മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ എല്ലാവരും ഏറ്റവും ആകാംക്ഷയോടെ നോക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ തല്‍സ്ഥാനത്ത് നിയമിച്ച് ഇറങ്ങുന്ന മുംബൈക്ക് ഇത്തവണ കപ്പിലേക്കെത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിനെതിരേ വ്യാപക വിമര്‍ശനമുണ്ട്.
ടീമിനുള്ളില്‍ത്തന്നെ ഭിന്നിപ്പുണ്ടെന്നാണ് വിവരം. ഹാര്‍ദിക്കിനെ നായകനാക്കിയതോടെ മൂന്ന് ലക്ഷത്തോളം ആരാധകരാണ് ടീമിനെ അണ്‍ഫോളോ ചെയ്തത്. ഇതിന് പിന്നാലെ രോഹിത്തിന്റെ വീഡിയോയും ചിത്രങ്ങളും മുംബൈ പങ്കുവെക്കുമ്പോഴെല്ലാം രോഹിത് ശര്‍മയെന്ന കമന്റുകളാണ് ഇതിന് താഴെ നിറയുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ നായകനെന്ന നിലയില്‍ അംഗീകരിക്കാന്‍ മുംബൈ ആരാധകര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
ഇപ്പോള്‍ ആരാധകരോടായി തനിക്ക് പറയാനുള്ള കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ആരാധകരോടുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഹാര്‍ദിക്കിന്റെ വാക്കുകള്‍. 'സത്യസന്ധമായി പറയട്ടെ, ആരാധകരെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതേ സമയം മത്സരത്തിലും ടീം ആവശ്യപ്പെടുന്ന കാര്യങ്ങളിലും ശ്രദ്ധ നല്‍കേണ്ടതായുണ്ട്. നിയന്ത്രിക്കാന്‍ സാധിക്കുന്ന കാര്യങ്ങളെ നിയന്ത്രണത്തിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അതിന് സാധിക്കാത്ത കാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധ നല്‍കാറില്ല. ടീമിന് വലിയ സ്‌നേഹം നല്‍കുന്ന ആരാധകരോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പേരും പ്രശസ്തിയും അവരില്‍ നിന്നാണ് ഉണ്ടായത്. അവരുടെ അഭിപ്രായങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ആരാധകര്‍ക്ക് അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നു.' ഹാര്‍ദിക് പറഞ്ഞു. രോഹിത് ശര്‍മ മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ്. എന്നാല്‍ 2020ന് ശേഷം രോഹിത്തിന് മുംബൈയെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല.

സിഎസ്‌കെ അഞ്ച് കിരീടം നേടി മുംബൈക്ക് ഒപ്പമെത്തുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. ടീമിന്റെ ഭാവി പരിഗണിക്കുമ്പോള്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ തെറ്റ് പറയാനാവില്ല. എന്നാല്‍ രോഹിത്തിനോട് വേണ്ട ആലോചനകളില്ലാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്.
ഇതാണ് രോഹിത്തിനേയും ആരാധകരേയും കൂടുതല്‍ ചൊടിപ്പിച്ചതെന്ന് പറയാം. ഹാര്‍ദിക്കിനെപ്പോലൊരു നായകനെ മുംബൈക്ക് ആവശ്യമാണ്. അതിലുപരിയായി ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് മുംബൈ കൂടുതല്‍ ആവശ്യപ്പെടുന്നത്. മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം മുംബൈയെ പിന്നോട്ടടിച്ചിരുന്നു. ഇത്തവണ ഹാര്‍ദിക് തിരിച്ചെത്തിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും മുംബൈ ഇന്ത്യന്‍സ് ടീമിന് സാധിച്ചു.
രോഹിത്തുമായി ഇപ്പോഴും അടുത്ത ബന്ധമാണെന്നും ഏത് പ്രതിസന്ധിയിലും സഹായിക്കാന്‍ രോഹിത് തയ്യാറാണെന്നും ഹാര്‍ദിക് പറഞ്ഞു. 'എനിക്കൊരു സഹായം ആവശ്യമായി വന്നാല്‍ എപ്പോഴും എന്നെ സഹായിക്കാന്‍ രോഹിത് ശര്‍മയുണ്ടാവും. ഇന്ത്യന്‍ ടീമിലും എനിക്ക് നിരവധി സഹായങ്ങള്‍ ചെയ്തത് രോഹിത്താണ്. മുംബൈ ടീം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത് രോഹിത്തിന്റെ കീഴിലാണ്. ഈ സീസണിലുടെനീളം അദ്ദേഹത്തിന്റെ കൈ എന്റെ തോളിലുണ്ടാവുമെന്നുറപ്പാണ്' ഹാര്‍ദിക് പറഞ്ഞു.
നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നതാണ് വസ്തുത. ടീമിനുള്ളില്‍ ഭിന്നിപ്പുണ്ട്. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മയെക്കൂടാതെ ജസ്പ്രീത് ബുംറക്കും സൂര്യകുമാര്‍ യാദവിനും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇവര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഹാര്‍ദിക്കിനെ നായകനായി മുംബൈ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിന് നേരെ വലിയ വിമര്‍ശനമാണ് ഉണ്ടായത്.
പരിക്കേറ്റ സൂര്യകുമാറിന് ആദ്യത്തെ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് വിവരം. എന്തായാലും ടീമിനെ കിരീടത്തിലേക്കെത്തിക്കുക ഹാര്‍ദിക്കിന് എളുപ്പമാവില്ല. ടീമിന് പ്ലേ ഓഫില്‍ കടക്കാനാവാതെ പോയാല്‍ രോഹിത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നേക്കും.