ചെന്നൈ: ചിരവൈരികളുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു സ്വന്തം ഗ്രൗണ്ടില്‍ പരാജയമേറ്റു വാങ്ങിയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ത്രില്ലിങ് മാച്ചില്‍ സിഎസ്‌കെയോടു 20 റണ്‍സിന്റെ തോല്‍വിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സമ്മതിച്ചത്. വാംഖഡെയില്‍ 207 റണ്‍സിന്റെ വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈയ്ക്കു ആറു വിക്കറ്റിനു 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മുന്‍ നായകന്‍ രോഹിത് ശര്‍മ അപരാജിത സെഞ്ച്വറിയോടെ പൊരുതിയെങ്കിലും ടീമംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ കിട്ടാതിരുന്നത് ക്ഷീണമായി. 63 ബോളില്‍ 11 ഫോറും അഞ്ചു സിക്‌സറുമടക്കം പുറത്താവാതെ 105 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഈ പരാജയത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ഗുരുതര ആരോപണങ്ങളുമാണ് നായകന്‍ ഹാര്‍ദിക് നേരിടുന്നത്.

ക്യാപ്റ്റനെന്ന നിലയിലും താരത്തിന്റെ റോളിലും അദ്ദേഹം ഈ കളിയില്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍സിയില്‍ അവസാന ഓവറുകളില്‍ ഹാര്‍ദിക് ചില മണ്ടത്തരങ്ങള്‍ കാണിച്ചപ്പോള്‍ ബാറ്റിങിലും ബൗളിങിലും യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബൗളിങില്‍ മൂന്നോവറുകളാണ് ഹാര്‍ദിക് ബൗള്‍ ചെയ്തത്. ഇതില്‍ 14.30 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ 43 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു, രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റണ്‍സ് വാരിക്കോരി നല്‍കുന്നതില്‍ യാതൊരു പിശുക്കും കാണിച്ചില്ല.
പിന്നീട് റണ്‍ചേസില്‍ ബാറ്റിങിലും ഹാര്‍ദിക് നനഞ്ഞ പടക്കമായി തീര്‍ന്നു. ആറു ബോളില്‍ നിന്നും രണ്ടു റണ്‍സ് മാത്രം നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. മുംബൈയുടെ തോല്‍വിക്കു പ്രധാന കാരണക്കാരന്‍ ഹാര്‍ദിക്ക് തന്നെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിക്കാനല്ല, മറിച്ച് തന്റെ ആരാധനാപാത്രവും സുഹൃത്തുമായ എംഎസ് ധോണിയെയും സിഎസ്‌കെയെയും സഹായിക്കാനാണ് ഹാര്‍ദിക് പാണ്ഡ്യ ശ്രമിച്ചത്. ഇതാദ്യമായിട്ടല്ല അദ്ദേഹം ഇക്കാര്യം ചെയ്യുന്നത്. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്നപ്പോഴും സിഎസ്‌കെക്കതിരേ ടീം തോറ്റാല്‍ അതു ഹാര്‍ദിക്കിനെ അധികം നിരാശപ്പെടുത്താറില്ല, പകരം തന്റെ ഹീറോയായ ധോണിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതാണ് കണ്ടിട്ടുള്ളതെന്നും ഹാര്‍ദിക്കിനെതിരേ ആരാധകര്‍ തുറന്നടിക്കുന്നു.

കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു കൊട്ടുത്തതിലൂടെ ഹാര്‍ദിക് പാണ്ഡ്യക്കു എത്ര കിട്ടി? അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. സിഎസ്‌കെയില്‍ നിന്നും പണം വാങ്ങിയാണ് ഹാര്‍ദിക് ഈ മല്‍സരം മനപ്പൂര്‍വ്വം തോറ്റു കൊടുത്തത്. ഏറെ പ്രധാനപ്പെട്ട 20ാം ഓവര്‍ സ്വയം ബൗള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സംശയസ്പദമാണ്.
ക്രീസിലുണ്ടായിരുന്ന എംഎസ് ധോണിയെ ഹീറോയാക്കാന്‍ ഹാര്‍ദിക്ക് മനപ്പൂര്‍വം മോശമായി ബൗള്‍ ചെയ്തതാണ്. പിന്നീട് ബാറ്റിങിനായി ക്രീസിലെത്തിയപ്പോഴും അദ്ദേഹം ആര്‍ക്കോ വേണ്ടിയാണ് കളിച്ചത്. ബാറ്റിങ് തനിക്കു വേണ്ടത്ര വശമില്ലാത്തതു പോലെ ആറു ബോളില്‍ രണ്ടു റണ്‍സുമായി വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. ഇവയെല്ലം ചേര്‍ത്തു വായിക്കുമ്പോള്‍ ഒരുപാട് ദുരൂഹതകളുണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു.
എംഎസ് ധോണിയോടും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും ഐപിഎല്‍ പോരാട്ടത്തില്‍ തോല്‍ക്കുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യക്കു സന്തോഷവും അഭിമാനവുമേയുള്ളൂ. 2023ലെ ഫൈനലില്‍ തോറ്റപ്പോഴും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ അദ്ദേഹത്തില്‍ കാര്യമായ നിരാശയും ദുഖവുമൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി വന്നപ്പോഴും ഇതേ രീതിയിലാണ് ഹാര്‍ദിക് കാണപ്പെടുന്നതെന്നും വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നു.