മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പ്ലേ ഓഫില്‍ ആരൊക്കെ കടക്കുമെന്നതാണ് വലിയ ചോദ്യമായി തുടരുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്ലേ ഓഫില്‍ ആരും ഇതുവരെ സീറ്റുറപ്പിച്ചിട്ടില്ലെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചതോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്.
ബാക്കിയുള്ള ടീമുകളുടെ പ്ലേ ഓഫ് സാധ്യത എങ്ങനെയൊക്കെയാണെന്ന് പരിശോധിക്കാം. നിലവില്‍ തലപ്പത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കളിക്കാന്‍ സാധ്യത കൂടുതലാണ്. 11 മത്സരത്തില്‍ നിന്ന് 16 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ കെകെആര്‍ പ്ലേ ഓഫ് കളിക്കുമെന്നുറപ്പാണ്. 1.453 എന്ന ശക്തമായ നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ മൂന്ന് ശക്തരായ എതിരാളികളാണ് കെകെആറിനെതിരേയുള്ളത്.
ഇതില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് എന്നിവര്‍ക്കെതിരായത് എവേ മത്സരമാണ്. ഇതില്‍ തോല്‍ക്കേണ്ടി വന്നാലും മുംബൈക്കെതിരേ ഹോം മത്സരം കെകെആറിനെ കാത്തിരിക്കുന്നു. ഒരു ജയം കൂടി നേടിയാല്‍ കെകെആറിന് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനാവും. മികച്ച നെറ്റ് റണ്‍റേറ്റ് കെകെആറിന് കരുത്താവുന്നു. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 11 മത്സരത്തില്‍ നിന്ന് 16 പോയിന്റാണുള്ളത്. 0.476 എന്ന നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനുള്ളത്.
മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ രാജസ്ഥാനും പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ മൂന്ന് ടീമുകളിലൊന്നിനെയെങ്കിലും തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിക്കണം. രണ്ട് മത്സരങ്ങള്‍ ഹോം മത്സരമായതിനാല്‍ രാജസ്ഥാന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവും. മൂന്ന് മത്സരങ്ങളും തോല്‍ക്കാത്ത പക്ഷം രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ജയിക്കുന്ന മത്സരങ്ങളിലെല്ലാം വമ്പന്‍ ജയമാണ് ഹൈദരാബാദ് നേടുന്നത്. 0.406 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ഹൈദരാബാദിനുണ്ട്. മിന്നും ഫോമില്‍ കളിക്കുന്ന ഹൈദരാബാദിന് പ്ലേ ഓഫിലേക്ക് ഭയമില്ലാതെ എത്താന്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിക്കണം. ഒരു മത്സരം തോറ്റാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ഹൈദരാബാദ് ആശ്രയിക്കേണ്ടതായി വരും.
ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഹൈദരാബാദിന്റെ ശേഷിക്കുന്ന എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളും ഹൈദരാബാദിന്റെ തട്ടകത്തിലാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദ് സജീവ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. നാലാം സ്ഥാനത്തിനായാണ് വാശിയേറിയ പോരാട്ടം നടക്കുന്നതെന്ന് പറയാം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ക്ക് 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്.
സിഎസ്‌കെ വരുന്ന മത്സരങ്ങള്‍ തോല്‍ക്കേണ്ടത് ലഖ്‌നൗവിനും ഡല്‍ഹിക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, ഗുജറാത്ത് ടീമുകള്‍ക്കെതിരേയാണ് മത്സരമുള്ളത്. ഈ മത്സരത്തില്‍ 2 എണ്ണത്തിലെങ്കിലും സിഎസ്‌കെ തോറ്റാല്‍ ലഖ്‌നൗവിനും ഡല്‍ഹിക്കും പ്രതീക്ഷിക്കാം. സിഎസ്‌കെ 2 മത്സരം ജയിച്ചാല്‍ 16 പോയിന്റ് ലഭിക്കും. 3 മത്സരവും ജയിച്ചാല്‍ അനായാസം പ്ലേ ഓഫിലേക്കെത്താം.
ഡല്‍ഹിക്കും ലഖ്‌നൗവിനും വരുന്ന മത്സരങ്ങളില്‍ കേവലം ജയമല്ല ആവശ്യം. വലിയ മാര്‍ജിനില്‍ ജയം നേടാനാവാത്ത പക്ഷം ഡല്‍ഹിക്കും ലഖ്‌നൗവിനും പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും. ആര്‍സിബി, പഞ്ചാബ്, ഗുജറാത്ത് ടീമുകള്‍ക്ക് പരമാവധി 14 പോയിന്റാണ് ഇനി നേടാനാവുക. അതുകൊണ്ട് പ്ലേ ഓഫിലെത്താന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം.