Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് ശാപമല്ല, കപ്പ് മുംബൈ നേടില്ല! വീണ്ടും സിഎസ്‌കെയ്ക്ക്, ഈ കാരണങ്ങള്‍

ഐപിഎല്ലിന്റെ 17ാം സീസണ്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗില്‍ കപ്പടിക്കാന്‍ 10 ടീമുകളാണ് കച്ചമുറുക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം സാധ്യതയുള്ളത് രണ്ടു ഫ്രാഞ്ചൈസികള്‍ക്കാണ്. അഞ്ചു തവണ വീതം ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണിത്.

രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ കളിക്കുന്ന ആദ്യത്തെ സീസണ്‍ കൂടിയാണിത്. എന്നാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ വീണ്ടുമൊരു അങ്കത്തിനു കച്ചമുറുക്കുകയാണ്. നിലവിലെ ജേതാക്കള്‍ കൂടിയാണ് ധോണിപ്പട. അടുത്ത സീസണിലും സിഎസ്‌കെ തന്നെ ഐപിഎല്‍ കിരീടം നിലനിര്‍ത്തിയേക്കും. ഇതിന്റെ കാരണങ്ങളറിയാം.

CSK

സീസണിലെ പകുതി ലീഗ് മല്‍സരങ്ങളും ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെ കളിക്കുന്നത്. ഇതാണ് ആദ്യത്തെ കാരണം. ഈ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. സിസ്‌കെയ്ക്കാവട്ടെ രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, മോയിന്‍ അലി, മഹീഷ് തീക്ഷണ തുടങ്ങിയ മികച്ച സ്പിന്‍ നിരയുണ്ട്. കൂടാതെ സിഎസ്‌കെയുടെ റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, മിച്ചെല്‍ എന്നിവര്‍ സ്പിന്‍ ബൗളിങിനെ നന്നായി നേരിടാനും മിടുക്കരാണ്.

മധ്യനിര ബാറ്റിങ് കരുത്താണ് സിഎസ്‌കെയെ ഫേവറിറ്റാക്കുന്ന രണ്ടാമത്തെ കാര്യം. പുതുതായി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെലിനെ കൊണ്ടുവന്നത് സിഎസ്‌കെയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. കൂടാതെ മധ്യനിരയില്‍ രഹാനെ, ശിവം ദുബെ എന്നിവരുമുണ്ട്. സ്പിന്‍ ബൗളിങിനെതിരേ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള താരമാണ് മിച്ചെല്‍. ഫിനിഷിങില്‍ ജഡേജയും നായകന്‍ ധോണിയും ചേരുന്നതോടെ സിഎസ്‌കെ ഒരു കംപ്ലീറ്റ് പാക്കേജായി മാറും.

സീസണില്‍ ചില കളിക്കാരുടെ അസാന്നിധ്യം സിഎസ്‌കെയെ ബാധിക്കില്ലെന്നതാണ് മൂന്നാമത്തെ കാരണം. ഒന്നോ,രണ്ടോ പ്രധാനപ്പെട്ട കളിക്കാരെ സീസണ്‍ മുഴുവന്‍ ലഭിച്ചില്ലെങ്കിലും അതു സിഎസ്‌കെയ്ക്കു ക്ഷീണമാവില്ല. കാരണം ഇവരുടെ അഭാവം നികത്താന്‍ ശേഷിയുള്ള ബെഞ്ച് കരുത്ത് അവര്‍ക്കുണ്ട്.

MS DHONI

വിദേശ ഓള്‍റൗണ്ടര്‍ ഓപ്ഷനുകളായി രചിന്‍, മോയിന്‍, സാന്റ്‌നര്‍ എന്നിവര്‍ സിഎസ്‌കെയ്ക്കുണ്ട്. വിദേശ പേസറായി മതീശ പതിരാന, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരിലൊരാളെയും അവര്‍ക്കു തിരഞ്ഞെടുക്കാം. കൂടാതെ ഇന്ത്യന്‍ പേസര്‍മാരായി ദീപക് ചാഹറും ശര്‍ദ്ദുല്‍ ടാക്കൂറും സിഎസ്‌കെയുടെ ഭാഗമാണ്.

ഒരുപിടി ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് സിഎസ്‌കെയുടെ മറ്റൊരു പ്ലസ് പോയിന്റ്. ടി20യില്‍ ഓള്‍റൗണ്ടര്‍മാര്‍ ഏതു ടീമിനും വളരെ പ്രധാനമാണ്. രചിന്‍, മോയിന്‍, ജഡേജ എന്നിവരെല്ലാം ടോപ്പ് സെവനില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ളവരും നാലോവര്‍ വീതം ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവരുമാണ്.

ചാഹറും ടീമിലേക്കു തിരികെ കൊണ്ടുവന്ന ശര്‍ദ്ദുലും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരാണ്. ഇതു സിഎസ്‌കെ ബാറ്റിങിനു വളരെയേറേ ആഴം നല്‍കുകയും ചെയ്യുന്നു. ബൗളിങ് ഓപ്ഷനുകളുടെ കാര്യത്തില്‍ സിഎസ്‌കെയ്ക്കു അടുത്ത സീസണില്‍ ഒരു പഞ്ഞവുമുണ്ടാവില്ല.

ശക്തമായ മുന്‍നിരയാണ് സിഎസെ്‌കെയെ കിരീട ഫേവറിറ്റുകളാക്കുന്ന മറ്റൊരു കാരണം. റുതുരാജും ഡെവന്‍ കോണ്‍വേയുമാണ് സിഎസ്‌കെയുടെ ഓപ്പണിങ് ജോടികള്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനു ശക്തമായ അടിത്തറയൊരുക്കാന്‍ ഇവര്‍ക്കായിരുന്നു. മൂന്നാം നമ്പറില്‍ പുതുതായെത്തിയ രചിനു നറുക്കുവീണേക്കും. പിന്നാലെ അജിങ്ക്യ രഹാനെയും ദുബെയും മിച്ചെലുമെല്ലാമുണ്ട്.

കഴിഞ്ഞ ലേലത്തില്‍ മികച്ച ചില കളിക്കാരെ ടീമിലെത്തിക്കാനായത് സിഎസ്‌കെയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റിയിരിക്കുന്നു. രചിന്‍, മിച്ചെല്‍ എന്നിവര്‍ മാച്ച് വിന്നര്‍മാരാണെങ്കില്‍ ശര്‍ദ്ദുല്‍ കളിയില്‍ ടേണിങ് പോയിന്റുകളുണ്ടാക്കാന്‍ മിടുക്കനാണ്. ഇവര്‍ക്കൊപ്പം വഴികാട്ടിയായി ഇതിഹാസ നായകനായ ധോണി കൂടി ചേരുന്നതോടെ സിഎസ്‌കെയെ തളയ്ക്കുക മറ്റുള്ള ഒമ്പതു ടീമുകള്‍ക്കും അസാധ്യമായിരിക്കും.

Story first published: Wednesday, January 3, 2024, 11:05 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+