അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ എലിമിനേറ്ററില്‍ തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരോവര്‍ ബാക്കിനിര്‍ത്തിയാണ് ജയിച്ചത്. ആദ്യത്തെ 8 മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്.
പിന്നീട് ആറ് തുടര്‍ ജയങ്ങളോടെ അത്ഭുത തിരിച്ചുവരവ് നടത്തിയാണ് ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുത്തത്. എന്നാല്‍ നിരാശപ്പെട്ട് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. ആര്‍സിബിയുടെ തോല്‍വിയേക്കാളേറെ വിരാട് കോലിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീളുന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിട്ടും ഇതുവരെ കിരീട ഭാഗ്യം കോലിക്കുണ്ടായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
61.75 ശരാശരിയിലും 154ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലും 741 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയത്. ഇതില്‍ അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 62 ഫോറും 38 സിക്‌സും കോലി പറത്തി. ടീമിനെ മുന്നില്‍ നിന്ന് നയിച്ചിട്ടും കിരീട ഭാഗ്യം കോലിയെ തുണച്ചില്ല. ഇതാദ്യമായല്ല കിരീട ഭാഗ്യം ആര്‍സിബിക്ക് കൈയെത്തും ദൂരത്ത് നഷ്ടമാകുന്നത്. കോലി റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമ്പോള്‍ ടീമിന് കിരീടത്തിലേക്കെത്തുക കൂടുതല്‍ പ്രയാസകരമായി മാറുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022ലെ ടി20 ലോകകപ്പില്‍ 296 റണ്‍സ് കോലി നേടി റണ്‍വേട്ടക്കാരില്‍ ഒന്നാമനായി. ഈ സീസണില്‍ കപ്പിലേക്കെത്താന്‍ കോലിക്ക് സാധിച്ചില്ല. ഐപിഎല്‍ 2023ല്‍ 639 റണ്‍സ് നേടി കോലി കസറിയപ്പോഴും ആര്‍സിബിക്ക് കിരീടം നേടാനായില്ല. 2023ലെ ഏകദിന ലോകകപ്പില്‍ 765 റണ്‍സോടെ കോലി റെക്കോഡ് പ്രകടനം നടത്തിയിട്ടും ഇന്ത്യക്ക് കിരീട ഭാഗ്യമുണ്ടായില്ല. കോലി വ്യക്തപരമായി വലിയ നേട്ടമുണ്ടാക്കുന്ന ടൂര്‍ണമെന്റുകളില്‍ കിരീട ഭാഗ്യം ടീമുകള്‍ക്കില്ലെന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ഇത്തവണ ആറ് തുടര്‍ ജയങ്ങള്‍ നേടിയതിനാല്‍ ആര്‍സിബി കപ്പിലേക്കെത്തുമെന്ന് പ്രതീക്ഷച്ചവര്‍ ഏറെയാണ്. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളിലെ പതിവ് പിഴവ് ആര്‍സിബി ആവര്‍ത്തിച്ചപ്പോള്‍ ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. കോലിയുടെ നോക്കൗട്ട് മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനം ഇതാദ്യമായല്ല. ഐപിഎല്‍ നോക്കൗട്ടുകളില്‍ 26 മാത്രമാണ് കോലിയുടെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 121ഉും.
എന്നാല്‍ ഇന്ത്യക്കായി നോക്കൗട്ട് മത്സരങ്ങളില്‍ 144 ശരാശരിയും 152 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. മത്സരശേഷം ആര്‍സിബിയുടെ ഡ്രസിങ് റൂമില്‍ വളരെ നിരാശയോടെയാണ് കോലിയെ കാണപ്പെട്ടത്. ഇത്തവണ വലിയ കിരീട പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും ടീമിന് അതിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി.
മികച്ച പ്രകടനം പല സീസണുകളിലും നടത്തുന്നുണ്ടെങ്കിലും നിര്‍ണ്ണായക സമയത്ത് ഭാഗ്യം തുണക്കാത്ത ടീമാണ് ആര്‍സിബി. 2020, 2021 സീസണുകളില്‍ എലിമിനേറ്ററില്‍ പുറത്തായ ആര്‍സിബി 2023ല്‍ രണ്ടാം ക്വാളിഫയറിലാണ് തോറ്റത്. 2024ല്‍ ഇപ്പോഴിതാ എലിമിനേറ്ററില്‍ വീണ്ടും വീണിരിക്കുകയാണ്. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കുകയാണ്. നായകസ്ഥാനത്ത് നിന്ന് ഫഫ് ഡുപ്ലെസിസ് പടിയിറങ്ങുമെന്നുറപ്പ്.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇനി ദിനേഷ് കാര്‍ത്തിക് ഇല്ല. ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണില്‍ അടിമുടി മാറ്റം ആര്‍സിബിക്കുണ്ടാവുമെന്നുറപ്പാണ്. ഈ സാലയും കപ്പ് നഷ്ടമായ ആര്‍സിബി അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം. ഏത് പ്രതിസന്ധിയിലും ആര്‍സിബിയെ തുണക്കുന്ന ആരാധകരാണ് ടീമിനുള്ളത്. ഇതാണ് ടീമിന്റെ കരുത്ത്.