ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ടില്‍ ഏഴ് മത്സരത്തിലും ജയിച്ച രാജസ്ഥാന്‍ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സെടുത്തപ്പോള്‍ 8 പന്ത് ബാക്കിയാക്കിയാണ് രാജസ്ഥാന്റെ ജയം. സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവും യശ്വസി ജയ്‌സ്വാളിന്റെ (104*) സെഞ്ച്വറിയുമാണ് രാജസ്ഥാന് കരുത്തായത്.
രാജസ്ഥാന്റെ വിജയത്തില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വലിയ പിഴവുകളും കാരണമായിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതു മുതല്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളെല്ലാം പാളി. എന്നാല്‍ മത്സരശേഷം ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരേയും ബൗളര്‍മാരേയുമാണ് ഹാര്‍ദിക് വിമര്‍ശിച്ചത്. തോറ്റ ശേഷവും ചിരിച്ചുകൊണ്ട് വളരെ സന്തോഷത്തോടെയാണ് ഹാര്‍ദിക്കിനെ കാണപ്പെട്ടത്. ഇപ്പോഴിതാ ഹാര്‍ദിക്കിനെതിരേ ഡെയ്ല്‍ സ്‌റ്റെയിന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ടീം തോറ്റ് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ ചിരിക്കുന്നതെന്നാണ് സ്‌റ്റെയിന്‍ ചോദിക്കുന്നത്. 'കളിക്കാര്‍ സത്യസന്ധമായി സംസാരിക്കുന്ന ദിവസത്തിനായാണ് കാത്തിരിക്കുന്നത്. എന്തെങ്കിലും പറഞ്ഞ് സ്വയം സുരക്ഷിതമാകാന്‍ ശ്രമിക്കുകയാണ്. അടുത്ത മത്സരവും മുംബൈ തോല്‍ക്കുമ്പോഴും ഇതേ ചിരിയോടെ അസംബന്ധം ആവര്‍ത്തിക്കും' എന്നാണ് എക്‌സിലൂടെ സ്റ്റെയിന്‍ പറഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി എല്ലാവരേയും ഞെട്ടിച്ച താരമാണ്.
അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയതോടെ ഹാര്‍ദിക്കിന് മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ടീമിനുള്ളില്‍ ഹാര്‍ദിക്കിന് പിന്തുണയില്ലെന്നതാണ് വസ്തുത. മുംബൈയുടെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയത് സഹതാരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തിലു വ്യക്തമാണ്.

രാജസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാമെന്ന ഹാര്‍ദിക്കിന്റെ തീരുമാനം മണ്ടത്തരമായിരുന്നു. കാരണം പിച്ചില്‍ നല്ല ടേണും സ്വിങ്ങുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത് പന്തെറിയുമ്പോള്‍ കാര്യങ്ങള്‍ കടുപ്പമാണ്. അതുകൊണ്ടാണ് താന്‍ ആദ്യം പന്തെറിയാനാണ് ആഗ്രഹിച്ചതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞത്. സഞ്ജുവിന്റെ വിലയിരുത്തല്‍ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തില്‍ കണ്ടത്. ബാറ്റിങ്ങില്‍ ഹാര്‍ദിക് വീണ്ടും നിറം മങ്ങുകയും ചെയ്തു.
ഡെത്തോവറില്‍ ബാറ്റ് ചെയ്യാനിറങ്ങി 10 പന്തില്‍ 10 റണ്‍സാണ് ഹാര്‍ദിക് നേടിയത്. അതിവേഗത്തില്‍ ബാറ്റ് ചെയ്തിരുന്ന മുംബൈയുടെ വേഗം കുറച്ചത് ഹാര്‍ദിക്കാണ്. ടിം ഡേവിഡ് ഹാര്‍ദിക്കിന് മുമ്പ് ബാറ്റ് ചെയ്തിരുന്നെങ്കില്‍ 200ന് മുകളിലേക്ക് മുംബൈ സ്‌കോര്‍ ഉയര്‍ന്നേനെ. എന്നാല്‍ ഹാര്‍ദിക് ഹീറോയാവാന്‍ ശ്രമിച്ച് പദ്ധതി പാളിയതാണ് മുംബൈയെ 179ല്‍ ഒതുങ്ങിയത്. മുഹമ്മദ് നബിയെ നേരത്തെ ബാറ്റിങ്ങിനിറക്കിയതും വലിയ ഗുണം ചെയ്യാത്ത തീരുമാനമായിരുന്നു.
ബൗളിങ്ങിലും ഹാര്‍ദിക് ആന മണ്ടത്തരങ്ങള്‍ കാട്ടി. ആദ്യ ഓവര്‍ എറിയാനെത്തി ഹാര്‍ദിക് 11 റണ്‍സാ വഴങ്ങിയത്. ഈ തുടക്കത്തെ പിന്നീടങ്ങോട്ട് രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുതലാക്കി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാജസ്ഥാന്‍ ശ്രമിച്ചപ്പോള്‍ യാതൊരു തന്ത്രവുമില്ലാതെയാണ് ഹാര്‍ദിക് കളത്തില്‍ നിന്നത്. സ്പിന്നര്‍മാരെ നേരത്തെ ഉപയോഗിക്കാതിരുന്നതും നായകന്റെ പിഴവ്. ജെറാള്‍ഡ് കോയിറ്റ്‌സെയെ വേണ്ട വിധം ഉപയോഗിച്ചില്ല.
തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായ നുവന്‍ തുഷാരയേയും ഹാര്‍ദിക് വേണ്ടവിധം ഉപയോഗിച്ചില്ല. നായകനെന്ന നിലയില്‍ സഞ്ജു മികച്ച് നിന്നപ്പോള്‍ ഹാര്‍ദിക്കെടുത്ത തീരുമാനങ്ങളെല്ലാം പാളി. എന്തായാലും മുംബൈയ്ക്ക് പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും. വരുന്ന മത്സരങ്ങളിലെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.