിലുള്ള ടീമുകളുടെ പോയിന്റ് നില. ടൂര്‍ണമെന്റില്‍ നിന്നും ഏറ്റവുമാദ്യം പ്ലേഓഫിലെത്താതെ പുറത്താവുന്ന ടീമായി ആര്‍സിബി മാറുമെന്നാണ് നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം തുടര്‍ച്ചയായി ആറു കളികളാണ് അവര്‍ തോറ്റത്. ഇതോടെ പോയിന്റ് പട്ടികയില്‍ ആര്‍സിബി അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തുകയും ചെയ്തു.

ടൂര്‍ണമെന്റിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു ഉറപ്പിച്ചിരിക്കെയാണ് ആര്‍സിബി ഉയിര്‍ത്തെഴുന്നേറ്റത്. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച് അവര്‍ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. ഇതാണ് അവരെ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ത്തിയത്. കഴിഞ്ഞ മാസം 25ന് ഹൈദരാബാദിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ ശേഷം ആര്‍സിബിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമായിട്ടില്ല.
ജിടി (രണ്ടു തവണ), പഞ്ചാബ് കിങ്‌സ്, ഏറ്റവും അവസാനമായി ഡിസി എന്നിവരെയെല്ലാം ആര്‍സിബി തകര്‍ത്തെറിഞ്ഞു. നേരത്തേ മോശം നെറ്റ് റണ്‍റേറ്റ് ആര്‍സിബിക്കു ക്ഷീണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്കു (+0.387) അവര്‍ എത്തിച്ചു കഴിഞ്ഞു.