മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് ഇപ്പോഴും വ്യക്തമായി പറയാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ പല ഗംഭീര പ്രകടനങ്ങളും സീസണില്‍ കണ്ടു.
പതിവ് പോലെ പല യുവതാരങ്ങളും മികച്ച പ്രകടനം നടത്തി കൈയടി നേടി. അഭിഷേക് ശര്‍മ, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ തുടങ്ങി ഈ പട്ടിക ഇങ്ങനെ നീളുന്നു. എന്നാല്‍ വലിയ പ്രതീക്ഷവെച്ച പല താരങ്ങളും 17ാം സീസണില്‍ ഫ്‌ളോപ്പായി. ഇത്തരത്തില്‍ ദുരന്തമായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മുംബൈ ഇന്ത്യന്‍സ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ്.
അവസാന രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഓള്‍റൗണ്ട് മികവ് കാട്ടിയ ഹാര്‍ദിക് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. 11 ഇന്നിങ്‌സില്‍ നിന്ന് 198 റണ്‍സാണ് ആകെ ഹാര്‍ദിക് നേടിയത്. 19.80 മാത്രമാണ് മുംബൈ നായകന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് 150ല്‍ താഴെയാണ്. 11 വിക്കറ്റുകള്‍ വീഴ്ത്തിയ ഹാര്‍ദിക്കിന്റെ ഇക്കോണമി 10ന് മുകളിലാണ്. ഇത്തവണ ഹാര്‍ദിക് ഫ്‌ളോപ്പായതാണ് മുംബൈയെ പിന്നോട്ടടിച്ചത്. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായിരിക്കുകയാണ്.
രോഹിത് ശര്‍മയാണ് രണ്ടാമത്തെ താരം. ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. 12 മത്സരത്തില്‍ നിന്ന് 330 റണ്‍സാണ് രോഹിത്തിന് നേടാനായത്. അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ രോഹിത് നിരാശ സഹിക്കാനാവാതെ കരയുകയും ചെയ്തിരുന്നു. രോഹിത്തിന് ഓപ്പണര്‍ റോളില്‍ ശോഭിക്കാനാവാത്തത് മുംബൈയെ കാര്യമായി ബാധിച്ചു.

ശുബ്മാന്‍ ഗില്ലാണ് മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ലഭിച്ചതോടെ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് പോയി. 11 മത്സരത്തില്‍ നിന്ന് 322 റണ്‍സാണ് ഗില്ലിന് നേടാനായത്. 2 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഗില്‍ തീര്‍ത്തും നിറം മങ്ങി. ഇത്തവണ ഗുജറാത്ത് പ്ലേ ഓഫിലെത്താനുള്ള സാധ്യതയും വളരെ കുറവാണ്. അജിന്‍ക്യ രഹാനെയാണ് നിരാശപ്പെടുത്തിയ മറ്റൊരാള്‍. അവസാന സീസണില്‍ അപ്രതീക്ഷിത പ്രകടനം നടത്തി ഞെട്ടിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രഹാനെ നടത്തിയത്. 11 മത്സരത്തില്‍ നിന്ന് 208 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറി പോലുമില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരം ക്വിന്റന്‍ ഡോക്കും നിരാശപ്പെടുത്തി. 10 മത്സരത്തില്‍ നിന്ന് 238 റണ്‍സാണ് ഡീകോക്ക് നേടിയത്. സിഎസ്‌കെ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങളാണ് ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും. രണ്ട് പേരും തീര്‍ത്തും നിരാശപ്പെടുത്തി.
10 മത്സരത്തില്‍ നിന്ന് 229 റണ്‍സാണ് മിച്ചല്‍ നേടിയത്. രചിന്‍ 7 മത്സരത്തില്‍ നിന്ന് നേടിയത് 133 റണ്‍സ് മാത്രമാണ്. റെക്കോഡ് പ്രതിഫലം വാങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കും ഫ്‌ളോപ്പാണ്. 10 മത്സരത്തില്‍ നിന്ന് 12 വിക്കറ്റ് നേടിയെങ്കിലും ഇക്കോണമി 11ന് മുകളിലാണ്.
ട്രന്റ് ബോള്‍ട്ടിനും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. 11 മത്സരത്തില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് ബോള്‍ട്ട് നേടിയത്. ആര്‍സിബി മുംബൈയില്‍ നിന്ന് ഒപ്പം കൂട്ടിയ കാമറൂണ്‍ ഗ്രീനും തീര്‍ത്തും നിരാശപ്പെടുത്തി. 10 മത്സരത്തില്‍ നിന്ന് 7 വിക്കറ്റും 158 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.