Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹൈദരാബാദിനോട് നാണംകെട്ടു, ലഖ്‌നൗ പ്ലേ ഓഫിലെത്തില്ലേ? സാധ്യത പരിശോധിക്കാം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പോരാട്ടം പ്ലേ ഓഫിലേക്കടുക്കവെ മത്സരങ്ങള്‍ വാശിയേറിയതാവുകയാണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ വെറും 9.4 ഓവറില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നിരിക്കുകയാണ്. 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഹൈദരാബാദ് നേടിയിരിക്കുന്നത്.

ഈ ജയത്തോടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പ് നടത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. എന്നാല്‍ ലഖ്‌നൗവിന്റെ വമ്പന്‍ തോല്‍വി ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗവിന് 2 മത്സരങ്ങള്‍ ശേഷിക്കെ കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

-0.769 ആണ് ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റ്. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ലഖ്‌നൗവിന് പ്ലേ ഓഫിലെത്താന്‍ വലിയ ജയങ്ങള്‍ നേടുക മാത്രമല്ല മറ്റ് ടീമുകളുടെ മത്സരഫലം അനുകൂലമായി മാറേണ്ടതായുമുണ്ട്. ലഖ്‌നൗവിന് പ്ലേ ഓഫിലേക്കെത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ അനുകൂലമായി വരണമെന്നത് പരിശോധിക്കാം. ലഖ്‌നൗവിന് ശേഷിക്കുന്ന 2 മത്സരങ്ങളിലെ എതിരാളികള്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ്.

കേവലം ജയം എന്നതിലുപരിയായി വലിയ മാര്‍ജിനില്‍ ലഖ്‌നൗവിന് ജയിക്കേണ്ടതായുണ്ട്. രണ്ട് മത്സരം ജയിച്ചാലും പരമാവധി 16 പോയിന്റാണ് ലഖ്‌നൗവിന് ലഭിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഇതിനോടകം 16 പോയിന്റുകളുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ടീമിന് ശേഷിക്കുന്നുണ്ട്. ഹൈദരാബാദിന് 2 മത്സരം ശേഷിക്കെ 16 പോയിന്റുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും 12 പോയിന്റുകളാണുള്ളത്.

kl rahul

ഈ രണ്ട് ടീമിന്റേയും മത്സരഫലം ലഖ്‌നൗവിന് വളരെ പ്രധാനപ്പെട്ടതാണ്. ഇവര്‍ 16 പോയിന്റിലേക്കെത്താതിരുന്നാല്‍ മാത്രമേ ലഖ്‌നൗവിന് പ്ലേ ഓഫിലേക്കെത്താനാവൂ. അല്ലാത്ത പക്ഷം ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്താവാനാണ് സാധ്യത. മുംബൈയേയും ഡല്‍ഹിയേയും തോല്‍പ്പിക്കുകയെന്നത് ലഖ്‌നൗവിന് എളുപ്പമാവില്ല. ജയിച്ചാല്‍ത്തന്നെ വലിയ മാര്‍ജിനില്‍ ജയിക്കാനായേക്കില്ല. അതുകൊണ്ടുതന്നെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വളരെ കുറവാണെന്ന് തന്നെ പറയാം.

ഹൈദരാബാദിനോട് പൊരുതി തോറ്റിരുന്നെങ്കില്‍ ലഖ്‌നൗവിന്റെ മത്സരഫലം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ 62 പന്തുകള്‍ ബാക്കിയാക്കി ഒരു വിക്കറ്റ് പോലും നഷ്ടമാവാതെയാണ് ഹൈദരാബാദ് ജയം നേടിയത്. അതുകൊണ്ടുതന്നെ ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റിനെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന് തോല്‍വിയുടെ ഉത്തരവാദിത്തമുണ്ട്. ടോസ് നേടിയിട്ടും ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്യാനാണ് രാഹുല്‍ തീരുമാനിച്ചത്.

ശക്തമായ ബാറ്റിങ് നിരയുള്ള ഹൈദരാബാദിനെതിരേ ആദ്യം പന്തെറിയാന്‍ ലഖ്‌നൗ തയ്യാറാവണമായിരുന്നു. അത് ചെയ്യാതിരുന്നത് വലിയ പിഴവായി. ഹൈദരാബാദിനെ പ്രതിരോധിക്കാന്‍ ലഖ്‌നൗ സ്‌പെഷ്യലിസ്റ്റ് പേസറായി നവീന്‍ ഉല്‍ ഹഖിനെ മാത്രമാണ് ഉപയോഗിച്ചത്. ഇംപാക്ട് പ്ലയറായി ലഖ്‌നൗ പേസര്‍മാരെ ഉപയോഗിക്കാതിരുന്നതും തിരിച്ചടിയായി. പ്രധാന താരങ്ങളെല്ലാം മോശം ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ലഖ്‌നൗവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം.

നായകസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഹൈദരാബാദിനെതിരായ മത്സര ശേഷം നായകന്‍ രാഹുലിനെതിരേ ലഖ്‌നൗ ടീം ഉടമ ദേഷ്യപ്പെട്ടിരുന്നു. നിലവില്‍ അത്ര മികച്ച അന്തരീക്ഷമല്ല ലഖ്‌നൗവിലുള്ളത്. അതുകൊണ്ടുതന്നെ ടീം പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്താം.

Story first published: Thursday, May 9, 2024, 10:32 [IST]
Other articles published on May 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+