മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എട്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സിനോട് 6 റണ്‍സിന് തോറ്റിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഉയര്‍ന്നത്. മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഹാര്‍ദിക് അപമാനിച്ചുവെന്ന തരത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
കാണികള്‍ ഹാര്‍ദിക്കിനെ കൂവുകയും നായ മൈതാനത്തെത്തിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മത്സരശേഷം രോഹിത് ശര്‍മ ഹാര്‍ദിക്കിനെ ശകാരിക്കുന്നതും സച്ചിന്‍ ടെണ്ടുല്‍ക്കറും രോഹിത്തും ജസ്പ്രീത് ബുംറയും തമ്മില്‍ ചര്‍ച്ച നടക്കുന്നതുമെല്ലാം വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. ഇപ്പോഴിതാ ഗുജറാത്തിനെതിരായ മത്സരശേഷം ഡ്രസിങ് റൂമില്‍ നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഹാര്‍ദിക് പാണ്ഡ്യ ഡ്രസിങ് റൂമില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. വിക്കറ്റ് നഷ്ടമായപ്പോള്‍ത്തന്നെ ഹാര്‍ദിക്കിന്റെ കണ്ണുനിറഞ്ഞിരുന്നു. ഡ്രസിങ് റൂമിലെ ചര്‍ച്ചക്കിടെ നിരാശ സഹിക്കാനാവാതെ ഹാര്‍ദിക് കരഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക്കിന് പൂര്‍ണ്ണ പിന്തുണ ടീം മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് എല്ലാ പിന്തുണയും പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നല്‍കുന്നു. ബാറ്റിങ് പരിശീലകന്‍ കറെന്‍ പൊള്ളാര്‍ഡും ഹാര്‍ദിക്കിനൊപ്പമാണ്.
ഗുജറാത്തിനെതിരായ മത്സരശേഷം നടത്തിയ പ്രതികരണങ്ങളിലെല്ലാം പൊള്ളാര്‍ഡ് ഹാര്‍ദിക്കിനെയാണ് പിന്തുണച്ചത്. ടീം മാനേജ്‌മെന്റിനും പരിശീലക സംഘത്തിനുമിടയില്‍ രോഹിത് ഒറ്റപ്പെട്ടുവെന്നതാണ് വസ്തുത. രോഹിത് ശര്‍മയെ സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാതങ്ങളും ജസ്പ്രീത് ബുംറയും പിന്തുണക്കുന്നുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് ഇപ്പോള്‍ രോഹിത്തിന് എതിരാണ്. രോഹിത്തിന്റെ അനാവശ്യ ഇടപെടലുകളാണ് വിവാദത്തിന് കാരണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ ആരെ എവിടെ ഫീല്‍ഡ് ചെയ്യിക്കണമെന്ന് ഹാര്‍ദിക്കിന് തീരുമാനിക്കാം. ക്യാപ്റ്റനായിരുന്നപ്പോള്‍ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ മാത്രമാണ് രോഹിത് ഫീല്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ നായകനല്ലാത്ത രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിക്കുന്നതില്‍ തെറ്റില്ലെന്നാണ് പൊള്ളാര്‍ഡടക്കം പരോക്ഷമായി പറഞ്ഞത്. ഹാര്‍ദിക് രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
ഇത് രോഹിത്തിനെ ഹാര്‍ദിക് അപമാനിച്ചതായാണ് ആരാധകര്‍ വിലയിരുത്തിയത്. ഇതോടെ വലിയ വിവാദമായി. സത്യത്തില്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക് സ്വാഭാവികമായൊരു തീരുമാനം മാത്രമാണെടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഇത്രത്തോളം വിവാദത്തിലേക്കെത്തിച്ചത് രോഹിത്താണ്. മത്സരശേഷം രോഹിത് കെട്ടിപ്പിടിച്ചപ്പോള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ഹാര്‍ദിക്കിനെ ശകാരിക്കുകയും ദേഷ്യത്തോടെ സംസാരിക്കുന്നതുമാണ് കണ്ടത്.
കൂടാതെ ഡഗൗട്ടില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി രോഹിത് സച്ചിനോടും ബുംറയോടും യുവതാരങ്ങളോടും സംസാരിച്ചിരുന്നു. ഇതും വിവാദത്തിന് കാരണമായി. ഈ പ്രശ്‌നം വലുതാക്കിയത് രോഹിത്താണെന്ന ആക്ഷേപം ടീമിനുള്ളില്‍ത്തന്നെ പലര്‍ക്കുമുണ്ട്. വരുന്ന മത്സരങ്ങളിലും ഹാര്‍ദിക്കിനെതിരേ പ്രതിഷേധമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ രോഹിത്തിനെതിരേ കൂടുതല്‍ കടുത്ത നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ട്.
രോഹിത് ശര്‍മ ഈ സീസണോടെ മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ പിന്തുണക്കാതെ ടീം മാനേജ്‌മെന്റിന് മറ്റ് വഴികളില്ല. എന്നാല്‍ രോഹിത്തുമായി പ്രത്യക്ഷ യുദ്ധത്തിന് മുംബൈ മുതിരില്ല. അതിന് കാരണം രോഹിത്തിന്റെ ആരാധക പിന്തുണയാണ്. ഹാര്‍ദിക്കിനെക്കാള്‍ ഉയര്‍ന്ന ആരാധകര്‍ രോഹിത്തിനൊപ്പമാണ്. കൂടാതെ ഇപ്പോഴും ഇന്ത്യന്‍ നായകന്‍ രോഹിത്താണ്.
അതുകൊണ്ടുതന്നെ രോഹിത്തിനെ ഒതുക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചാല്‍ വലിയ തിരിച്ചടി ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകും. എന്തായാലും ഹൈദരാബാദിനെതിരായ മത്സരത്തിലും സമാന പ്രതിഷേധം ഹാര്‍ദിക്കിനെതിരേ ഉണ്ടായാല്‍ കടുത്ത നീക്കങ്ങളിലേക്ക് മുംബൈ ടീം കടക്കാന്‍ സാധ്യത കൂടുതലാണ്.