ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 57ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്തടുക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 10 വിക്കറ്റിനാണ് ആതിഥേയരായ ഹൈദരാബാദിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 4 വിക്കറ്റിന് 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് പോവാതെ 167 റണ്‍സ് നേടി 10 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ട്രാവിസ് ഹെഡ് 30 പന്തില്‍ 8 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 89 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ അഭിഷേക് ശര്‍മ 28 പന്തില്‍ 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സും നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം പിഴച്ചു. ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ ക്വിന്റന്‍ ഡീകോക്കാണ് ആദ്യം പുറത്തായത്.
5 പന്തില്‍ 2 റണ്‍സെടുത്ത ഡീകോക്കിനെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. നിതീഷ് കുമാര്‍ റെഡ്ഡി ബൗണ്ടറി ലൈനില്‍ നടത്തിയ തകര്‍പ്പന്‍ ക്യാച്ചാണ് ഡീകോക്കിന് പുറത്തേക്കുള്ള വഴി തുറന്നത്. വമ്പനടിക്കാരനായ മാര്‍ക്കസ് സ്റ്റോയിണിസിന് മികവ് ആവര്‍ത്തിക്കാനായില്ല.
5 പന്തില്‍ 3 റണ്‍സ് നേടിയ സ്റ്റോയിണിസിനെ ഭുവനേശ്വറുടെ പന്തില്‍ സന്‍വീര്‍ സിങ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പവര്‍പ്ലേയില്‍ കെ എല്‍ രാഹുല്‍ ഒച്ചിഴയും വേഗത്തിലാണ് ബാറ്റ് ചെയ്തത്. 24 പന്തില്‍ 19 റണ്‍സാണ് പവര്‍പ്ലേയില്‍ രാഹുല്‍ നേടിയത്.
പതിയെ തുടങ്ങി റണ്‍സുയര്‍ത്താമെന്ന രാഹുലിന്റെ മണ്ടന്‍ തന്ത്രം ഇത്തവണയും പാളി. 33 പന്തില്‍ 1 സിക്‌സും ഫോറുമുള്‍പ്പെടെ 29 റണ്‍സ് നേടിയ രാഹുലിനെ പാറ്റ് കമ്മിന്‍സ് മടക്കി. ടി നടരാജന്റെ ക്യാച്ചിലാണ് ലഖ്‌നൗ നായകന്‍ മടങ്ങിയത്.
നാലാമനായി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യ 2 സിക്‌സുകള്‍ പറത്തിയെങ്കിലും 21 പന്തില്‍ 24 റണ്‍സാണ് നേടിയത്. പാറ്റ് കമ്മിന്‍സിന്റെ കിടിലന്‍ ത്രോയില്‍ റണ്ണൗട്ടായാണ് ക്രുണാല്‍ മടങ്ങിയത്. ഇതോടെ വമ്പന്‍ തകര്‍ച്ചയെ ലഖ്‌നൗ മുന്നില്‍ക്കണ്ടു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നിക്കോളാസ് പുരാനും ആയുഷ് ബദോനിയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. ബദോനി 30 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ നിക്കോളാസ് പുരന്‍ 26 പന്തില്‍ 48 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.

6 ഫോറും 1 സിക്‌സുമാണ് പുരാന്‍ നേടിയത്. ഇതോടെ 20 ഓവറില്‍ 4ന് 165 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ലഖ്‌നൗവെത്തി. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റും പാറ്റ് കമ്മിന്‍സ് 1 വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ ഹൈദരാബാദിനായി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും കത്തിക്കയറി. പവര്‍പ്ലേയില്‍ 107 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ലഖ്‌നൗ 2 വിക്കറ്റിന് 27 റണ്‍സ് മാത്രമാണ് പവര്‍പ്ലേയില്‍ നേടിയത്.
ലഖ്‌നൗ ബൗളര്‍മാരെ തല്ലിപ്പറത്തിയ ഹൈദരാബാദ് ഓപ്പണര്‍മാര്‍ അതിവേഗം വിജയലക്ഷ്യത്തിലേക്കടുത്തു. ഹെഡ് 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ അഭിഷേക് 19 പന്തില്‍ ഫിഫ്റ്റി പിന്നിട്ടു. വെടിക്കെട്ട് തുടര്‍ന്ന ഇരുവരും 62 പന്ത് ബാക്കിയാക്കി ഹൈദരാബാദിനെ വിജയത്തിലേക്കെത്തിച്ചു.
പ്ലേയിങ് 11- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍ (c,wc), മാര്‍ക്കസ് സ്‌റ്റോയിണിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യഷ് താക്കൂര്‍, രവി ബിഷ്‌നോയ്, നവീന്‍ ഉള്‍ ഹഖ്