മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ശര്‍മയെ മാറ്റി മുംബൈയുടെ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയതുമുതല്‍ ആരാധകരുടെ കണ്ണിലെ കരടാണ് ഓള്‍റൗണ്ടര്‍. ഹാര്‍ദിക്കിന് കീഴില്‍ ആദ്യ 3 മത്സരങ്ങളും മുംബൈ തോറ്റു. പിന്നീട് 2 മത്സരങ്ങള്‍ ജയിച്ചെങ്കിലും എല്‍ ക്ലാസിക്കോയില്‍ സിഎസ്‌കെയോട് തോറ്റു.
സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ പന്തെറിഞ്ഞ ഹാര്‍ദിക് നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന ഓവറില്‍ എംഎസ് ധോണി ഹാര്‍ദിക്കിനെ തുടര്‍ച്ചയായി 3 സിക്‌സറടക്കം പറത്തി തല്ലിപ്പറത്തി. ഈ ബൗളിങ്ങാണ് മുംബൈയുടെ തോല്‍വിക്ക് കാരണമായതും. ഇതോടെ ഹാര്‍ദിക്കിനെതിരേ ആരാധകരുടെ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇപ്പോഴിതാ മുംബൈ ടീമില്‍ ഹാര്‍ദിക് ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്.
എംഎസ് ധോണിക്കെതിരായ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഓവര്‍ ചൂണ്ടിക്കാട്ടിയാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 'ഉയര്‍ന്ന നിലവാരമുള്ള ടീമുകള്‍ എപ്പോഴും വിജയത്തിനായി ചില സുപ്രധാന മാറ്റങ്ങള്‍ നടത്തും. മുംബൈ ടീമിലേക്ക് ഹാര്‍ജിക് എത്തിയതും രോഹിത്തില്‍ നിന്ന് ഹാര്‍ദിക്കിലേക്ക് നായകസ്ഥാനം എത്തിയതും ഇതിന്റെ ഭാഗമാണ്. രോഹിത് ടീമില്‍ സന്തോഷവാനാണോ അല്ലെയോ എന്നത് പോലും വ്യക്തമായി അറിയില്ല. എന്നാല്‍ ആരാധകര്‍ നിരാശരാണ്.
ധോണിക്കെതിരേ ഹാര്‍ദിക്കെറിഞ്ഞ പന്തിന്റെ ലൈന്‍ കൗതുകമുണ്ടാക്കുന്നതാണ്. അവന്‍ ഒറ്റപ്പെട്ട് പോയതിന്റെ ഫലമാണ് അതെന്നാണ് ഞാന്‍ കരുതുന്നത്. ആരും തന്നെ പിന്തുണക്കുന്നില്ലെന്ന നിരാശ അവനെ വേട്ടയാടിയിട്ടുണ്ടാവാം. എന്നാല്‍ റുതുരാജിന് സിഎസ്‌കെയില്‍ വലിയ പിന്തുണ ലഭിക്കുന്നു. മുംബൈ ഡഗൗട്ടിലെ പ്രശ്‌നങ്ങളും അനിശ്ചിതത്വവും ഹാര്‍ദിക്കിന്റെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടാവാം' ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ടീമിലേക്ക് തിരിച്ചെത്തിയത് മുതല്‍ ടീമിനുള്ളിലെ അതൃപ്തി വ്യക്തമാണ്. പതിയെ അദ്ദേഹത്തിന് പിന്തുണ ലഭിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല ഇതുവരെ പോകുന്നത്. ഹാര്‍ദിക് ടീമിനുള്ളില്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. നായകനായി രോഹിത് ശര്‍മയെത്തന്നെയാണ് എല്ലാവരും കാണുന്നത്. മുംബൈയിലടക്കം ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉയര്‍ന്നു. എന്നാല്‍ രോഹിത്തിന് വലിയ പിന്തുണയും ലഭിക്കുന്നു.
സിഎസ്‌കെയ്‌ക്കെതിരേ മുംബൈ തട്ടകത്തിലാണ് തോറ്റത്. ഈ തോല്‍വി മുംബൈയുടെ അഭിമാനത്തിനേറ്റ അടിയാണ്. തോല്‍വിക്ക് കാരണക്കാരനായത് ഹാര്‍ദിക്കാണെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ശക്തമാവുന്നത്. ഇതിനിടെ പരിക്കും ഹാര്‍ദിക്കിന് തലവേദന സൃഷ്ടിക്കുന്നു. മുംബൈ നായകന്‍ പരിക്ക് മറച്ചുവെച്ചാണ് കളിക്കുന്നതെന്ന അഭ്യൂഹം മുംബൈ ടീമില്‍ നിന്ന് പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ടി20 ലോകകപ്പിലെ സ്ഥാനം പോലും ചോദ്യമുയര്‍ത്തുകയാണ്.
മാനസികമായി ഹാര്‍ദിക് തളര്‍ന്നിരിക്കുകയാണെന്ന് പറയാം. പ്രശ്‌നങ്ങളില്ലെന്ന് പറയുമ്പോഴും ഹാര്‍ദിക്കിന് മുംബൈ ടീമില്‍ പിന്തുണ ലഭിക്കുന്നില്ല. ആദ്യ മത്സരങ്ങളിലെ ആവേശം ഇപ്പോള്‍ ഹാര്‍ദിക് കളത്തില്‍ കാട്ടുന്നില്ല. ഇത് താരത്തിന്റെ ആത്മവിശ്വാസം നഷ്ടമായതിന്റെ തെളിവാണ്. പ്രതീക്ഷിച്ച പോലെ ടീം മുന്നോട്ട് പോകാത്തത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെതിരായ വിമര്‍ശനം ശക്തമാക്കുകയാണ്. ഇത്തവണ മുംബൈക്ക് പ്ലേ ഓഫിലെത്താനാവാതെ പോയാല്‍ ഹാര്‍ദിക്കിനെതിരേ വിമര്‍ശനം ഇരട്ടിക്കും.
ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് എങ്കിലും മുംബൈയിലേക്കെത്തിയതോടെ ഹാര്‍ദിക്കിന് പ്രതീക്ഷിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. നിലവിലെ മുംബൈ താരങ്ങളെ തന്റെ വരുതിയിലേക്കെത്തിക്കുക ഹാര്‍ദിക്കിന് എളുപ്പമല്ല. അടുത്ത മെഗാ ലേലത്തില്‍ രോഹിത്തടക്കം പല പ്രമുഖരും മുംബൈ ടീം വിട്ടേക്കും. അങ്ങനെ വന്നാല്‍ പുതിയൊരു ടീമായി മുംബൈയെ അടുത്ത സീസണില്‍ പ്രതീക്ഷിക്കാം.