IPL 2024: ക്ഷമയോടെ ഇരിക്കൂ, മുംബൈ തിരിച്ചുവരും! ഹാര്‍ദിക്കിനെ പിന്തുണച്ച് ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങിയത്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ടീം ആദ്യത്തെ മൂന്ന് മത്സരത്തിലും തോറ്റിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ പോലും മുംബൈ നാണംകെട്ടു. ഇതോടെ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തലയുയര്‍ത്താനാവാത്ത അവസ്ഥയാണ്.
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് മുതല്‍ ടീമിനുള്ളില്‍ അസ്വാരസ്യങ്ങളുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം മത്സരത്തിലടക്കം ഹാര്‍ദിക്കിന് കൂവല്‍ നേരിടേണ്ടി വന്നു. 3 മത്സരങ്ങളില്‍ തുടര്‍ച്ചയായി ടീം തോറ്റ് നിലവില്‍ അവസാന സ്ഥാനത്താണ്. ഇനിയൊരു തിരിച്ചുവരവ് മുംബൈക്ക് സാധിക്കുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്കടക്കം സംശയമുണ്ട്. എന്നാല്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെടുകയും ഹാര്‍ദിക്കിനെ പിന്തുണക്കുകയും ചെയ്തിരിക്കുകയാണ് രവി ശാസ്ത്രി.
'കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വലിയ പിന്തുണ ലഭിച്ച ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2, 3 മത്സരങ്ങള്‍ തോറ്റതോടെ മുംബൈ മോശം ടീമാകില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ് മുംബൈ. അവര്‍ക്ക് ഇത്തവണ പുതിയ നായകനാണുള്ളത്. അല്‍പ്പം ക്ഷമ കാട്ടൂ. അല്‍പ്പം ശാന്തമായി ചിന്തിക്കൂ. ഹാര്‍ദിക് ഇതൊന്നും മൈന്റ് ചെയ്യുന്നില്ല. അവന്‍ ശാന്തതയോടെ ക്ഷമയോടെ വിമര്‍ശനങ്ങളെയെല്ലാം അവഗണിക്കുകയാണ്. അവന്റെ പൂര്‍ണ്ണ ശ്രദ്ധ മത്സരത്തിലുണ്ട്. മികച്ച ടീമാണ് മുംബൈ.
3, 4 മത്സരങ്ങള്‍ ജയിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം മാറി മറിയും. ഇതിനെല്ലാം ഒടുവില്‍ ഇന്ത്യന്‍ ടീമെന്ന നിലയില്‍ കളിക്കേണ്ടതാണ്. ഇത് ഫ്രാഞ്ചൈസി ക്രിക്കറ്റാണ്. അവര്‍ക്കായി പണത്തിന് നമ്മള്‍ കളിക്കുന്നു. ഇതില്‍ നായകനെ തിരഞ്ഞെടുക്കുന്നത് അവരുടെ താല്‍പര്യത്തിനാണ്' ശാസ്ത്രി പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് നായകനായ ശേഷം ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ക്യാപ്റ്റനാവാന്‍ ഹാര്‍ദിക് നിര്‍ബന്ധിച്ച് കരാര്‍ സൃഷ്ടിച്ചു.

ഇതാണ് രോഹിത്തിനെ പുറത്താക്കാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ രോഹിത്തിനെ ഹാര്‍ദിക് അപമാനിച്ചു. ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായി. ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കിന്റെ പഴയ തട്ടകമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടിലാണ് മുംബൈ കളിച്ചത്. കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെ വരവേറ്റത്. ഗ്രൗണ്ടില്‍ നായ ഇറങ്ങിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് അപമാനിച്ചു.
മുംബൈയുടെ തട്ടകമായ വാഖഡെ സ്റ്റേഡിയത്തില്‍ ടോസിടാന്‍ എത്തിയപ്പോഴും ഹാര്‍ദിക്കിന് കൂവലാണ് ലഭിച്ചത്. രാജസ്ഥാനോട് തട്ടകത്തില്‍ തോറ്റപ്പോള്‍ ഹാര്‍ദിക് ഡഗൗട്ടില്‍ ഒറ്റക്കിരിക്കുന്നതാണ് കണ്ടതാണ്. ആരും ഹാര്‍ദിക്കിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. എന്നാല്‍ മുംബൈയിലേക്കെത്തിയപ്പോള്‍ ഈ മികവ് കാണാനായില്ല.
ഇങ്ങനൊരു തുടക്കമായിരുന്നില്ല പ്രതീക്ഷിച്ചിരുന്നതെന്ന് ഹാര്‍ദിക് തുറന്ന് പറയുകയും ചെയ്തു. മുംബൈക്ക് ശക്തമായ തിരിച്ചുവരവ് നടത്തുക പ്രയാസമാണ്. കാരണം ടീമിനുള്ളിലെ ഭിന്നതയാണ്. രോഹിത്, ഹാര്‍ദിക് എന്നീ രണ്ട് തരമായി ടീമിനുള്ളില്‍ താരങ്ങള്‍ തിരിഞ്ഞിട്ടുണ്ട്. മുംബൈയില്‍ ഹാര്‍ദിക്കിനെ കൂവിയപ്പോള്‍ രോഹിത് ഇടപെടുകയും കൂവരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ആരാധകര്‍ മുഖവിലക്കെടുത്തില്ല.
വരുന്ന മത്സരങ്ങളിലും ഹാര്‍ദിക്കിനെതിരേ വലിയ ആരാധക പ്രതിഷേധം ഉയര്‍ന്നേക്കും. മുംബൈ ഇന്ത്യന്‍സ് നിരയിലേക്ക് സൂര്യകുമാര്‍ യാദവ് കൂടിയെത്തുന്നതോടെ ടീം കൂടുതല്‍ കരുത്തുറ്റതാവും. ആദ്യമൂന്ന് തോല്‍വികൊണ്ട് മുംബൈയെ എഴുതിത്തള്ളാനാവില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് സാധിക്കുമെന്ന് തന്നെ കരുതാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications