മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എട്ടാം തോല്‍വി നേരിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റണ്‍സിന്റെ തോല്‍വിയാണ് മുംബൈക്ക് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ 19.5 ഓവറില്‍ 169 റണ്‍സിലൊതുക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. മുംബൈ അനായാസ ജയം പ്രതീക്ഷിച്ചെങ്കിലും തകര്‍പ്പന്‍ ബൗളിങ്ങുമായി കെകെആര്‍ മുംബൈയെ നാണംകെടുത്തുകയായിരുന്നു.
മുംബൈയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഉയരുന്നത്. എന്നാല്‍ മുംബൈ ടീമിനുള്ളില്‍ ഹാര്‍ദിക് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പറയാം. മുംബൈ കെകെആറിനെതിരേ തോല്‍ക്കുമ്പോള്‍ ഡഗൗട്ടില്‍ ഏകനായിരുന്ന് നിരാശയോടെ മുഖം താഴ്ത്തുകയാണ് ഹാര്‍ദിക് ചെയ്തത്. എന്നാല്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമെല്ലാം ഡ്രസിങ് റൂമിലിരുന്നാണ് മത്സരം കണ്ടത്.
ഇത്രയും പ്രതിസന്ധിയിലൂടെ ഹാര്‍ദിക് കടന്ന് പോകുമ്പോഴും സഹതാരങ്ങള്‍ പിന്തുണക്കുന്നില്ല. രോഹിത് ശര്‍മ മുന്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ ഇത്തരം സാഹചര്യത്തില്‍ പിന്തുണക്കുകയും ധൈര്യം നല്‍കി ഒപ്പം നില്‍ക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത്തരമൊരു പിന്തുണ രോഹിത്തില്‍ നിന്ന് ഉണ്ടാകുന്നില്ല. കെകെആറിനെതിരായ മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ കടുത്ത നിരാശയിലായിരുന്നു. അവസാന വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയതിന് പിന്നാലെ ഹാര്‍ദിക് അല്‍പ്പം നേരം മുഖം താഴ്ത്തി ഇരുന്നു.
ഈ സമയത്ത് മുംബൈയിലെ മറ്റ് പ്രധാന താരങ്ങളെല്ലാം ഡ്രസിങ് റൂമിലായിരുന്നു. ഹാര്‍ദിക് മുംബൈ ടീമില്‍ ഒറ്റപ്പെട്ടുവെന്നത് ഏറ്റവും കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. പിന്നീട് രോഹിത്തടക്കം ഡ്രസിങ് റൂമില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ പതിവ് ചിരിയോടെ ഹാര്‍ദിക് ഹസ്തദാനം ചെയ്ത് മടങ്ങി. മത്സര ശേഷം ചില ഒളിയമ്പുകള്‍ എയ്യാനും ഹാര്‍ദിക് മടികാട്ടിയില്ല. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനുണ്ടെന്നും എന്നാല്‍ അതിനുള്ള സമയമായില്ലെന്നുമാണ് ഹാര്‍ദിക് പറഞ്ഞത്.

ഇത് ടീമിനുള്ളില്‍ ഹാര്‍ദിക്കിന് ലഭിക്കുന്ന പിന്തുണക്കുറവിനെക്കുറിച്ചാവാമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആരാധകരെല്ലാം ഹാര്‍ദിക്കിനെതിരാണ്. അതും മുംബൈയുടെ നായകനെ സമ്മര്‍ദ്ദത്തിലാക്കുന്നു. കഴിഞ്ഞ ദിവസം ഹാര്‍ദിക്കും തിലക് വര്‍മയും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതും മത്സരത്തെ ബാധിച്ചു. ജയിക്കണമെന്ന താല്‍പര്യത്തോടെയല്ല മുംബൈയുടെ പല താരങ്ങളും കളിക്കുന്നതെന്ന് പറയാം.
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് ആദ്യ സമയത്ത് ഭേദപ്പെട്ട് നിന്നെങ്കിലും ഇപ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സൂര്യകുമാര്‍ യാദവിന് സ്ഥിരതയില്ല. തിലക് വര്‍മയും നിഹാല്‍ വദേരയും ഇടക്കിടെ കാമിയോകള്‍ കളിക്കുമെങ്കിലും വിശ്വസ്തരെന്ന് വിളിക്കാനാവില്ല. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറക്ക് തുടര്‍ച്ചയായി മികവ് കാട്ടാനാവുന്നുണ്ട്. എന്നാല്‍ മറ്റ് ബൗളര്‍മാരുടെ സ്ഥിരത പ്രശ്‌നമാണ്. നിലവില്‍ മുംബൈക്ക് ശക്തമായ താരനിരയുണ്ട്.
എന്നാല്‍ ഇവരൊന്നും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നതാണ് മുംബൈയെ പിന്നോട്ടടിക്കുന്ന കാര്യം. ഹാര്‍ദിക്കുമായി സഹതാരങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നു. സീസണില്‍ 11 മത്സരത്തില്‍ നിന്ന് എട്ടാം തോല്‍വി വഴങ്ങിയതോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും പരമാവധി 12 പോയിന്റാണ് മുംബൈക്ക് നേടാനാവുക. അതുകൊണ്ട് പ്ലേ ഓഫിലേക്കെത്താനാവില്ലെന്ന് പറയാം.
ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ പടലപ്പിണക്കമുണ്ടാവുന്നത് അത്ര ശുഭകരമായ കാര്യമല്ല. രോഹിത് ശര്‍മയാണ് ഇന്ത്യയെ ലോകകപ്പില്‍ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മുംബൈ ഇന്ത്യന്‍സില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.